ഹര്‍ത്താലിലെ നഷ്ടം ഏത് കണക്കില്‍ എഴുതും?

ഹര്‍ത്താലിന്റെ സ്വന്തം നാട് എന്നതിനപ്പുറം ഹര്‍ത്താല്‍ വരുത്തിവെക്കുന്ന നഷ്ടങ്ങള്‍ അതിഭീദിതമായി കല്ലുമഴ പോലെ നമുക്ക് മേല്‍ പെയ്തു തുടങ്ങിയപ്പോഴാണ് ഹര്‍ത്താല്‍ മുറിവിന്റെ ആഴം അനുഭവിച്ചറിഞ്ഞു തുടങ്ങിയത്. പഴകിയ ഈ സമരമുറ സൃഷ്ടിച്ച കൊടും വേദന കൊണ്ട് തന്നെയാകണം ഹര്‍ത്താലിനെതിരെ ഒന്നടങ്കം ആളുകള്‍ സംഘടിച്ചു തുടങ്ങിയത്.
Posted on: January 3, 2019 6:03 am | Last updated: January 2, 2019 at 11:06 pm

കേരളം ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല, ഹര്‍ത്താലുകളുടെ കൂടി സ്വന്തം നാടാണെന്ന് ഹര്‍ത്താല്‍ കുരുക്കില്‍പ്പെട്ട ഒരു വിദേശ സഞ്ചാരി പണ്ടെങ്ങോ പറഞ്ഞത് ഇപ്പോള്‍ പഴകിയ ഒരു പ്രയോഗമായാണ് കണക്കാക്കുന്നത്. ഹര്‍ത്താലിന്റെ സ്വന്തം നാട് എന്നതിനപ്പുറം ഹര്‍ത്താല്‍ വരുത്തിവെക്കുന്ന നഷ്ടങ്ങള്‍ അതിഭീദിതമായി കല്ലുമഴ പോലെ നമുക്ക് മേല്‍ പെയ്തു തുടങ്ങിയപ്പോഴാണ് ഹര്‍ത്താല്‍ മുറിവിന്റെ ആഴം അനുഭവിച്ചറിഞ്ഞു തുടങ്ങിയത്.
പഴകിയ ഈ സമരമുറ സൃഷ്ടിച്ച കൊടും വേദന കൊണ്ട് തന്നെയാകണം ഹര്‍ത്താലിനെതിരെ ഒന്നടങ്കം ആളുകള്‍ സംഘടിച്ചു തുടങ്ങിയത്. ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനും ജനജീവിതം സ്തംഭിപ്പിക്കാനും വലിയ കരുത്തുള്ളതോ ജനകീയാടിത്തറയുള്ളതോ ആയ സംഘടനകള്‍ വേണമെന്നില്ല. ആര്‍ക്കും എപ്പോഴും ആഹ്വാനം ചെയ്ത് വിജയിപ്പിക്കാന്‍ കഴിയുന്ന ഒന്നായി കേരളത്തിലെ ഹര്‍ത്താലുകള്‍ അടുത്ത കാലത്താണ് മാറിയത്. അഥവാ നമ്മള്‍ മാറ്റിയെടുത്തത്. രാഷ്ട്രീയ പ്രതിച്ഛായയോ സ്വാധീനമോ ഒന്നും ബാധകമല്ലാത്ത എത്രയോ ഹര്‍ത്താലുകള്‍ കേരളം ഇതിനകം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, വളരെ അടുത്ത കാലത്തായാണ് ഹര്‍ത്താല്‍ സൃഷ്ടിക്കുന്ന സാമ്പത്തികാഘാതം നമുക്ക് മേല്‍ വന്നു പതിച്ചു തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ പ്രളയകാല ദുരിതത്തിനു ശേഷം ഹര്‍ത്തുകള്‍ സൃഷ്ടിച്ച നഷ്ടം കനത്ത ഇരുട്ടടിയാണ് കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് മേല്‍ വന്നു പതിച്ചു കൊണ്ടിരിക്കുന്നത്.

അപ്രതീക്ഷിതമായാണ് പ്രളയം കേരളത്തിന്റെ മേല്‍ വലിയ ദുരന്തമായി പെയ്തിറങ്ങിയത്. ആ ആഘാതത്തില്‍നിന്ന് കരകയറുക അത്ര എളുപ്പമല്ലെന്ന് ആര്‍ക്കുമറിയാത്തതുമല്ല. 54 ലക്ഷം പേരെ പ്രളയക്കെടുതി ബാധിച്ചുവെന്നാണ് യു എന്‍ പഠനസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രളയം മൂലം 14 ലക്ഷം പേരെയാണ് മാറ്റിത്താമസിപ്പിക്കേണ്ടി വന്നത്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേരുടെ ശുദ്ധജല വിതരണം തകരാറിലായി. മൂന്ന് ലക്ഷത്തിലധികം കിണറുകള്‍ നശിക്കുകയോ മലിനമാവുകയോ ചെയ്തു. 1,74,500 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. എല്ലാ പ്രാഥമിക മേഖലകളും പരിഗണിച്ചാല്‍ കേരളത്തിലെ ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്ന് നഷ്ടം സംഭവിച്ചു. യു എന്‍ പഠന സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാണ്ട് 17,000 കോടി രൂപ പ്രളയബാധിത പ്രദേശങ്ങളിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത് വെല്ലുവിളികളും സാധ്യതകളും ഉയര്‍ത്തുന്നതാണ്.

ഇത്തരത്തില്‍ കനത്ത നഷ്ടം സംഭവിച്ചിടത്തു നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഹര്‍ത്താലുകള്‍ കല്ലുമഴ പോലെ ജനങ്ങള്‍ക്കു മേല്‍ വന്നു പതിക്കുന്നത്. സംസ്ഥാനത്ത് 2017ല്‍ 121 ഹര്‍ത്താലുകളും 2018ല്‍ 97 ഹര്‍ത്താലുകളും നേരിടേണ്ടിവന്നുവെന്നാണ് കണക്ക്. ഹര്‍ത്താല്‍ മൂലം സംസ്ഥാനത്തിന് ഒരു ദിവസം ഉണ്ടാകുന്ന ശരാശരി നഷ്ടം 2,000 കോടി രൂപയാണ്. ശരാശരി 100 ഹര്‍ത്താലുകള്‍ ഒരു വര്‍ഷം ഉണ്ടാകുമ്പോള്‍ വ്യാപാര വ്യവസായ ടൂറിസം മേഖലകളിലായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഹര്‍ത്താലില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം കേരളത്തിനുണ്ടായത് ഭീമമായ നഷ്ടമാണ്. ഒരു സംസ്ഥാന ഹര്‍ത്താലില്‍ 800 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. അങ്ങനെയെങ്കില്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട തുകയുടെ കണക്ക് തിട്ടപ്പെടുത്തിയാല്‍ മാത്രം നമുക്ക് തല കറങ്ങും. സര്‍ക്കാറിന്റെ പ്രതിമാസ ശമ്പളച്ചെലവ് 2,520 കോടിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട സ്ഥിതിയില്‍ ഒരു ദിവസത്തെ വേതന നഷ്ടം 84 കോടി വരും. നികുതി നഷ്ടം മാത്രം ഒരു ദിവസത്തേക്ക് 128 കോടിയായാണ് കണക്കാക്കുന്നത്. കേരളത്തിലെ ഒരു മാസത്തെ ജി എസ് ടി വരുമാനം 2,500 കോടിയാണ്. അതിനര്‍ഥം ആകെ വില്‍പ്പന മാസം 25,000 കോടിയെങ്കിലും നടക്കുന്നുണ്ടാകും. ഒരു ദിവസം മുടങ്ങുമ്പോള്‍ ഈ നഷ്ടം 1,100 കോടിയായാണ് കണക്കാക്കുന്നത്. സ്വകാര്യ–പൊതുമേഖലയുടെ മറ്റെല്ലാ നഷ്ടങ്ങളും ചേരുമ്പോള്‍ ആകെ 2,000 കോടിയുടെ ഉത്പാദന, നികുതി വരുമാന, വേതന നഷ്ടമാണ് സംഭവിക്കുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം ഏകദേശം 1.65 കോടിയോളം ആഭ്യന്തരവിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തുന്നത്. ദിവസം 70,000 പേരെങ്കിലും എത്തുന്നുണ്ട്. ഹര്‍ത്താലുകള്‍ വിനോദസഞ്ചാരമേഖലക്ക് ഒരു ദിവസം ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ട്. പ്രളയത്തിനു ശേഷം ഉണര്‍ന്നെണീക്കുന്ന വിനോദസഞ്ചാര മേഖലക്ക് അടുത്തിടെ തുടരെത്തുടരെയുണ്ടായ ഹര്‍ത്താലുകള്‍ വരുത്തി വെച്ച നഷ്ടം എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വ്യാപാരാവശ്യങ്ങള്‍ക്കായി ഒരു ദിവസം രണ്ടായിരത്തോളം കണ്ടെയ്‌നര്‍ ലോറികളാണ് വാളയാര്‍ ചുരം കടന്നു കേരളത്തിലെത്തുന്നത്. ഹര്‍ത്താലില്‍ ഇവ ഓടാതിരുന്നാലുള്ള നഷ്ടക്കണക്കും എത്ര വലുതാണെന്ന് പറയേണ്ടതില്ലല്ലോ. ഈ വര്‍ഷം ഹര്‍ത്താല്‍ മൂലം മത്സ്യബന്ധനമേഖലക്ക് ആകെയുണ്ടായ നഷ്ടം 110 കോടി രൂപയാണെന്ന് കണക്കുകള്‍ പറയുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ ബോട്ടൊന്നിന് രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപയുടെ വരെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവരും പറയുന്നു. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ ഹര്‍ത്താലുകള്‍ കാരണം പൗള്‍ട്രി മേഖലയില്‍ 350 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൗള്‍ട്രിഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് എട്ട് ലക്ഷത്തിലധികം പേര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലെടുക്കുന്ന മേഖലയാണിത്. 20,000 കോടി വാര്‍ഷിക വിറ്റുവരവുള്ള പൗള്‍ട്രി മേഖലക്ക് കഴിഞ്ഞ ഓരോ ഹര്‍ത്താല്‍ ദിനത്തിലും 12 മുതല്‍ 15 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത്.

ഉത്പാദന മേഖലയാകെ നിശ്ചലമാകുമ്പോള്‍ എത്ര തൊഴില്‍ ദിനങ്ങളാണ് നമുക്ക് നഷ്ടമാകുന്നതെന്ന് ആരെങ്കിലും കണക്കു കൂട്ടിയിട്ടുണ്ടോ? പാവപ്പെട്ട തൊഴിലാളികളുടെ കൂലി ഹര്‍ത്താലിന് ആഹ്വാനം ചെയുന്ന പാര്‍ട്ടികള്‍ കൊടുക്കാറില്ല. അവര്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളും വരുമാനവും പിന്നീട് ഒരിക്കലും തിരിച്ചുകിട്ടാറുമില്ല. വിവാഹം, മരണം, വിദേശയാത്ര, ആശുപത്രിയാത്രകള്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയെയെല്ലാം ഹര്‍ത്താല്‍ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് അറിയാത്ത കാര്യമല്ല. എന്നാല്‍, സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് എന്ത് നഷ്ടമാണ് ഹര്‍ത്താല്‍ വരുത്തി വെക്കുന്നതെന്ന് ഒരുപക്ഷേ, ഹര്‍ത്താലിന് ആഹ്വാനം നടത്തുന്ന നേതാക്കള്‍ക്ക് അറിയണമെന്നില്ല. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഹര്‍ത്താല്‍ വരുത്തിവെക്കുന്ന പ്രയാസങ്ങള്‍ പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആര്‍ക്കും മനസ്സിലാകുകയുമില്ല.

ഹര്‍ത്താലില്‍ പെട്ടുപോയ ദൂരസ്ഥലങ്ങളിലുള്ള സ്ത്രീകള്‍ വീട്ടില്‍ തിരിച്ചെത്തുന്നതിനുള്ള പ്രയാസങ്ങള്‍ അതി ഭീദിതമാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മൂന്നര മാസത്തിനുള്ളില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടത്തുന്ന ഏഴാമത്തെ ഹര്‍ത്താലാണ് ഇത്. ഇതടക്കം നാലെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. ഇതില്‍ നാല് ഹര്‍ത്താലും ശബരിമല സീസണില്‍ തന്നെയായിരുന്നുവെന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുത. ഇന്നേവരെ കേരളം കണ്ടിട്ടുള്ള ഹര്‍ത്താലുകള്‍കൊണ്ട് എന്തുഗുണമാണ് ഉണ്ടായിട്ടുള്ളതെന്നും ഹര്‍ത്താലുകളിലൂടെയും ബന്ദുകളിലൂടെയും നാം എന്തു നേടിയെന്നും ഹര്‍ത്താല്‍ നടത്തിപ്പുകാരോട് ചോദിച്ചാല്‍ അതിനവര്‍ക്ക് എന്ത് ഉത്തരമാണ് പൊതു സമൂഹത്തിനു മുന്നില്‍ നല്‍കാനാകുക.