പ്രതീക്ഷയോടെ 2019 ലേക്ക്

Posted on: January 1, 2019 7:42 pm | Last updated: January 1, 2019 at 7:42 pm

ഏവരും പ്രതീക്ഷയോടെ 2019 ലേക്ക്. പോയ വര്‍ഷം ഗള്‍ഫ് മേഖലക്ക്, വിശേഷിച്ചു വിദേശികള്‍ക്ക് മികച്ചതായിരുന്നില്ല. ആഗോള സാമ്പത്തിക മാന്ദ്യഅലയൊലികള്‍ ബാധിച്ചു. നിരവധി പേര്‍ക്ക് ജീവിതോപാധി നഷ്ടപ്പെട്ടു. സഊദി അറേബ്യയില്‍ സ്വദേശീവത്കരണം കാരണം ചെറുകിട വ്യാപാരികള്‍ പോലും എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. രാജ്യങ്ങള്‍ തമ്മിലെ അസ്വാരസ്യങ്ങള്‍ ആശങ്ക സൃഷ്ടിച്ചു. പക്ഷേ പുതുവത്സരത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ കമ്പോളം ചലനാത്മകത കൈവരിച്ചിരിക്കുന്നു.
വലിയ രാജ്യമായ സഊദി അറേബ്യയിലും ലോകത്തെ മികച്ച രാജ്യങ്ങളിലൊന്നായ യു എ ഇ യിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടിയിരിക്കുന്നു. അനേക ലക്ഷം മലയാളികളുള്ള രണ്ടു രാജ്യങ്ങളും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോവുകയാണ്. എണ്ണ വില ഉയര്‍ന്നത്, മൂല്യവര്‍ധിത നികുതി സമാഹരിച്ചത് ഗള്‍ഫ് രാജ്യങ്ങളുടെ കരുതല്‍ ധന ശേഖരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ സമാധാന ചര്‍ച്ചകളും ഉടമ്പടികളുമായി രംഗത്തുണ്ട്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ബന്ധം മുമ്പെന്നെത്തേക്കാളും ശക്തം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയിലെത്തി. ദുബൈയില്‍ രാജ്യാന്തര ഭരണകൂട ഉച്ചകോടിയില്‍ 26 രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ മോദി മുഖ്യാതിഥിയായി. ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി മലയാളികളുടെ സഹായം തേടി യു എ ഇയിലെത്തിയപ്പോള്‍ സ്വദേശി സമൂഹവും പിന്തുണ നല്‍കി. ഷാര്‍ജക്കും കേരളത്തിനുമിടയിലെ സാംസ്‌കാരിക കൊള്ളകൊടുക്കകള്‍ വര്‍ധിക്കുകയാണ്. ഇതിനെല്ലാമുപരി, ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ 2020യുടെ കാഹളം മുഴങ്ങുകയാണ്.

ഈ വര്‍ഷം യു എ ഇ യെ സംബന്ധിച്ച് അവിശ്രമ യത്‌നത്തിന്റേത്. പുതിയ ഗതാഗത സൗകര്യങ്ങളും താമസ കേന്ദ്രങ്ങളും ഒരുക്കേണ്ടതുണ്ട്. ലോകത്തിലെ ആദ്യ ഹൈപര്‍ലൂപ്പിലാണ് അബുദാബിയുടെ ശ്രദ്ധയെങ്കില്‍ മെട്രോ സംവിധാനം ദീര്‍ഘിപ്പിക്കുന്നതിലാണ് ദുബൈയുടെ ഊന്നല്‍. നിര്‍മാണ മേഖല തഴച്ചുവളരും. മാനവവിഭവശേഷി വലിയ തോതില്‍ ആവശ്യമായി വരും. ഒന്നോ രണ്ടോ തിരിച്ചടികള്‍ നേരിട്ടെങ്കിലും മലയാളികള്‍ക്ക് പ്രാമുഖ്യമുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് വാണിജ്യങ്ങള്‍ കുതിപ്പിലാണ്. ലുലു ഗ്രൂപ്പിന് കീഴില്‍ മാത്രം 50.000ത്തിലേറെ ജീവനക്കാര്‍ ആയിരിക്കുന്നു. ലുലു, റീജന്‍സ്, മദീന, കെ എം ട്രേഡിംഗ് തുടങ്ങിയ ഗ്രൂപ്പുകള്‍ നിരവധി നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളീയരെ സംബന്ധിച്ച്, പ്രളയ കാലത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന വര്‍ഷമാണ്. പ്രളയ കാലത്തു നാട്ടിലെ കുടുംബത്തെയും ഉറ്റവരെയും ഓര്‍ത്തു ഭയചകിതരായ മലയാളികള്‍ ഏറെയായിരുന്നു. ദുരിതക്കടലില്‍ നിന്ന് കയറിപ്പറ്റിയതിന്റെ ആശ്വാസത്തിലാണ് മിക്കവരും.പോരാത്തതിന്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം എല്ലാ രംഗങ്ങളിലും മുന്നില്‍. സമാധാനക്കുറവില്ല. ഇത് വിദേശ മലയാളികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. വ്യക്തിപരമായി ഓരോരുത്തര്‍ക്കും ശുഭാപ്തി വിശ്വാസം പകരുന്ന എല്ലാ സാഹചര്യവുമുണ്ട്. സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഭരണകൂടങ്ങള്‍ നടപ്പാക്കുന്നുണ്ട്. കരുതലോടെയും ധാര്‍മിക ബോധത്തോടെയും ജീവിക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചാല്‍ ക്ഷേമവും സന്തുഷ്ടിയും അപ്രാപ്യമല്ല.