ഇല്ല, നഷ്ടപ്പെട്ടിട്ടില്ല ആ ചരിത്രം

ലോസ്റ്റ് ഹിസ്റ്ററിയുടെ ആഖ്യാന ശൈലിയാണ് ഏറ്റവും ഹൃദ്യം. ഒരു നോവല്‍ പോലെ ഒഴുകുന്നൊരു ചരിത്ര പുസ്തകം. ഇത്ര മനോഹരമായി ചരിത്രം വായിച്ചതോര്‍ക്കുന്നില്ല. കണ്‍മുന്നിലെന്ന പോലെ വായനക്കാരനെ അനുഭവിപ്പിക്കുന്ന വര്‍ത്തമാന കാലത്തെ ഒരു സംഭവം മുന്നിലേക്കിട്ടാണ് ഓരോ അധ്യായവും ആരംഭിക്കുന്നത്. ഇത്തരം കഥകളില്‍ നിന്നാണ് ചരിത്രത്തിലേക്ക് മോര്‍ഗന്‍ നൂല്‍ വലിച്ചു കെട്ടുന്നത്.
പുസ്തകത്താള്‍
Posted on: January 1, 2019 5:09 pm | Last updated: January 1, 2019 at 5:11 pm

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം പ്രശസ്ത ബിസിനസ് എക്‌സിക്യൂട്ടീവിന് പ്രസംഗം തയ്യാറാക്കുന്നതിന്റെ ചുമതല അമേരിക്കന്‍ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കിള്‍ ഹാമില്‍ട്ടന്‍ മോര്‍ഗനില്‍ വന്നുചേരുന്നു. മുഖ്യ വിഷയമല്ലെങ്കിലും രാജ്യത്തെ നടുക്കിയ സംഭവത്തെ കുറിച്ച് പ്രതിപാദിക്കാതിരിക്കാന്‍ കഴിയില്ല. മുസ്‌ലിം ലോകത്തിന്റെ പാരമ്പര്യവും വര്‍ത്തമാനകാല പ്രസക്തിയും ഉള്‍പ്പെടുത്താം എന്ന നിലക്ക് അന്വേഷണം നടത്തിയ മോര്‍ഗന്‍ കണ്ടുമുട്ടുന്നത് ശാസ്ത്രവും സര്‍ഗാത്മകതയും ഒത്തിണങ്ങിയ ഒരു നാഗരികതയെയും ആശയധാരയെയുമാണ്. ഈ അന്വേഷണങ്ങളും തുടര്‍ സംഭവങ്ങളും ലോസ്റ്റ് ഹിസ്റ്ററി എന്ന പുസ്തകത്തിന്റെ രചനയിലേക്കാണ് മോര്‍ഗനെ നയിച്ചത്. ശാസ്ത്ര മേഖലയില്‍ വലിയ അടിത്തറകള്‍ പാകാന്‍ ഇസ്‌ലാമിന് ആയിട്ടുണ്ട്. എന്നാല്‍, ഒരു വലിയ സമൂഹത്തിനു മുന്നില്‍ ഇന്നുമിത് ഗോപ്യമായി കിടക്കുകയാണ്. ഈ നഷ്ട ചരിത്രത്തെ അനാവരണം ചെയ്യാനുള്ള മികവുറ്റ ശ്രമമാണ് മോര്‍ഗന്റെ ലോസ്റ്റ് ഹിസ്റ്ററി.
മുസ്‌ലിം നാഗരികതകളെ കുറിച്ചുള്ള ചര്‍ച്ചയില്‍ വിശാലമെന്ന് വിളിക്കപ്പെടുന്ന പഠനങ്ങള്‍ പോലും ക്രിസ്തുവര്‍ഷം 632 മുതല്‍ 1258ല്‍ ബഗ്ദാദിന്റെ പതനം വരെയുള്ള കാലത്തെ മാത്രമേ സ്പര്‍ശിക്കുന്നുള്ളൂവെന്നും അതില്‍ നിന്നും വിഭിന്നമായി മധ്യേഷ്യയിലും ഓട്ടോമന്‍ (ഉസ്മാനിയ്യ) തുര്‍ക്കിയിലും മുഗള്‍ ഇന്ത്യയിലുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന, പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള ശാസ്ത്രമുന്നേറ്റത്തെയാണ് ഈ കൃതി അടയാളപ്പെടുത്തുന്നത് എന്നും മോര്‍ഗന്‍ അവകാശപ്പെടുന്നുണ്ട്. പ്രാചീന ബഗ്ദാദും സ്പാനിഷ് അന്തലൂസും മുതല്‍ ദമസ്‌കസും കൈറോയും കടന്ന് ഹൈദരലിയുടെയും ടിപ്പു സുല്‍ത്താന്റെയും മൈസൂരിനെ കുറിച്ച് വരെ സംസാരിക്കുന്ന പുസ്തകം വായിച്ചു കഴിഞ്ഞാല്‍ നമുക്കത് ബോധ്യപ്പെടും.
മുസ്‌ലിംകളുടെ സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുംവിധം ശാസ്ത്ര പുരോഗതി കൈവരിക്കാന്‍ നാം ഇനിയും യുഗങ്ങള്‍ കാത്തിരിക്കേണ്ടി വരും എന്ന പ്രശസ്ത ചിന്തകന്‍ ബര്‍ണാഡ് ഷായുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് പുസ്തകം. സര്‍ജറിയും വിമാനവും ഭൂഗുരുത്വാകര്‍ഷണവുമെല്ലാം കണ്ടുപിടിക്കപ്പെട്ട ചരിത്രം പരിശോധിക്കുമ്പോള്‍ കേവലം റൈറ്റ് സഹോദരന്മാരിലും ന്യൂട്ടണിലുമൊക്കെ ചെന്നെത്തുന്നതാണ് പ്രൈമറി തലം മുതലേ വായിക്കപ്പെടുന്നത്. എന്നാല്‍, കുറേക്കൂടി നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്താണ് അവയുടെ യഥാര്‍ഥ പിറവിയെന്ന് പുസ്തകം നമ്മോട് പറയുന്നു. അവിടെ വെച്ചാണ് സ്വയം വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക് സര്‍ജറി വരെ നടത്തിയ അല്‍ സഹ്രാവി എന്ന സര്‍ജനെയും തന്റെ ഉപകരണങ്ങളുമായി ഉയരത്തില്‍ നിന്ന് പലതവണ ചാടി പരുക്കേറ്റിട്ടും വിജയം വരെ പറക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ആര്‍മന്‍ ഫിര്‍നാസിനെയും രാസ വസ്തുക്കള്‍ മുഖവും കണ്ണും പൊളിച്ചിട്ടും പിന്മാറാതെ ജീവിതം പരീക്ഷണശാലയില്‍ ചെലവഴിച്ച ജാബിര്‍ ബ്‌നു ഹയ്യാനെയും മറ്റും നാം പരിചയപ്പെടുന്നതും.
കേവലം ശാസ്ത്രം മാത്രമല്ല നഷ്ട ചരിത്രത്തിലുള്ളത്. മണ്ണിനടിയില്‍ പോയ, എന്നാല്‍ ഇസ്‌ലാമിക സമൂഹത്തിന് മാത്രം അവകാശപ്പെടാന്‍ മാത്രം കഴിയുംവിധം ഉന്നതമായ കല, സാഹിത്യം, നേതൃപാടവം, ധൈഷണിക മികവ് തുടങ്ങിയവയെയും പുസ്തകം ചര്‍ച്ചക്കെടുക്കുന്നുണ്ട്. കവിതയുടെ വശ്യമായ മേമ്പൊടിയിട്ട് സങ്കീര്‍ണമായ ശാസ്ത്രപഗ്രഥനങ്ങളെയും ഗണിത പ്രശ്‌നങ്ങളെയും ഒരു പുഷ്പം കണക്കെ സമൂഹത്തിന് പകര്‍ന്നുകൊടുത്ത ഉമര്‍ഖയ്യാമിനെ പോലെയുള്ളവര്‍, യുദ്ധമുഖത്തും കവിത പാടിയ യോദ്ധാക്കള്‍, ഏതു പ്രശ്‌നങ്ങളിലും പ്രജകളെ മികവുറ്റ സര്‍ഗഭാഷയില്‍ സംബോധന ചെയ്ത സുല്‍ത്താന്മാര്‍ തുടങ്ങി ഒട്ടേറെ അത്യത്ഭുത വ്യക്തിത്വങ്ങളെ മോര്‍ഗന്‍ നമുക്ക് മുന്നിലേക്കിട്ട് തരുന്നുണ്ട്. ഇസ്‌ലാമിന്റെ ശാദ്വലതയത്രയും നിറഞ്ഞ സൂഫിസവും (മിസ്റ്റിസം) സൂഫി കവികളുമെല്ലാം വിശദമായിത്തന്നെ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നുമുണ്ട്.
ഇത്രയും മികവുറ്റ ഒരു സംസ്‌കൃതി എവിടെയാണ് തിരോഭവിച്ചത് എന്ന ചോദ്യത്തിന് മോര്‍ഗന്‍ കണ്ടെത്തുന്ന ഉത്തരമിതാണ്: ശാസ്ത്ര പുരോഗതിക്കും വികസനത്തിനുമെല്ലാം സാമ്പത്തിക ഭദ്രത അത്യന്താപേക്ഷിതമാണ്. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടോടെ മിക്ക മുസ്‌ലിം രാജ്യങ്ങള്‍ക്കും സമ്പത്തിന്റെ സിംഹഭാഗവും പ്രതിരോധാവശ്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടി വന്നു. ഇതോടെ മറ്റ് ബൗദ്ധിക ചലനങ്ങള്‍ കുറഞ്ഞുവന്നു. ഒരു പരിധി വരെ ഈ നിഗമനം ശരിയാണെന്നത് സത്യം. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി, മഹ്മൂദ് സന്‍ഖി തുടങ്ങിയ വിജ്ഞാനപടുക്കള്‍ക്ക് ജീവിതം യുദ്ധക്കളത്തില്‍ ചെലവഴിക്കേണ്ടി വന്നതിനാല്‍ വൈജ്ഞാനികമായി നാം നേരിട്ട നഷ്ടത്തെ കൂടി ഓര്‍ക്കുമ്പോള്‍ ഇത് ബോധ്യപ്പെടുന്നു. ആന്തരികവും ബാഹ്യവുമായ ആക്രമണപ്രത്യാക്രമണങ്ങള്‍ മുസ്‌ലിം ലോകത്തെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത് എന്നത് വാസ്തവമാണല്ലോ.
എന്നാല്‍, ഇന്ന് യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഉയര്‍ന്നു വരുന്ന മുസ്‌ലിം പ്രവാസി കമ്മ്യൂണുകളുടെ വിസ്മയകരമായ മുന്നേറ്റവും ആഗോളതലത്തില്‍ തന്നെ ശാസ്ത്ര, സാഹിത്യ, ധൈഷണിക മേഖലകളിലെ മുസ്‌ലിം സാന്നിധ്യവുമെല്ലാം ഒരു പുതിയ സുവര്‍ണ കാലം പിറവിയെടുക്കുന്നതിന്റെ സൂചനയാണ് എന്ന് പ്രത്യാശിക്കുക കൂടി ചെയ്യുന്നുണ്ട് പുസ്തകം.
ലോസ്റ്റ് ഹിസ്റ്ററിയുടെ ആഖ്യാന ശൈലിയാണ് ഏറ്റവും ഹൃദ്യം. ഒരു നോവല്‍ പോലെ ഒഴുകുന്നൊരു ചരിത്ര പുസ്തകം! ഇത്ര മനോഹരമായി ചരിത്രം വായിച്ചതോര്‍ക്കുന്നില്ല. കണ്‍മുന്നിലെന്ന പോലെ വായനക്കാരനെ അനുഭവിപ്പിക്കുന്ന വര്‍ത്തമാന കാലത്തെ ഒരു സംഭവം മുന്നിലേക്കിട്ടാണ് ഓരോ അധ്യായവും ആരംഭിക്കുന്നത്. ഇത്തരം കഥകളില്‍ നിന്നാണ് ചരിത്രത്തിലേക്ക് മോര്‍ഗന്‍ നൂല്‍ വലിച്ചു കെട്ടുന്നത്.
മൂല കൃതിയുടെ ചാരുതയൊട്ടും ചോരാതെ പുസ്തകം വി ടി സന്തോഷ്‌കുമാര്‍ മൊഴിമാറ്റം നടത്തിയത് ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ പി ബി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാനൂറോളം പേജുകള്‍ വരുന്ന പുസ്തകത്തിന് 350 രൂപയാണ് വില.
.