ചാരക്കേസിലെ ചരിത്രവിധി

Posted on: January 1, 2019 3:39 pm | Last updated: January 1, 2019 at 3:43 pm

നീതിക്കുവേണ്ടി പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ 24 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍. തിരുവനന്തപുരം ഐ എസ് ആര്‍ ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം.

1995ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയിലേക്കു വരെ എത്തിച്ച പ്രമാദമായ കേസ്. വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സെപ്തംബര്‍ 14ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനുമായിരുന്നു സുപ്രീംകോടതി ഉത്തരവ്.

നീതി പീഠം ഉരുട്ടി, ഉദയകുമാറിന്റെ ഘാതകരെ

പ്രമാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 13 വര്‍ഷങ്ങള്‍ക്കു ശേഷം കോടതി വിധി വന്നപ്പോള്‍ നീതി കിട്ടിയത് ഒരമ്മയുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്. 2005 സെപ്തംബര്‍ 27നാണ് പോലീസ് കസ്റ്റഡിയില്‍ 26കാരന്‍ ഉദയകുമാര്‍ കൊലപ്പെട്ടത്. 2018 ജൂലൈ 25നാണ് കേസില്‍ സി ബി ഐ കോടതി വിധി വന്നത്. പ്രതികളായ അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു. ഒന്നും രണ്ടും പ്രതികളായ മലയിന്‍കീഴ് കമലാലയത്തില്‍ ഡി സി ആര്‍ ബി. എ എസ് ഐ. കെ ജിതകുമാര്‍, നെയ്യാറ്റിന്‍കര സ്വദേശിയും നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ.

നാണക്കേടായി വിദേശ വനിതയുടെ മരണം

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ് ലാത്‌വിയന്‍ സ്വദേശി കൊലപ്പെടാനിടയായത്. ആയുര്‍വേദ ചികിത്സക്കെത്തിയ വിദേശ വനിതയുടെ മൃതദേഹം കോവളത്തിന് സമീപം തിരുവല്ലത്ത് ചെന്തിലക്കാടുള്ള കുറ്റിക്കാട്ടില്‍ അഴുകി ജീര്‍ണിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ശേഷം, വിദേശ വനിതയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ പിന്നാലെ പോലീസ് പിടിയിലായി.