പ്രളയത്തില്‍ പകച്ചു, ഉയിര്‍ത്തെഴുന്നേറ്റു

Posted on: January 1, 2019 3:45 pm | Last updated: January 1, 2019 at 4:07 pm

ഓഖിയുടെ മുറിവുണങ്ങും മുമ്പാണ് കേരളത്തെ വിഴുങ്ങാന്‍ പ്രളയമെത്തുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ തിമിര്‍ത്ത് പെയ്തപ്പോള്‍ കേരളം പകച്ച് പോയി. പ്രയോഗത്തിനപ്പുറം പ്രവാഹമെന്ന വാക്കിന്റെ ആഴം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഉയര്‍ന്ന് പൊങ്ങിയ വെള്ളം നീന്തി ജീവിതം തിരിച്ച് പിടിച്ചവര്‍. 483 ജീവനുകളെയും കൊണ്ടായിരുന്നു പേമാരിയുടെ മടക്കം. കണ്ടെത്താന്‍ പോലും കഴിയാതെ പോയ 14 ജീവിതങ്ങള്‍ വേറെയും. നഷ്ടം 40,000 കോടി. സര്‍വമേഖലയും തകര്‍ന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളെയാണ് കാര്യമായി ബാധിച്ചത്.

അപ്പോഴും തിരിച്ചുവരവിന്റെ കേരള മോഡല്‍ ലോകത്തിന് മുന്നിലേക്ക് പകരാന്‍ മലയാളിക്ക് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും പുനര്‍നിര്‍മാണത്തിലും ഒരുമിച്ച് നിന്നു. ഏകദേശം പത്ത് ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. 13311 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. 2,43,162 വീടുകള്‍ ഭാഗികമായും. ധനസമാഹരണത്തിന് പലരീതികള്‍ അവലംബിച്ച് കേരളം പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ പിരിഞ്ഞുകിട്ടിയത് 2683.18 കോടി രൂപ.

അടിയന്തിരസഹായമായി കേന്ദ്രം 500 കോടി നല്‍കി. കേന്ദ്ര ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് 3048 കോടി രൂപ കൂടി അനുവദിച്ചു. 4700 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കാനുള്ള കേന്ദ്രാനുമതി ഇല്ലാത്തതിനാല്‍ അതിനുള്ള സാധ്യത ഇല്ലാതായി. ലോകബേങ്ക്, എ ഡി ബി തുടങ്ങിയ വിദേശ ധനകാര്യ സ്ഥാപനങ്ങളും യു എന്‍ അടക്കം മറ്റുവിദേശ ഏജന്‍സികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.