വക്കം മൗലവിയുടെ വിഷ ചികിത്സകള്‍

സോഷ്യലിസ്റ്റ്‌
Posted on: January 1, 2019 12:09 pm | Last updated: January 1, 2019 at 6:49 pm

വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി സാഹിബിന്റെ ലേഖനം നേരത്തെ വായിച്ചിരുന്നെങ്കിലും Shafeeq Vazhippara ശഫീഖ് വഴിപ്പാറയുടെ പോസ്റ്റില്‍ നിന്നാണ്, മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ എമ്മാര്‍ കിനാലൂര്‍) ആ കൗശലം മനസ്സിലായത്.

വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് ”വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക” എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബിന്റെ ലേഖനത്തിലുള്ളത്. എന്നാല്‍ അത് മുജീബുര്‍റഹ്മാന്‍ ഉദ്ധരിച്ചത് ഇങ്ങനെ: വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു. ”വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക” എന്നത് മുജീബുര്‍റഹ്മാന്‍ വിട്ടുകളഞ്ഞു.
സലഫീ – സുന്നീ സംവാദ ചരിത്രം ശ്രദ്ധിച്ചവര്‍ക്ക് ഇങ്ങനെ വിട്ടുകളയുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലുമൊന്നും അതിശയം തോന്നിക്കൊള്ളണമെന്നില്ല. (പണ്ട് ‘ല’ എന്ന അക്ഷരമായിരുന്നല്ലോ ഒരു മൗലവി വിട്ടത്. ഇപ്പോള്‍ വാക്കുകള്‍ തന്നെയായി. കുറച്ചുകൂടി കഴിഞ്ഞാല്‍ സെന്റന്‍സും പുസ്തകങ്ങളും കാണാതായിക്കൂടായ്കയില്ല.) എന്നാല്‍, എങ്ങനെയാണ് കേരള മുസ്ലിം നവോത്ഥാനത്തിന് സലഫീ വിഷബാധയേറ്റതെന്ന് മനസ്സിലാക്കാന്‍ കൂടി ഉപകരിക്കുന്നതാണ് മുജീബീന്റെ നടപടി.

ഇത് വായിച്ച് നമ്മുടെ നവോത്ഥാന നായകന്‍ നല്ലൊരു വിഷചികിത്സകന്‍ കൂടിയായിരുന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ വിചാരിക്കട്ടെ എന്നു കരുതിക്കാണണം. ഏതായാലും വക്കം മൗലവി വലിയൊരു പാമ്പ് പിടുത്തക്കാരനായിരുന്നു എന്ന് പറയാതിരുന്നത് ഭാഗ്യമായി.
വക്കം മൗലവി വിഷചികിത്സയില്‍ വിദഗ്ധനാണെന്ന് മനസ്സിലായി. അപ്പോള്‍ മുജീബുര്‍റഹ്മാന്‍ എന്തിലൊക്കെ വിധഗ്ദനാണ് എന്നാണല്ലോ അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ വ്യക്തമാക്കുന്നത്.

പലമാതിരി ആരോപണങ്ങളാല്‍ പ്രതിരോധത്തിലായ ഇന്നത്തെ അന്തരീക്ഷത്തില്‍ അല്ലെങ്കിലും കേരളത്തിലെ സലഫികള്‍ ഇങ്ങനെ ചിലതൊക്കെ വെട്ടിക്കളഞ്ഞും മായ്ച്ചുകളഞ്ഞുമല്ലാതെ എങ്ങനെയാണ് നിന്ന്പിഴക്കുക? ഇനിയും ഇറങ്ങാത്ത എത്രയെത്ര വിഷങ്ങള്‍ അവര്‍ക്ക് ഇങ്ങനെ ഇറക്കാനുണ്ടാകും? അതിന് വക്കം മൗലവിയില്ലെങ്കിലും അതിലും സമര്‍ഥരായ പിന്മുറക്കാരുണ്ടല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു സമാധാനം.