Connect with us

Techno

ഫേസ്ബുക്ക് ചോര്‍ച്ച വീണ്ടും

Published

|

Last Updated

ലോകത്തിലെ വന്‍കിട കമ്പനികള്‍ക്ക് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നുവെന്ന് വീണ്ടും റിപ്പോര്‍ട്ട്. ദി ന്യൂയോര്‍ക്ക് ടൈംസ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്. ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, യാഹു പോലുള്ള വന്‍കിട കമ്പനികള്‍ക്കാണ് ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക് കൈമാറുന്നത്. ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ആധാരമാക്കിയാണ് വന്‍കിട കമ്പനികള്‍ക്കു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതാ നയം വിട്ടുവീഴ്ച ചെയ്തതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആമസോണിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേരുകളും കോണ്ടാക്ടുകളും അവരുടെ സുഹൃത്തുക്കള്‍ മുഖാന്തിരം ശേഖരിക്കാനുള്ള അനുമതിയാണ് ഫേസ്ബുക്ക് നല്‍കിയത്. മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എന്‍ജിനാണ് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സൗഹൃദവലയങ്ങളെയും യാതൊരു അനുമതിയും കൂടാതെ കാണാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ്, സ്‌പോര്‍ട്ടിഫൈ എന്നിവര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനുള്ള അനുമതിയും നല്‍കി. യാഹുവിനും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അനുമതി ഫേസ്ബുക്ക് നല്‍കി.
ഇരുകക്ഷികള്‍ക്കും നേട്ടമുണ്ടാക്കാന്‍ പോകുന്ന തരത്തിലുള്ള കരാറുകളിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. 2.2 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഫേസ്ബുക്കിന് കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുന്നതുവഴി, പങ്കാളികളായ കമ്പനികള്‍ക്ക്, തങ്ങളുടെ പരസ്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും കൃത്യമായ ഇടങ്ങളിലെത്തിക്കാനും സാധിക്കും. സ്വകാര്യത സംബന്ധിച്ച വലിയ പ്രശ്‌നങ്ങളാണ് ഫേസ്ബുക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്.
കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫേസ്ബുക്ക് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാകുമെന്ന് ബ്രിട്ടന്‍ രഹസ്യാന്വേഷണവിഭാഗം മുന്‍ മേധാവി റോബര്‍ട്ട് ഹന്നഗന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമൂഹമാധ്യമ മേഖലയിലെ കുത്തകസ്ഥാപനമായ ഫേസ്ബുക്കിന് ഒരിക്കലും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പറ്റില്ലെന്നും സ്വകാര്യത സംരക്ഷിക്കുന്നതിനേക്കാള്‍ വിവരങ്ങള്‍ ലാഭകരമായി കൈകാര്യം ചെയ്യാനാണ് ഫേസ്ബുക്കിന് താത്പര്യമെന്നും അദ്ദേഹം ബി ബി സി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
.