നേട്ടക്കുതിപ്പില്‍ ഐ എസ് ആര്‍ ഒ

Posted on: December 31, 2018 12:11 am | Last updated: December 31, 2018 at 12:11 am

ശാസ്ത്ര സാങ്കേതിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുമായാണ് പോയ വര്‍ഷം ഐ എസ് ആര്‍ ഒ നിറഞ്ഞുനിന്നത്.

📌 ജനുവരി 12- രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി ഐ എസ് ആര്‍ ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഒറ്റ ദൗത്യത്തില്‍ പി എസ് എല്‍ വി സി 40 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

📌 സെപ്തംബര്‍ 16- ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഐ എസ് ആര്‍ ഒ വിക്ഷേപിച്ചു. യു കെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ (എസ് എസ് ടി എല്‍) നോവ എസ് എ ആര്‍, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഐ എസ് ആര്‍ ഒ വിക്ഷേപിച്ചത്.

📌 ഒക്‌ടോബര്‍ 13- ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യത്തിനുള്ള ക്രയോജനിക് എന്‍ജിന്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തീകരിച്ചു. 2019 ജനുവരി മൂന്നിനാണ് ഇന്ത്യ രണ്ടാം ചാന്ദ്ര ദൗത്യത്തിന് മുന്നിട്ടിറങ്ങുക. രണ്ടാം ചാന്ദ്ര ദൗത്യത്തിനുള്ള ജി എസ് എല്‍ വി എം കെ 111ന്റെ ക്രയോജനിക് എന്‍ജിന്‍ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്.

📌 നവംബര്‍ 14- വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 29 വിജയകരമായി ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപിച്ചത്.

📌 നവംബര്‍ 29- ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് ഉപഗ്രഹം (ഹൈസിസ്) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണത്തില്‍ ഐ എസ് ആര്‍ ഒയുടെ പുതിയ ചുവടുവെപ്പാണിത്. ബഹിരാകാശ ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന ദൃശ്യത്തിലെ പിക്‌സലുകളിലെ വര്‍ണരാജി ഉപയോഗിച്ച് ഭൂമിയിലെ വസ്തുക്കളും പ്രക്രിയകളും സൂക്ഷ്മമായി തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ്. പരിസ്ഥിതി, കാര്‍ഷിക വിളകള്‍, എണ്ണ- ധാതു പര്യവേഷണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക.

ഭൂഗര്‍ഭ, പരിസ്ഥിതി ആവശ്യങ്ങള്‍ക്ക് പുറമെ സൈനിക നിരീക്ഷണത്തിനും ഹൈസിസ് ഉപയോഗിക്കും. ഹൈസിസിനൊപ്പം അമേരിക്കയുടെ ഒരു മൈക്രോ ഉപഗ്രഹവും 21 നാനോ ഉപഗ്രഹങ്ങളും ആസ്‌ത്രേലിയ, കാനഡ, കൊളംബിയ, ഫിന്‍ലാന്‍ഡ്, മലേഷ്യ, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ മൈക്രോ നാനോ ഉപഗ്രഹങ്ങളും പി എസ് എല്‍ വി- 43 ഭ്രമണപഥത്തില്‍ എത്തിച്ചു. ഇവയില്‍ 23 എണ്ണം അമേരിക്കന്‍ ഉപഗ്രഹങ്ങളാണ്.

📌 ഡിസംബര്‍ അഞ്ച്- ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ജി സാറ്റ് 11 ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍ നിന്ന് ഐ എസ് ആര്‍ ഒ വിക്ഷേപിച്ചു. വലിയ പക്ഷി അഥവാ ബിഗ് ബേഡ് എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. 5,845 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഏരിയന്‍ സ്‌പേസ് എന്ന കമ്പനിയില്‍ നിന്ന് വാടകക്കെടുത്ത ഏരിയന്‍- അഞ്ച് റോക്കറ്റിന്റെ ചിറകിലേറിയാണ് ഭ്രമണപഥത്തിലെത്തിയത്. 600 കോടി രൂപയാണ് വിക്ഷേപണ ചെലവ്.

📌 2018 ഡിസംബര്‍ 19 – ഐ എസ് ആര്‍ ഒ നിര്‍മിച്ച മുപ്പത്തി അഞ്ചാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് 7എ ഭ്രമണപഥത്തിലെത്തി. ജി എസ് എല്‍ വി മാര്‍ക്ക് 2 റോക്കറ്റിലാണ് വിക്ഷേപിച്ചത്. വ്യോമസേനയുടെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ഇന്ത്യ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്. 2,250 കിലോഗ്രാമാണ് ഇതിന്റെ ഭാരം. വ്യോമസേനക്ക് മാത്രമായി ഐ എസ് ആര്‍ ഒ നിര്‍മിച്ച ഉപഗ്രഹമാണിത്. ബഹിരാകാശത്ത് ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സദാ നിരീക്ഷിച്ച് സുരക്ഷാ കവചമൊരുക്കാന്‍ സഹായിക്കുന്ന ഉപഗ്രഹമാണ് ജി സാറ്റ് 7 എ.

ഗഗന്‍യാന്‍

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. 2022 ഓടെ ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിക്ക് പതിനായിരം കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അനുവദിച്ചത്. മൂന്ന് യാത്രികര്‍ ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുന്ന പദ്ധതിയാണിത്.

സാങ്കേതികവിദ്യാ വികസനം, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, യാത്രികര്‍ക്ക് പരിശീലനം നല്‍കുക എന്നിവക്കെല്ലാമായാണ് പതിനായിരം കോടി രൂപ അനുവദിച്ചത്. വിവിധ ദേശീയ ഏജന്‍സികള്‍, ലബോറട്ടറികള്‍ തുടങ്ങിയവയുമായി സഹകരിച്ച് ഐ എസ് ആര്‍ ഒയാണ് പദ്ധതി നടപ്പാക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിന്റെ പൂര്‍ണ മാതൃക നാല്‍പ്പത് മാസത്തിനുള്ളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതിന് മുന്നോടിയായി യാത്രികരില്ലാത്ത വാഹനത്തിന്റെ വിക്ഷേപണം നടത്തും.

ജി എസ് എല്‍ വി മാര്‍ക്ക്- 3 വിക്ഷേപണ വാഹനം ഉപയോഗിച്ചാകും യാത്രികരെ ബഹിരാകാശത്തെത്തിക്കുക. മൂന്ന് യാത്രികര്‍ ഉള്‍ക്കൊള്ളുന്ന പേലോഡ് വഹിക്കാന്‍ ശേഷിയുള്ള വിക്ഷേപണ വാഹനം ഇതിനകം ഐ എസ് ആര്‍ ഒ വികസിപ്പിച്ചിട്ടുണ്ട്.