വിട പറയുന്ന വര്‍ഷത്തെ അടയാളപ്പെടുത്തലുകള്‍

Posted on: December 31, 2018 6:01 am | Last updated: December 30, 2018 at 10:22 pm

മത,വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള ജുഡീഷ്യറിയുടെ കടന്നുകയറ്റം, ചീഫ് ജസ്റ്റിസിന്റെ ഏകാധിപത്യത്തിനെതിരെ സഹജഡ്ജിമാരുടെ പുറപ്പാട്, മോദീ പ്രഭാവത്തിന്റെ മങ്ങല്‍, രാഹുല്‍ ഇഫക്ടിന്റെ ഉദയം, ആളിക്കത്തുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടങ്ങി അടയാളപ്പെടുത്തി വെക്കാന്‍ ഏറെയുണ്ട് വിടപറയുന്ന 2018ന്റെ കലണ്ടറില്‍. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ മോദി പ്രഭാവത്തിന് സാരമായ മങ്ങലേറ്റിരിക്കുന്നുവെന്നാണ്. മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം മോദി പ്രസംഗിച്ച മണ്ഡലങ്ങളില്‍ ചില ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ്‌പോലും നഷ്ടപ്പെട്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാര്‍ട്ടി ഉന്നത കേന്ദ്രങ്ങളില്‍ കടുത്ത ആശങ്ക പരത്തിയിട്ടുണ്ട്. അതേ സമയം ബി ജെ പിയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും എഴുതിത്തള്ളിയ രാഹുല്‍ ഗാന്ധി മികച്ച ഇമേജാണ് ഈ തിരഞ്ഞെടുപ്പികളിലൂടെ കൈവരിച്ചത്.

മുത്വലാഖിനെതിരായ കോടതി വിധിയും ശബരിമല യുവതി പ്രവേശന വിധിയും കോടതി ഉത്തരവും വന്നത് ഈ വര്‍ഷമാണ്. രണ്ടും ഭരണഘടന ഉറപ്പ് നല്‍കിയ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടലായിരുന്നു. ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും മൗലികാവകാശത്തിന്റെ കടുത്ത ലംഘനമാണ്. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ഹാദിയക്ക് നീതി നടപ്പാക്കിയെങ്കിലും ഒരു ഹൈക്കോടതിയില്‍ നിന്നും ഇത്തരം നീതിനിഷേധങ്ങളുണ്ടാകുന്നത് ഭൂഷണമല്ല. പൊതുധാര്‍മികതയെ അടിസ്ഥാനമാക്കിയാണ് ഈ വിധികളെന്നാണ് കോടതികളുടെ ന്യായീകരണം. സഹസ്രാബ്ദങ്ങളായി മതങ്ങള്‍ സംരക്ഷിച്ചു വരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും പൊതുധാര്‍മികതയുടെ പേരില്‍ തള്ളിപ്പറയാന്‍ കോടതികള്‍ ഒരുമ്പെട്ടാല്‍ മതസ്വാതന്ത്ര്യത്തിന് അനുവദിച്ച ഭരണഘടനാപരമായ ഉറപ്പിന് എന്തര്‍ഥം? സ്വവര്‍ഗരതിക്കും ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധത്തിനും കല്‍പിച്ചിരുന്ന നിയമപരമായ വിലക്ക് നീക്കിയതിലൂടെ സദാചാരത്തിന്മേലുള്ള പരമോന്ന കോടതിയുടെ കടന്നു കയറ്റവും ഈ വര്‍ഷമായിരുന്നു.

പക്ഷപാതിത്വവും നടപടകളിലെ സുതാര്യമില്ലായ്മയും ആരോപിച്ചു സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരെ മുതിര്‍ന്ന സഹജഡ്ജിമാര്‍ പരസ്യമായി രംഗത്തു വന്നത് 2018 ജനുവരിയിലായിരുന്നു. ഇത്തരമൊരു സംഭവം രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാല്‍, പ്രത്യേക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസുകള്‍ പ്രത്യേക ബെഞ്ചുകള്‍ക്ക് വിടുന്നതുള്‍പ്പെടെ കോടതി നടപടികളും വിധി പ്രസ്താവങ്ങളും പലപ്പോഴും പക്ഷംചേര്‍ന്നും ഭരിക്കുന്ന പാര്‍ട്ടികളുടെ ഇംഗിതത്തിനനുസൃതവും ആകുന്നുവെന്നാണ് ജഡ്ജിമാര്‍ തന്നെ പരാതിപ്പെട്ടത്.

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, താങ്ങുവില നിര്‍ണയത്തിലെ അപാകതകള്‍, കടക്കെണിയെ തുടര്‍ന്നുള്ള കര്‍ഷക ആത്മഹത്യകള്‍, കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കി അധികാരത്തിലേറിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കാര്‍ഷിക മേഖലയോട് കാണിക്കുന്ന നിരന്തരമായ അവഗണന തുടങ്ങിയവക്കെതിരെ വിവിധ സംസ്ഥാനത്തും രാജ്യതലസ്ഥനാത്തും ഈ വര്‍ഷം വന്‍പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. സമരങ്ങള്‍ പരാജയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവസാനം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുന്‍കൈയെടുത്ത് നടത്തിയ അനുരജ്ഞന ചര്‍ച്ചകള്‍ക്കൊടുവിലാണ് തലസ്ഥാന നഗരിയിലെ പ്രക്ഷോഭം അവസാനിച്ചത്.

നിപ്പ പകര്‍ച്ചവ്യാധിയും മഹാപ്രളയവും ശബരിമല പ്രക്ഷോഭവുമാണ് കേരളീയ കലണ്ടറില്‍ ഈ വര്‍ഷം എഴുന്നു നില്‍ക്കുന്നത്. മെയ് മാസത്തില്‍ കോഴിക്കോട് പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ട നിപ്പ വൈറസ് കേരളത്തെയാകെ ഭീതിയിലാഴ്ത്തി. സംസ്ഥാനം ഇതുവരെ കേട്ടിട്ടില്ലാത്ത അതിമാരകമായ ഈ വൈറസ് ബാധയില്‍ ഔദ്യോഗിക കണക്ക് പ്രകാരം 17 ജീവനകുള്‍ പൊലിഞ്ഞു. എങ്കിലും പ്രത്യക്ഷപ്പെട്ടു നാളുകള്‍ക്കകം രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ കേരളത്തിന് സാധിച്ചു. രോഗബാധ കാലത്ത് സംസ്ഥാന ആരോഗ്യ മേഖല പ്രകടിപ്പിച്ച കാര്യക്ഷമത പ്രശംസിക്കപ്പെടുകയും ചെയ്തു.

1924ലെ വെള്ളപ്പൊക്കത്തിന് സമാനമായ വന്‍പ്രളയത്തിനാണ് 2018 ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കേരളം സാക്ഷിയായത്. സാമ്പത്തിക നഷ്ടം കണക്കിലെടുക്കുമ്പോള്‍ ആഗോള ദുരന്തങ്ങളിലെ നാലാമത്തേതെന്ന് ലോക കാലാവസ്ഥാ സംഘടന വിലയിരുത്തിയ ഈ പ്രകൃതി ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം 483 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 31,000 കോടി രൂപയുടെ നാശനഷ്ടവും സംഭവിച്ചു. പ്രളയ കാലത്ത് കൈ മെയ് മറന്നു മലയാളികള്‍ നടത്തിയ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ ഐതിഹാസികത ലോകത്തിന് മാതൃകയാവുകയും ചെയ്തു. തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം വലിയൊരു ബാധ്യതയായി മുമ്പിലുണ്ട്.

മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ശബരിമല യുവതീ പ്രവേശത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയും അതോടനുബന്ധിച്ച പ്രക്ഷോഭവും കടന്നു വന്നത്. ആര്‍ത്തവ പ്രായക്കാരികള്‍ക്ക് പ്രവേശം നിഷേധിക്കുന്ന കാലങ്ങളായുള്ള ആചാരം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി അയ്യപ്പ ഭക്തര്‍ തുടക്കം കുറിച്ച സമരം ബി ജെ പിയും സംഘ്പരിവാറും ഏറ്റെടുത്തതോടെ പമ്പയും സമീപ പ്രദേശങ്ങളും സംഘര്‍ഷാത്മകമായി. എന്നാല്‍, രാഷ്ട്രീയ ലാക്കോടെ രംഗത്തിറങ്ങിയ ബി ജെ പിക്ക് ഈ പ്രക്ഷോഭം രാഷട്രീയമായി തിരിച്ചടിയാവുകയായിരുന്നു. പമ്പയെ കലാപഭൂമിയാക്കിയതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍ ബി ജെ പി വിട്ടു മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കയാണ്. ശബരിമല സമരം പാര്‍ട്ടി നേതൃത്വത്തിലും കടുത്ത ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.
സന്തോഷവും ദുഃഖവും നിറഞ്ഞ കുറേ ഓര്‍മകള്‍ ബാക്കി വെച്ചാണ് ഓരോ വര്‍ഷവും വിട പറയുന്നത്. സ്വപ്‌നസാക്ഷാത്കാരവും കുതിപ്പും കിതപ്പുമെല്ലാം ജീവിതയാത്രയില്‍ സാധാരണമാണ്. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയത്തിലേക്ക് കുതിക്കാനുളള പ്രചോദനമാകണം കടന്നു പോയ കാലത്തെക്കുറിച്ച സ്മരണകള്‍.