Connect with us

Ongoing News

വിധിയുടെ വര്‍ഷം; ചരിത്രം എഴുതി സുപ്രീം കോടതി

Published

|

Last Updated

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായവിധത്തിലല്ലെന്ന് വ്യക്തമാക്കി ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തിയത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കി. ജസ്റ്റിസുമാരായ ജെ ചെലമേശര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട ബി എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുന്നതിലെ ബഞ്ചിനെ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം.

വിവാദ വിധികള്‍

📌 വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള ഐ പി സി 497ാം വകുപ്പ് (അഡല്‍റ്ററി നിയമം) സുപ്രീം കോടതി റദ്ദാക്കി.

📌 ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് വ്യക്തമാക്കി അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം തടയുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്ന് (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് കണ്ട് റാദ്ദാക്കിയാണ് ഉത്തരവ്. ബഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള വിയോജന വിധിയാണെഴുതിയത്.

📌 ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിക്കൊണ്ടാണ് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്.

📌 ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നും ആധാറില്ലാത്തതിന്റെ പേരില്‍ വ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും വ്യക്തമാക്കി സുപ്രീം കോടതി. ആധാര്‍ നിയമത്തിലെ 33(2), 47, 57 വകുപ്പുകള്‍ കോടതി റദ്ദാക്കി. മൊബൈല്‍ നമ്പര്‍, ബേങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കേണ്ട. പാന്‍ കാര്‍ഡിനും നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ വേണം.

📌 പശുവിന്റെ പേരിലടക്കം നടക്കുന്ന ആള്‍ക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രത്യേക കുറ്റകൃത്യമായി നിര്‍വചിച്ചുകൊണ്ടുള്ള നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യമാണ് കോടതി മുന്നോട്ടുവെച്ചത്.

📌 പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമ പ്രകാരം നല്‍കുന്ന പരാതിയില്‍ നടപടിയെടുക്കും മുമ്പ് പ്രാഥമിക അന്വേഷണം വേണമെന്ന് സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കാനാകില്ലെന്നും വ്യക്തമാക്കിയ ഉത്തരവ് പാര്‍ലിമെന്റിനകത്തും പുറത്തും ചര്‍ച്ചയായി.

Latest