ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചു ; രക്തം നല്‍കിയ യുവാവ് ആത്മഹത്യ ചെയ്തു

Posted on: December 30, 2018 9:53 pm | Last updated: December 31, 2018 at 11:03 am

ചെന്നൈ: തന്റെ രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. എലി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ മധുരൈ രാജാജി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19കാരനാണ് മരിച്ചത്.

ബന്ധുവിനായി യുവാവ് സര്‍ക്കാര്‍ ആശുപത്രിയിലെ രക്ത ബേങ്കില്‍ രക്തം നല്‍കിയിരുന്നു. എന്നാല്‍ ഈ രക്തം ബന്ധുവിന് ഉപയോഗിച്ചിരുന്നില്ല. വിതുര നഗറിനടുത്ത സത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിക്കാണ് ഈ രക്തം കയറ്റിയത്. യുവതിക്ക് വിളര്‍ച്ച കണ്ടതിനെത്തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. എന്നാല്‍ തന്റെ രക്ത പരിശോധനയില്‍ എച്ച്‌ഐവി കണ്ടെത്തിയതിനെത്തുടര്ന്ന് യുവാവ് തന്നെ ഇക്കാര്യം ആശുപത്രി അധിക്യതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ എച്ച്‌ഐവി പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ എച്ച്‌ഐവി പകര്‍ന്നതായി കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തില്‍ മനോവിഷമത്തിലായ യുവാവ് വിഷം കഴിക്കുകയായിരുന്നു. യുവാവിന്റെ രക്തം വേണ്ട പരിശോധനകള്‍ കൂടാതെ സ്വീകരിച്ച സംഭവത്തില്‍ ആശുപത്രി അധിക്യതര്‍ ഒരു ജീവനക്കാരനെ പിരിച്ചുവിടുകയും മറ്റ് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ രക്ത ബേങ്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.