Connect with us

Articles

മതിലിനുള്ളിലെ ജാതികളും ജാതിക്കുള്ളിലെ മതിലുകളും

Published

|

Last Updated

കേരളത്തിലെ നൂറിലധികം സാമുദായിക സംഘടനകള്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ആലോചനായോഗത്തില്‍ വെച്ച് എടുത്ത തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കേരളീയ നവോത്ഥാനത്തിന്റെ ഒരു പുതിയ കാലഘട്ടം വിളംബരം ചെയ്യുന്ന വനിതാമതില്‍ തീര്‍ക്കുവാന്‍ തീരുമാനിച്ചത്. സി പി എമ്മിനെപ്പോലെ കേരളത്തില്‍ സാര്‍വത്രികമായി വേരുകളുള്ള ഒരു പ്രസ്ഥാനത്തിനു സ്വന്തം നിലയില്‍ തന്നെ വനിതകളെ മാത്രം അണിനിരത്തി ഇങ്ങനെയൊരു ആള്‍ക്കൂട്ടപ്രകടനം അനായാസം നടത്താവുന്നതേയുള്ളൂ. പാര്‍ട്ടിക്ക് പുറത്തുള്ള വിവിധ സാമുദായികസംഘടനകളുടെ പങ്കാളിത്തത്തോടുകൂടി യാഥാസ്ഥിതിക ജീര്‍ണതകള്‍ക്കെതിരെയുള്ള ഇത്തരം ഒരു പ്രതിരോധ നിര ഉയര്‍ത്തുമെന്ന് ഉറപ്പുവരുത്തുവാനുണ്ടായ സവിശേഷസാഹചര്യം കേരളീയര്‍ക്കെല്ലാം വ്യക്തമാണ്. എന്നിട്ടും ഇതിനെ വര്‍ഗ്ഗീയമതില്‍, സര്‍ക്കാര്‍ മതിലെന്നൊക്കെ ആക്ഷേപിക്കുന്നവരുടെ മനസ്സിലിരിപ്പ് അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം ഒന്നു മാത്രമാണ്. ആദ്യത്തെ ആക്ഷേപം ഹൈന്ദവേതരസംഘടനകളെ പങ്കെടുപ്പിക്കുന്നില്ല എന്നതായിരുന്നു. പിന്നെ പറഞ്ഞു സര്‍ക്കാര്‍ പണം മതിലിനായി ചെലവഴിക്കുന്നു. ഈ രണ്ടാക്ഷേപങ്ങള്‍ക്കും ഇപ്പോള്‍ അടിസ്ഥാനമില്ല. പിന്നെ പറയാനുള്ളത് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വപരമായ പങ്കാളിത്തമാണ്. ഒരേ സമയം രണ്ടു തോണികളില്‍ കാലുവെച്ചുള്ള നടേശന്റെ സഞ്ചാരം നമ്മളേറെ കണ്ടതാണ്. ഒരു തോണി മറിഞ്ഞാല്‍ അടുത്ത തോണിയില്‍ കയറി കൂടുന്നതിലുള്ള ഇദ്ദേഹത്തിന്റെ മെയ്‌വഴക്കം ഏറെ പ്രസിദ്ധമാണ്. ശബരിമലയില്‍ ആര്‍ത്തവ പ്രായം കഴിയാത്ത സ്ത്രീകള്‍ കയറണമെന്നോ കയറേണ്ടെന്നോ നടേശഗുരു ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പക്ഷേ ശബരിമല ഒരു പ്രശ്‌നമല്ല എന്നാണ് കക്ഷിയുടെ വെളിപാട്.

ഇതു പറയുമ്പോള്‍ സകലമാലോകര്‍ക്കുമറിയാം പ്രശ്‌നം ശബരിമല തന്നെയാണ്. ശബരിമല ഒരു പ്രതീകമാണ്. അവിടെ കേന്ദ്രീകരിച്ചു മുഴങ്ങിക്കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍ അയ്യപ്പഭക്തിയുടെയോ അയ്യപ്പവിരോധത്തിന്റെയൊ പ്രതിഫലനം ഒന്നുമല്ല. ഇതൊക്കെ ഓരോരുത്തരും അവരവരുടെ താത്പര്യാനുസരണം കല്‍പ്പിച്ചുകൂട്ടി പ്രചരിപ്പിക്കുന്ന നുണകള്‍ മാത്രമാണ്. മലയാളിയുടെ മനസ്സ് സന്നിധാനത്തിലേക്കുള്ള സഞ്ചാരപാതയിലെ ഏതു കാനനഭീകരതയേക്കാളും ഇരുളു നിറഞ്ഞതായിരിക്കുന്നു. ശബരിമലയിലെ കാനനഭൂമിയില്‍ വല്ല പുലിയോ കടുവായോ കാട്ടുപോത്തോ പന്നിയോ പെരുമ്പാമ്പോ അപൂര്‍വമായി പ്രത്യക്ഷപ്പെട്ടു എന്നു വരാം. ഇതിനേക്കാളെല്ലാം അപകടകാരികളായ ക്ഷുദ്രജീവികളാണ് നമ്മുടെയൊക്കെ മനസ്സില്‍ കൂടുകെട്ടിയിരിക്കുന്നത്. പതിനെട്ടാം പടി എത്രമേല്‍ വൃത്തിയുള്ളതായി സൂക്ഷിച്ചാലും അതു ചവിട്ടുന്ന മലയാളമനസ്സിന്റെ പതിനെട്ടുപടികളും മലിനവും സദാദുര്‍ഗന്ധപൂരിതവുമായിരിക്കുന്നു. എത്ര നെയ്യഭിഷേകം ചെയ്താലും ഉടനെയെങ്ങും അതു വെടിപ്പാകും എന്നു തോന്നുന്നില്ല. എങ്കില്‍ പോലും ആ വഴിക്കുള്ള നേരിയ ഒരു തുടക്കമായിരിക്കും ജനുവരി ഒന്നിലെ ഈ ഒത്തു ചേരല്‍.

നുണകളുടെ ഒരു ഭാണ്ഡക്കെട്ടു തന്നെയാണിപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത്. “വിശ്വാസികള്‍ അവിശ്വാസികള്‍ എന്നിങ്ങനെ രണ്ടു സമുദായങ്ങളേ ഇന്ന് കേരളത്തിലുള്ളൂ. ജാതിവ്യത്യാസങ്ങളൊക്കെ പഴയ കഥയാണ്. മലയാളി കൃത്യമായി മതേതരവാദിയാണ്. സകല പ്രശ്‌നങ്ങളും ഈ അവിശ്വാസികളെന്നു മുദ്രകുത്തപ്പെട്ട കമ്യൂണിസ്റ്റുകാരുടെ സൃഷ്ടിയാണ്. ഹിന്ദുക്കളെല്ലാം ഒറ്റക്കെട്ടാണ്. അവരെ ഭിന്നിപ്പിക്കാനാണ് ഇപ്പോഴത്തെ ഈ വനിതാമതില്‍” -എന്നിങ്ങനെ ഈ നുണകളെ ആകെ കൂടി സമാഹരിക്കാമെന്നു തോന്നുന്നു. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. ഇവിടുത്തെ ജാതിവ്യവസ്ഥക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. ജാതീയമായ ഉച്ചനീചത്വം ഇപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നു. അനര്‍ഹമായി കൈവരിച്ച സമ്പത്തിന്റെ അകമ്പടിയോടെ അപൂര്‍വമായി ചിലരൊക്കെ തങ്ങളൊന്നും യാതൊരു ജാതീയ വിവേചനവും നേരിടുന്നില്ല എന്നവകാശപ്പെട്ടേക്കാം. ഇത്രയേറെ സാമുദായികസംഘടനകള്‍ നിലനില്‍ക്കുന്നു എന്നത് തന്നെ കേരളം ഇന്നും ജാതികളുടെ ഒരു ഭ്രാന്താലയം ആണ് എന്നതിന്റെ തെളിവാണ്.
സമ്പത്തുകൊണ്ടും അംഗബലം കൊണ്ടും ഏറ്റവും വലിയ സാമുദായിക സംഘടനയായ എന്‍ എസ് എസ് മതിലുവിഷയത്തില്‍ പുലര്‍ത്തുന്ന നിലപാടു പരിശോധിച്ചാല്‍ തന്നെ അവര്‍ വെച്ചുപുലര്‍ത്തുന്ന ജാതിചിന്ത മറനീക്കിപുറത്തുവരും. ജാതി എന്ന വാക്കിനുപകരം സമുദായം എന്ന വാക്കുപയോഗിച്ചതു കൊണ്ടുപരിഹരിക്കാവുന്നതല്ല ഈ ചിന്ത. എന്താണീ സമുദായം? പല ഇംഗ്ലീഷ് വാക്കുകകളും മലയാളി തെറ്റായി വിവര്‍ത്തനം ചെയ്തു പ്രചരിപ്പിച്ചതിന്റെ ഉദ്ദാഹരണമാണീ “സമുദായം. സമുദായം എന്നാല്‍ ഇംഗ്ലീഷില്‍ “കമ്യൂണിറ്റി” ആണ്. ജാതീയമോ മതപരമോ ആയ വേര്‍തിരിവുകള്‍ക്കുപരി ഒരു പ്രത്യേക പ്രദേശത്തു വസിക്കുന്ന ജനങ്ങളുടെ കൂട്ടമാണ് സമുദായം. വായു, വെള്ളം, വെളിച്ചം, ഭക്ഷണശീലം, ആചാരമര്യാദകള്‍ ഇവയോരോന്നും എന്നും എവിടെയും അതാത് പ്രദേശങ്ങളുടെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസരിച്ചു വ്യത്യസ്തം ആയിരിക്കും. ഈ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സാമൂഹികശാസ്ത്രം സമുദായം അഥവാ കമ്മ്യൂണിറ്റി എന്ന പരികല്‍പ്പനയില്‍ കാര്യങ്ങളെ വ്യവഹരിക്കുന്നത്. അല്ലാതെ പരസ്പരം കെട്ടില്ലാത്തവരും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും എന്ന സങ്കുചിത സമീപനങ്ങളെ വിശേഷിപ്പിക്കാനായിട്ടല്ല. ഇന്നിപ്പോള്‍ ഓരോ സമുദായത്തിനും ഓരോ സമുദായാചാര്യന്‍, അദ്ദേഹത്തെ ചുറ്റിപറ്റി ഒരു നേതാവ്, അയാള്‍ക്കു ചുറ്റും കറങ്ങുന്ന നട്ടെല്ലില്ലാത്ത കുറെ ഉപഗ്രഹങ്ങള്‍. ഇവരുടെ കൂട്ടായ്മയുടെ തടവറയില്‍ പെട്ടു പോയ കുറെ സാധാരണ മനുഷ്യര്‍. ഇതു സമുദായങ്ങളല്ല ശുദ്ധജാതിക്കൂട്ടങ്ങള്‍ മാത്രം. യാഥാസ്ഥിതിക ഹിന്ദുമതം എന്ന സൗധം കെട്ടിപ്പടുത്തിരിക്കുന്നത് ഈ ജാതി എന്ന ഇഷ്ടികകള്‍ കൊണ്ടാണ്. പരിഷ്‌കൃതവിദ്യാഭ്യാസവും ആധുനിക ചിന്തകളും നിമിത്തം ആ ഇഷ്ടികകള്‍ ഇളകി വീഴുകയായിരുന്നു. ഈ ഇളകിവീണ ഇഷ്ടികകളെ പൂര്‍വസ്ഥാനത്ത് പ്രതിഷ്ഠിച്ച് പഴയ സവര്‍ണ ഹിന്ദുമത സംഘടനയെ പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ബി ജെ പി- സംഘപരിവാര്‍ കൂട്ടായ്മകള്‍.

ജാതീയയമായ വേര്‍തിരിവുകളോടും അര്‍ഥശൂന്യമായ അനാചാരങ്ങളോടും സന്ധിയാകാന്‍ കഴിയാതെ ഹിന്ദുത്വത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു ആദ്യം സ്വതന്ത്രരായവരായിരുന്നു ഇവിടുത്തെ ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍. ജാതി-മതഭേദമന്യെ, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് അവരെ സംഘടിപ്പിച്ചു ശക്തരാക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കള്‍ക്കു കഴിഞ്ഞു എന്നത് ഹിന്ദുത്വശക്തികളുടെ പുനര്‍ജീവന സ്വപ്‌നത്തിനു പരുക്കേല്‍പ്പിച്ച ഒരു പ്രധാന ഘടകമായി. ഈ പശ്ചാത്തലത്തിലാണ് ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ വിഭാഗങ്ങളാണ് ഹിന്ദുസമൂഹത്തിലെ താഴേ തലത്തിലുള്ള മനുഷ്യരുടെ അഭിവൃദ്ധിക്കുവിരുദ്ധമായി ശത്രുപക്ഷത്തു നില്‍ക്കുന്നവര്‍ എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചും ചെറുപ്പക്കാരുടെ മുണ്ടഴിച്ച് അവരെ കാല്‍ച്ചട്ടയിടീച്ചും കുറുവടി പിടിപ്പിച്ചും കവാത്തു നടത്തിയും എല്ലാ ഹിന്ദുക്കളും ഒന്നാണെന്ന കപടമുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്ത് സംഘ്പരിവാര്‍ രംഗം കീഴടക്കാന്‍ ശ്രമിച്ചത്. ബ്രാഹ്മണ, ക്ഷത്രിയ അധികാരവാഴ്ചകളുടെ അസംബന്ധജഡിലമായ അനുഷ്ഠാനങ്ങളെ ന്യായീകരിക്കുവാന്‍ അവര്‍ സത്യാഗ്രഹം ഇരിക്കുന്നു. അവര്‍ സ്ത്രീ-പുരുഷസമത്വം പോലെയുള്ള നവോത്ഥാന ആശയങ്ങളോടുള്ള പ്രതിഷേധം എന്ന നിലയില്‍ അയ്യപ്പജ്യോതി തെളിയിച്ചതിന്റെ അനുഭവം നമുക്കുമുമ്പിലുണ്ട്. ഹിന്ദുസമൂഹത്തിലെ അവര്‍ണവിഭാഗത്തെ അറവുശാലകളിലെക്ക് ആടിനെയെന്നതുപോലെ ആട്ടിത്തെളിക്കുന്ന കശാപ്പുകാരന്റെ ജോലിയാണ് ഇവര്‍ ചെയ്യുന്നത്. അവര്‍ ഈ ആടുകളെ കൊന്നു പാകപ്പെടുത്തി ഇവിടുത്തെ ബ്രാഹ്മണ-ക്ഷത്രിയാദികളുടെ തീന്‍ മേശയിലെ വിഭവങ്ങളാക്കാനുള്ള പുറപ്പാടിലാണ്. ഇതു തിരിച്ചറിഞ്ഞ പിന്നാക്ക സമുദായ സംഘടനകള്‍ ശബരിമലയിലെ സ്ത്രീയനുകൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒത്തുകൂടുന്നു എന്നത് ശ്ലാഘനീയമാണ്.

പിണറായി വിജയന്റെ കുലത്തൊഴില്‍ തെങ്ങു ചെത്തായിരിക്കണമെന്നുറച്ചു വിശ്വസിക്കുന്നവരാണ് ഇവിടുത്തെ ഹിന്ദുത്വവാദികള്‍. അതുകൊണ്ടല്ലേ തെങ്ങുചെത്തേണ്ടവനെ പിടിച്ചു മുഖ്യമന്ത്രിയാക്കിയതാണീ പ്രശ്‌നങ്ങള്‍ക്കു കാരണം എന്ന അര്‍ഥത്തില്‍ ജന്മഭൂമി പത്രം വഴിയും അവരുടെ ചാനല്‍ ചര്‍ച്ചകളിലൂടെയും സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രചരിപ്പിക്കുന്നത്. ഇത്തരം അന്തസ്സില്ലാത്ത പ്രചാരണങ്ങള്‍ക്കെതിരെ ഇവിടുത്തെ പ്രതിപക്ഷ നേതാവിനു പ്രതികരിക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ടെന്നാലോചിക്കണം. ഇവിടെയാണ് കേരളത്തില്‍ രൂപംകൊണ്ടിരിക്കുന്ന ജാതിക്കുശുമ്പിന്റെ ഒരു നൂതനത്രികോണം നമ്മള്‍ കാണുന്നത്. മൃദുഹിന്ദുത്വം എന്ന പഞ്ചസാരപൊതിഞ്ഞ ഗുളികയുമായി വോട്ടുബേങ്കില്‍ മാത്രം കണ്ണുനട്ട് ആചാര പക്ഷത്തുനിലയുറപ്പിച്ചിരിക്കുന്ന കേരളത്തിലെ യു ഡി എഫ്, ആ പാളയത്തിലേക്കു ചേക്കേറാന്‍ ടോക്കനെടുത്തുനില്‍ക്കുന്ന സുകുമാരന്‍ നായരുടെ എന്‍ എസ് എസ്, ആചാരസംരക്ഷണത്തിന്റെ ആശാന്‍ ചമയുന്ന എസ് എന്‍ ഡി പി യോഗത്തിന്റെ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവയാണ് ഈ ത്രികോണത്തിന്റെ മൂന്ന് കോണുകള്‍. മുഖ്യമന്ത്രിയുടെ തെങ്ങുചെത്തു പാരമ്പര്യം ഓര്‍മിപ്പിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയെ വെട്ടിലാക്കി. അദ്ദേഹവും ചേരുന്നു മതേതര മതിലില്‍ എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

മതേതരത്വം മുഖമുദ്രയാക്കിയിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സുപ്രീം കോടതി വിധിക്കെതിരെയും ആചാരസംരക്ഷണത്തിനായും ശബ്ദം ഉയര്‍ത്തുക വഴി അവരുടെ ആവനാഴിയിലെ അവസാന ആയുധമായ മൃദുഹിന്ദുത്വം എടുത്തു പ്രയോഗിക്കുകയാണ്. ബിട്ടീഷ് ഭരണവും ഇംഗ്ലീഷ് വിദ്യാഭ്യാസവും പാശ്ചാത്യ ആശയങ്ങളും ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യകിച്ച് കേരളീയ സമൂഹത്തില്‍ കൊണ്ടുവന്ന പലമാറ്റങ്ങളുടെ ആദ്യഫലമായിരുന്നു കുലത്തൊഴിലിനെ ആസ്പദമാക്കിയുള്ള ജാതിസമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങള്‍ മുതലാണ് ജാതീയമായ അടിച്ചമര്‍ത്തലുകളെ കുറിച്ച് കീഴ്ജാതിസമൂഹങ്ങള്‍ ആലോചിച്ചു തുടങ്ങുന്നതുതന്നെ. തിരുവിതാംകൂറില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ജാതിയില്‍ താണവനാണെന്ന ഒറ്റക്കാര്യം കൊണ്ടു അവസരം നിഷേധിച്ചതിനാല്‍ മദ്രാസില്‍ പോയി മെഡിക്കല്‍ വിദ്യാഭ്യാസം നല്ലനിലയില്‍ പൂര്‍ത്തീകരിച്ച് മടങ്ങി വന്ന എസ് എന്‍ ഡി പിയുടെ സ്ഥാപകനേതാവ് ഡോ. പല്‍പ്പു സ്വന്തം നാട്ടില്‍ ഒരു ജോലിക്കപേക്ഷിച്ചപ്പോള്‍ ഭരണാധികാരികളില്‍ നിന്നു ലഭിച്ച മറുപടി സ്വന്തം കുലത്തൊഴിലായ തെങ്ങു ചെത്തല്‍ ശീലിക്കാനായിരുന്നു എന്ന കാര്യം പ്രസിദ്ധമാണ്. ആ നിലയില്‍ നിന്ന് ഈഴവ സമൂഹം ഇന്ന് അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം മേല്‍ജാതിക്കാരുടെ ഏതെങ്കിലും തരത്തിലുള്ള ഔദാര്യമായിരുന്നില്ല. മറിച്ച് അവശ ജനവിഭാഗങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പായിരുന്നു. ഹിന്ദു സാഹോദര്യത്തിന്റെ വല വീശി അവര്‍ണവിഭാഗങ്ങളെ അകപ്പെടുത്താന്‍ നോക്കുന്നവര്‍ ചരിത്രത്തിന്റെ താളുകള്‍ ഒന്നു പിന്നോട്ടു മറിച്ചു നോക്കുന്നത് നന്നായിരിക്കും. “നമുക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്ന നാരായണ ഗുരുവിന് പറയേണ്ടിവന്നു. ആചാര സംരക്ഷണത്തിന്റെ ആചാര്യന്മാരായ തിരുവിതാംകൂര്‍ എന്ന പഴയ ഹൈന്ദവനാട്ടുരാജ്യം ബ്രിട്ടീഷ് അധീശ്വത്തില്‍ നിന്ന് പൂര്‍ണമായും മുക്തമായിരുന്നെങ്കില്‍ ശ്രീനാരായണ ഗുരു മറ്റൊരു ശംബുകന്‍ ആകുമായിരുന്നു.

ആരെന്തൊക്കെ നൂതന വ്യാഖ്യാനങ്ങള്‍ നല്‍കിയാലും ഹിന്ദുമതത്തിന്റെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) അടിസ്ഥാനശില വര്‍ണാശ്രമധര്‍മ വ്യവസ്ഥയാണ്. വര്‍ണവ്യവസ്ഥയുടെ സൃഷ്ടി വിരാട് പുരുഷനില്‍ നിന്നുതന്നെയാണെന്നു ഋഗ്വേദം മുതല്‍ എല്ലാ വേദഗ്രന്ഥങ്ങളും പറയുന്നു. ശ്രീകൃഷ്ണന്‍ ആണ് ഇതിന്റെ സ്രഷ്ടാവ് എന്ന് ഭഗവദ്ഗീത പറയുന്നു. ഹൈന്ദവം ഒരു മതം മാത്രമല്ല അതൊരു ജീവിതവ്യവസ്ഥകൂടിയാണ്. ഈ വ്യവസ്ഥയില്‍ ആചാരങ്ങളും അനാചാരങ്ങളും എന്ന വ്യത്യാസമൊന്നുമില്ല. ഇവയെല്ലാം ലക്ഷ്യമാക്കുന്നത് സാമൂഹിക വ്യവസ്ഥയുടെ മേല്‍ത്തട്ടില്‍ വിഹരിക്കുന്ന ഒരു ന്യൂനപക്ഷത്തിനു സുഖജീവിതം ഉറപ്പുവരുത്തലും. വര്‍ണവ്യവസ്ഥയും ആശ്രമവ്യവസ്ഥയും എന്നിങ്ങനെ രണ്ടു വ്യവസ്ഥകളാണ് ഹൈന്ദവതയുടെ പ്രാണവായു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് വര്‍ണങ്ങളും ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളുമാണ് അലംഘനീയമായ സാമൂഹികവ്യവസ്ഥ. ഇതില്‍ ബ്രാഹ്മണര്‍ക്കുമാത്രമാണ് നാല് ആശ്രമവ്യവസ്ഥകളും ബാധകമായിട്ടുള്ളത്. ക്ഷത്രിയര്‍ ആദ്യത്തെ മൂന്നാശ്രമങ്ങളേ പാലിക്കേണ്ടതുള്ളൂ. വൈശ്യര്‍- ബ്രഹ്മചര്യവും ഗാര്‍ഹസ്ഥ്യവും മാത്രം പാലിച്ചാല്‍ മതി. ശൂദ്രര്‍ക്കാകട്ടെ ഈ ഒരു ആശ്രമങ്ങള്‍ക്കും അര്‍ഹതയില്ല. എന്തുതന്നെയായാലും ശൂദ്രര്‍ ഗൃഹാസ്ഥാശ്രമമോ സന്യാസമോ പാലിച്ചുകൂടാ എന്ന് പല സ്മൃതികളും ധര്‍മ്മസൂത്രങ്ങളും അര്‍ത്ഥശങ്കക്കിടയില്ലാതെ തന്നെ പറയുന്നുണ്ട്. (വൈഖാനസധര്‍മ്മസൂത്ര 1:1 ,മഹാഭാരതം 12.61.1-2 12.6-22) സന്യാസം അഥവാ ശരിയായ അര്‍ഥത്തിലുള്ള ഈശ്വരസേവ ബ്രാഹ്മണര്‍ക്കുമാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്നു. ദേവന്‍ എല്ലാവര്‍ക്കും മീതെ, ബ്രാഹ്മണന്‍ ആ ദേവനും മീതെ. അതാണല്ലൊ ദേവഹിതം എന്തെന്നു വെളിപ്പെടുത്താനുള്ള സൂത്രവിദ്യ അറിയുന്നത് തന്ത്രിക്കുമാത്രമാണെന്നുവരുന്നത്. തന്ത്രി ബ്രാഹ്മണന്‍ മാത്രമായിരിക്കണം. ബ്രാഹ്മണരല്ലാതെ തന്ത്രവിദ്യയഭ്യസിച്ച ശൂദ്രനെ തന്ത്രി ആയി നിയമിച്ച ക്ഷേത്രത്തില്‍ ദേവനും ഇല്ല, ദേവഹിതവും ഇല്ല. അതിനാല്‍ ഭക്തന്മാര്‍ അങ്ങോട്ടുപോകേണ്ടതില്ല എന്നാണല്ലൊ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

തന്ത്രിയും രാജാവും – അഥവാ ബ്രാഹ്മണനും ക്ഷത്രിയനും എന്നും ഒരു കൈയാണ്. ജനകീയഭരണം അവരുടെ പ്രമാണിത്വത്തിന് ഇളക്കം വരുത്തിയിരിക്കുന്നു. ശബരിമല അയ്യപ്പന്‍ ആരു തന്നെയാകട്ടെ, വിഷ്ണുവോ ശിവനോ ശാസ്താവോ എന്തുതന്നെ ആയാലും ദൈവമായി ആരാധിക്കപ്പെടണമെങ്കില്‍ ഒരു തലക്കല്‍ തന്ത്രിയും മറു തലക്കല്‍ രാജാവും നില്‍ക്കണം. രാജാധികാരം ഒക്കെഅവസാനിച്ചെങ്കിലും ബ്രാഹ്മണാധികാരത്തിന് അയവൊന്നും വന്നിട്ടില്ല. അങ്ങനെയാണത്രേ ഗീതാവാക്യം. എങ്ങനെ വ്യാഖ്യാനിച്ചാലും ഒടുവില്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിക്കൊള്ളണം. മറിച്ചുള്ള ഗീതാവ്യാഖ്യാനത്തിനു ശ്രമിച്ച സ്വാമിസന്ദീപാനന്ദഗിരി എന്ന പഴയ “ഡി വൈ എഫ് ഐ സ്വാമി”ക്കുണ്ടായ അനുഭവം അറിയാമല്ലോ. അദ്ദേഹത്തിന്റെ കാറിനും ആശ്രമത്തിനും തീവെച്ചവരെക്കുറിച്ച് ആര്‍ക്കും ഒരു അറിവും ഇല്ല. പാവം സ്വാമി, അദ്ദേഹത്തെ ഇപ്പോള്‍ ഡി വൈ എഫ് ഐക്കാരും ചിന്മയാനന്ദന്മാരും സംയുക്തമായി കൈവെടിഞ്ഞെന്നാണ് തോന്നുന്നത്. ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്ന ഗീതാശ്ലോകം വ്യാഖ്യാനിക്കാന്‍ സന്ദീപാനന്ദ ഗിരിമാരും ചിന്മയാനന്ദന്‍മാരും ഒന്നും ഇത്രയേറെ പണിപ്പെട്ടതിനെ ആധുനികകാലത്തെ സാമൂഹികധാരണകളുമായി പൊരുത്തപ്പെടുത്തേണ്ടതൊന്നുമില്ല. സാക്ഷാല്‍ ശങ്കരന്‍ തന്നെ അതിനിങ്ങനെ ഒരു വ്യാഖ്യാനം ചമച്ചു നമുക്കു തന്നിട്ടുണ്ടല്ലോ. ശങ്കരന്‍ പറയുന്നു: “വിഷത്തില്‍ ജനിച്ചിരിക്കുന്ന കൃമിക്ക് വിഷം എപ്രകാരം ദോഷകരമായി ഭവിക്കുന്നില്ലയോ അപ്രകാരം തന്റെ സ്വഭാവത്തിനു അനുസൃതമായി വിധിക്കപ്പെട്ടിട്ടുള്ള കര്‍മത്തെ ചെയ്യുന്നവന്‍ പാപത്തെ പ്രാപിക്കുന്നില്ല. ജന്മലബ്ധമായ ത്രിഗുണത്വം എത്ര ദോഷത്തോടുകൂടിയതായാലും ഉപേക്ഷിച്ചുകൂടാ. ഒരുവന്‍ വിധിക്കപ്പെട്ട സഹജകര്‍മത്തെ ഉപേക്ഷിച്ചുകൂടാ. ഒരുവനു വിധിക്കപ്പെട്ട സഹജകര്‍മത്തെ ഉപേക്ഷിച്ചു കൊണ്ട് അന്യന്റെ ധര്‍മത്തെ അനുഷ്ഠിക്കുന്നുവെങ്കിലും അവന്‍ തന്റെ സഹജ ദോഷങ്ങളില്‍ നിന്നു മുക്തനാകുന്നില്ല ” (ശങ്കരസ്മൃതി 18:47-48) സാരം തന്ത്രിയുടെ മകന്‍ തന്ത്രിയാകണം, നാടുവാഴിയുടെ മകന്‍ നാടുവാഴി, തെങ്ങുകയറ്റക്കാരന്റെ മകന്‍ തെങ്ങുകയറ്റക്കാരനാകണം എന്നത് തന്നെ. ശശികല ടീച്ചര്‍ എന്ന മാളിക പുറത്തമ്മയും സുരേന്ദ്രസ്വാമിയും രാധാകൃഷ്ണസ്വാമിയും ഒക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇതേ ഗീതയും ശങ്കരസ്മൃതിയും ഒക്കെയാണ്. ഇതിലൊക്കെ ഇടപെട്ടഭിപ്രായം പറയാന്‍ അല്‍പ്പ ജ്ഞാനന്മാരായ നമുക്കൊക്കെ എന്തുകാര്യം? ജ്ഞാനാന്വേഷണവും ഇവിടെ ഒരു ജാതിയാധികാരലബ്ധിയാണല്ലൊ.

വനിതാമതില്‍ എന്തിനെന്ന് വ്യക്തമല്ലാത്തവരെ ലക്ഷ്യമാക്കിയാണ് ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചത്. പണ്ട് കൂറ്റന്‍ വൃക്ഷങ്ങളായിരുന്ന ആല്‍മരങ്ങള്‍ ഇപ്പോള്‍ മതിലുകളില്‍ പറ്റിപിടിച്ചുവളരുന്ന പാഴ് ചെടികളായി മാറിയിരിക്കുന്നു. അവ പറിച്ചെടുത്തു അനുയോജ്യമായ പാത്രങ്ങളില്‍ വളര്‍ത്തുന്നതാണ് ബോണ്‍സായി നിര്‍മാണം എന്ന കല. ഏതു കൂറ്റന്‍മരങ്ങളെയും ബോണ്‍സായി ആക്കി സ്വീകരണമുറിക്കലങ്കാരമാക്കാം. കണ്ണുകള്‍ക്കിമ്പം നല്‍കുന്ന കാഴ്ച എന്നതിനപ്പുറമുള്ള പ്രയോജനമെന്നും അതുകൊണ്ടുണ്ടാകുവാന്‍ പോകുന്നില്ല. ഇത്തരം ബോണ്‍സായികളായി മാറ്റേണ്ട പല സംഘടനകളും വ്യക്തികളും കേരളത്തില്‍ ധാരാളമുണ്ട്. ഇതുമനസ്സിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍ വേണ്ടതു വേണ്ടസമയത്തു ചെയ്താല്‍ നല്ലത്. അതിനുള്ള ഒരു തുടക്കമാകട്ടെ നവോത്ഥാനത്തിന്റെ രണ്ടാംഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനവരി ഒന്നിന്റെ വനിതാമതില്‍.

Latest