Connect with us

Ongoing News

ബുംറ പട നയിച്ചു; മെല്‍ബണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ

Published

|

Last Updated

മെല്‍ബണ്‍: ഓസീസിന്റെ അവസാന പ്രതിരോധ ശ്രമത്തിനും മഴക്കുമൊന്നും ഇന്ത്യയുടെ ചരിത്ര വിജയം തടഞ്ഞു നിര്‍ത്താനായില്ല. ജസ്പ്രീത് ബുംറയെന്ന തുരുപ്പുശീട്ടിന്റെ കിടയറ്റ നേതൃത്വത്തില്‍ നടത്തിയ പേസ് ആക്രമണത്തില്‍ പുകള്‍പെറ്റ ഓസീസ് നിര നേട്ടങ്ങളുടെ മൈതാനത്ത് തകര്‍ന്നടിഞ്ഞു. 137 റണ്‍സിനാണ് ഇന്ത്യ മെല്‍ബണില്‍ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വിജയം കുറിച്ചത്. നാലു മത്സരങ്ങളുടെ പരമ്പരയില്‍ 2-1നു മുമ്പില്‍. ഇന്നത്തെ ജയത്തോടെ ഈ മൈതാനത്ത് 37 വര്‍ഷത്തിനു ശേഷം നേടുന്ന ടെസ്റ്റ് വിജയമെന്ന തങ്ക പതക്കവും കോലിയും കൂട്ടരും സ്വന്തമാക്കി. സുനില്‍ ഗാവസ്‌കറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനു മുമ്പ് മെല്‍ബണില്‍ ജയം നേടിയത്.

399 റണ്‍സെന്ന ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ ആസ്‌ത്രേലിയ 261 റണ്‍സിന് പുറത്തായി. ഇന്ന് 4.3 ഓവര്‍ മാത്രമെ അതിനു വേണ്ടിവന്നുള്ളൂ. എട്ടാം വിക്കറ്റില്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് 39ഉം ഒമ്പതാം വിക്കറ്റില്‍ ലയണുമൊത്ത് 43ഉം റണ്‍സ് കൂട്ടിച്ചേര്‍ത്ത പാറ്റ് കമ്മിന്‍സ് (63) ഓസീസിനു വേണ്ടി തീര്‍ത്ത പ്രതിരോധം കളി അഞ്ചാം ദിവസത്തിലേക്കു നീട്ടുന്നതിനു മാത്രമെ സഹായിച്ചുള്ളൂ. ഉച്ചഭക്ഷണം വരെ മഴ കളിച്ച അവസാന ദിവസം കമ്മിന്‍സിന്റെ വിക്കറ്റ് ബുംറയും ലയണിന്റെത് ഇഷാന്ത് ശര്‍മയും സ്വന്തം അക്കൗണ്ടുകളിലാക്കി. രണ്ട് ഇന്നിംഗ്‌സുകളിലുമായി ബുംറ നേടിയത് ഒമ്പതു വിക്കറ്റുകളാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ ബുംറയും ജഡേജയും മൂന്നും ഷമിയും ഇശാന്തും രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
സ്‌കോര്‍: ഇന്ത്യ- 7/443 ഡിക്ലയേഡ്, 8/106 ഡിക്ലയേഡ്. ഓസീസ്- 151, 261. ജനുവരി മൂന്നിന് സിഡ്‌നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. ഇത് സമനിലയിലായാലും ഇന്ത്യക്കു ട്രോഫി നഷ്ടമാകില്ല. ജയിച്ചാല്‍ ആസ്‌ത്രേലിയയില്‍ ആദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയെന്ന ചരിത്ര നേട്ടം സ്വന്തമാകും.

Latest