Connect with us

Kerala

കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച് നടത്തി

Published

|

Last Updated

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ വേങ്ങരയിലെ വീട്ടിലേക്ക് ഐഎന്‍എല്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുത്വലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റ് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പോലീസ് തടഞ്ഞു.

മുത്വലാഖ് ബില്ല് ലോക്‌സഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ സഭയില്‍ ഹാജരാകാന്‍ കൂട്ടാക്കാതെ മാറിനിന്ന കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ മതേതര സമൂഹത്തോട് കൊടുംവഞ്ചനയാണ് കാട്ടിയതെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയില്‍ വ്യക്തമാക്കി.

മുമ്പ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് വേളയില്‍ വിമാനം വൈകിയെന്ന ഒഴിവ് കഴിവ് പറഞ്ഞ് ബി ജെ പിക്ക് എതിരെ വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കിയത് ആരും മറന്നിട്ടില്ല. മുസ്‌ലിംകളുടെ വ്യക്തി നിയമത്തില്‍ ഇടപെടുന്ന സുപ്രധാനമായ ബില്‍ ചര്‍ച്ചക്കെടുക്കുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിട്ടും വിവാഹ സത്കാരത്തിന് പ്രഥമ പരിഗണന നല്‍കിയ ലീഗ് നേതാവിന്റെ പ്രതിബദ്ധത എന്തിനോടാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. മുത്വലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുത്ത് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് പകരം കോണ്‍ഗ്രസ് എം പിമാര്‍ ആ സമയത്ത് ഇറങ്ങിപ്പോയത് മൃദു ഹിന്ദുത്വയുടെ വ്യക്തമായ നിദര്‍ശനമാണെന്നും ഐ എന്‍ എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest