പ്രൗഢമായി വൈസനിയം വൈജ്ഞാനിക സമ്മേളനങ്ങൾ

Posted on: December 29, 2018 10:42 am | Last updated: December 29, 2018 at 10:42 am
മഅ്ദിൻ വൈസനിയത്തോടനുബന്ധിച്ച് സ്വലാത്ത് നഗറിൽ നടന്ന ‘ഇന്ത്യ: ഭാവിയുടെ വിചാരങ്ങൾ’ ചർച്ചാ സമ്മേളനം സുപ്രീംകോടതി മുൻ ജഡ്ജ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: മഅ്ദിൻ വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വൈജ്ഞാനിക, സാംസ്‌കാരിക സമ്മേളനങ്ങളാണ് വിവിധ വേദികളിൽ നടക്കുന്നത്. രണ്ടാം ദിനമായ ഇന്നലെ ടെക്നോറിയം കാമ്പസിലെ അർമോണിയ സെന്ററിൽ രാവിലെ പത്തിന് നടന്ന ഇസ്ലാമിക് ഫൈനാൻസ് സിമ്പോസിയം പ്രൊഫ. ഹസനുദ്ദീൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് ബാങ്കിംഗ് വരുന്നതിനുമുമ്പ് ലോകത്ത് ഇരുപത് വർഷം മുന്നിൽ കണ്ട് നടപ്പിലാക്കിയ പല പദ്ധതികളും ചെറിയ സാമ്പത്തികമാന്ദ്യം കൊണ്ട് തന്നെ തകർന്നു പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പല രാജ്യങ്ങളും ഇസ്‌ലാമിക് ബാങ്കിംഗിനെ കുറിച്ച് പഠനം നടത്തുകയും നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളും ഈ സംവിധാനം നടപ്പിലാക്കിയാൽ സാമ്പത്തിക മേഖലയിൽ വൻമുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഡോ അമ്മാർ അഹ്മദ് ദുബായ് മുഖ്യാതിഥിയായിരുന്നു. എസ് എസ് കാദർ ഹാജി ബാംഗ്ലൂർ, ഡോ ശാരിക് നിസാർ, അഹ്മദ് ഇബ്രാഹിം അൽ ഹമ്മാദി യുഎഇ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ. ഷിനാജ് ശംസുദ്ദീൻ മലേഷ്യ, ഇൻസിഫ്, മുഹമ്മദ് അസ്‌ലം അക്ബർ, ഡോ. അബ്ബാസ് പനക്കൽ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം മൂന്നിന് സായിദ് ഹൗസിൽ നടന്ന ‘ഇന്ത്യ: ഭാവിയുടെ വിചാരങ്ങൾ’ ചർച്ചാ സമ്മേളനം സുപ്രീംകോടതി മുൻ ജഡ്ജ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഉദ്ഘാടനം ചെയ്തു. വർഗീയതയെ ആശ്രയിച്ച് ജനപ്രതിനിധികൾ സഭകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തെ നശിപ്പിക്കുകയാണ്. അതിൽ നിന്ന് മുക്തി നേടുമ്പോഴേ വികസന പ്രവർത്തനങ്ങൾക്ക് ഒഴുക്കുണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, കർണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദർ, ഡോ. ഫൈസാൻ മുസ്തഫ, അഡ്വ. കെ എൻ എ ഖാദർ എം. എൽ. എ, എ എൻ ഷംസീർ എം. എൽ. എ, വെങ്കിടേഷ് രാമകൃഷ്ണൻ (ഫ്രണ്ട്‌ലൈൻ മാഗസിൻ), അഡ്വ. ടി സിദ്ദീഖ്, എൻ അലി അബ്ദുള്ള, മുജീബ് വടക്കേമണ്ണ എന്നിവർ പ്രസംഗിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി മോഡറേറ്ററായി. മൻസൂർ ഹാജി ചെന്നൈ, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് ശഹീർ ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.
വൈകുന്നേരം ഏഴിന് ഹറമിലെ കാണാ കാഴ്ചകളൊരുക്കി സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച വൺ ഡേ ഇൻ ഹറം ഡോക്യുമെന്ററി പ്രദർശനം നടത്തി. ലോകത്തെ വിവിധ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ഈ ഡോക്യുമെന്റി ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കൊമ്പം മുഹമ്മദ് മുസ്ലിയാർ അധ്യക്ഷതവഹിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി പ്രാർത്ഥന നിർവഹിച്ചു. ശൈഖ് നാസർ റാഷിദ് അൽ അബ്രി  ഒമാൻ, ഹാജി ഷാഹുൽഹമീദ് ബാവൽ മലേഷ്യ,അബ്റാർ ഹുസൈൻ യു കെ മുഖ്യാതിഥിയായി. ശാഫി സഅദി ബാംഗ്ലൂർ, ടി അബ്ദുറഹ്മാൻ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ, മുസ്ലിയാർ സജീർ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ, കരീം ഹാജിക്രീയേറ്റീവ് ഗ്രൂപ്പ്, നാസർ ഹാജി അക്ബർ ട്രാവൽസ്, എം എം ഇബ്രാഹിം, ഹാരിസ് ഹാജി അൽഹിന്ദ്, സത്താർ ഹാജി റവാബി, മുഹമ്മദ് ഹാജി സഫിയ ട്രാവല്‌സ്, ഇഖ്ബാൽ ഹാജി തൈ്വബ, ഹാജി അബ്ദുൽ ഖാദർ മുംബൈ, അൻസാർ തങ്ങൾ ഉസാമ, മർക്കസ് നോളജ് സിറ്റി ഡയറക്ടർ അമീർ ഹസ്സൻ സ്വാഗതവും അശ്‌റഫ് സഖാഫി പൂപ്പലം നന്ദിയും പറഞ്ഞു.
വെകുന്നേരം എട്ടിന് നടന്ന ഖുർആൻ വിസ്മയം ശൈഖ് മുഹമ്മദ് സാലിം ബൂ സഈദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ധീൻ ബുഖാരി വളപട്ടണം പ്രാർത്ഥന നിർവ്വഹിച്ചു. ഖാരിഅ് നൂറുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. മൗലാനാ ഖാരിഅ് ത്വയ്യിബ് മളാഹിരി യുപി വിശിഷ്ടാതിഥിയായി. ഉവൈസ് ഹമീദ് ബാവൽ, ശൈഖ് സാഹിർ ഖലീഫ അലവി, ത്വാബിശ് ഡൽഹി, യഅ്ഖൂബ് ഫൈസി, സി. പി ഉബൈദുള്ള സഖാഫി, സ്വിദ്ദീഖ് സഖാഫി നേമം, ആദൂർ സഅദ് മുസ്്ലിയാർ കർണാടക, ഹൈദറൂസ് ഹാജി എറണാകുളം സംബന്ധിച്ചു. ഒ. പി അബ്്ദുസ്സമദ് സഖാഫി സ്വാഗതവും അസ്്ലം അഹ്്സനി മൂന്നിയൂർ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതിന് എജ്യൂപാർക്ക് പീസ് ലോഞ്ചിൽ നടക്കുന്ന ബിസിനസ് ബ്രഞ്ച് ടി. അബ്ദുൽവഹാബ് ഉദ്ഘാടനം ചെയ്യും. എ പി കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. പ്രശസ്ത ട്രൈനർ മധുഭാസ്‌കർ പ്രഭാഷണം നടത്തും. പത്തിന് സ്വലാത്ത് നഗറിലെ സായിദ് ഹൗസിൽ നടക്കുന്ന നോളജ് റിട്രീറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 11ന് പീസ് ലോഞ്ചിൽ നടക്കുന്ന നാഷണൽ ഡെലിഗേറ്റ് മീറ്റ് ഡോ. അൻവർ ബഗ്ദാദി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന ബ്രോസ് ആൻഡ് ബോസ് പരിപാടി ഡോ. ഹനീഫ ഉദ്ഘാടനം ചെയ്യും. മധുഭാസ്‌കർ  മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം മൂന്നിന് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന മലബാർ മൂറിംഗ്‌സ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.ടെക്‌നോറിയം പീസ് ലോഞ്ചിൽ നടക്കുന്ന ദൗറ ഇൽമിയ്യ വൈജ്ഞാനിക സദസ്സിന് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും. നാലിന് സ്വലാത്ത് നഗറിൽ നടക്കുന്ന ഖുർആൻ സമ്മേളനം ഡോ. അബ്ദുള്ള ഫദ്അഖ് സൗദി ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന ദേശീയ ഇസ്‌ലാമിക് സമ്മേളനം ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് തൻവീർ ഹാശിമി ഉദ്ഘാടനം ചെയ്യും.