ഇസ്‌ലാമിക് ബേങ്കിംഗിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടി മഅ്ദിനിൽ സിമ്പോസിയം

Posted on: December 29, 2018 10:38 am | Last updated: December 29, 2018 at 10:38 am
മലപ്പുറം: ലോകത്ത് ഇസ്‌ലാമിക് ബേങ്കിംഗിനെക്കുറിച്ചുയർന്നുവരുന്ന ആശാവഹമായ ചർച്ചകൾ സ്വാഗതാർഹമാണെന്ന് മഅ്ദിൻ വൈസനീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇസ്‌ലാമിക് ഫൈനാൻസ് സിമ്പോസിയം അഭിപ്രായപ്പെട്ടു.
മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്ലാമിക് യുനിവേഴിസിറ്റി എക്കണോമിക്‌സ് ആൻഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് തലവനും പ്രൊഫസറുമായ ഹസനുദ്ദീൻ അബ്ദുൽ അസീസ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ലോകത്ത് ആസൂത്രിതമെന്ന പ്രചാരണത്തിൽ നടപ്പിലാക്കിയ പല ബേങ്കിംഗ് സംവിധാനങ്ങളും ചെറിയ സസസാമ്പത്തിക മാന്ദ്യത്തിൽ പോലും പിടിച്ചു നിൽക്കാനാകാതെ പരാജയപ്പെട്ടിടത്ത് പരിഹാരമെന്നോണമാണ് ഇസ്‌ലാമിക് ബേങ്കിംഗിനെ ചൂണ്ടിക്കാണിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 ഇന്ത്യൻ സമ്പദ് വ്യവസ്ഥയും ആഗോള ഇസ്്ലാമിക സാമ്പത്തിക സ്ഥിതിയും എന്ന വിഷയത്തിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ ഇസ്്‌ലാമിക് ബാങ്കിംഗിന്റെ വിവിധ സാധ്യതകളെ വിദഗ്ധർ വിലയിരുത്തി. മർകസ് ശരീഅ സിറ്റി അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല മോഡറേറ്ററായ സെഷനിൽ റിസ് വി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുംബൈയിലെ പ്രൊഫസർ ഷാരിക് നിസാർ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യയിൽ ഇസ്‌ലാമിക് ബേങ്കിംഗിനോടുള്ള മുഖം തിരിച്ചു കളയൽ ഭരണകൂടം പുനരാലോചനക്ക് വിധേയമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുണിപെക്‌സ് ഇന്റർനാഷണൽ ദുബൈയുടെ ചെയർമാനും പ്രശസ്ത യു എ ഇ എഴുത്തുകാരനുമായ മിസ്റ്റർ അഹ്്മദ് ഇബ്്‌റാഹീം മുഹമ്മദ് അൽഹമ്മാദി വിവിധയിടങ്ങളിൽ നിലനിൽക്കുന്ന ഇസ്്‌ലാമിക് ബാങ്കിംഗിന്റെ സംവിധാനങ്ങളെക്കുറിച്ച് സംസാരിച്ചു. ഉച്ചക്ക് ശേഷമാരംഭിച്ച മാസ്റ്റർ പ്രസന്റേഷനിൽ മലേഷ്യൻ ഇന്റർനാഷണൽ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് ആൻഡ് മാനേജ്‌മെന്റ് സയൻസിലെ അധ്യാപകനായ ഡോ. മുഹമ്മദ് അസ്്‌ലം അക്ബർ സംവദിച്ചു. ഇസ്്‌ലാമിക ഗ്രന്ഥങ്ങളിലെ സാമ്പത്തിക വീക്ഷണങ്ങളും ശൈലിയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധ വിഷയം. ഇസ്്‌ലാമിക സാമ്പത്തിക സ്ഥിതിയുടെ വിശാലവും സൗമ്യവുമായ മുഖം അദ്ദേഹം അവതരിപ്പിച്ചു. ഇസ്്‌ലാമിക ശരീഅത്തിലുള്ള നിക്ഷേപങ്ങളെ കുറിച്ച് ഒ എം എ റശീദും ഇസ്്‌ലാമിക സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങളെ സംബന്ധിച്ച് നാഷണൽ കമ്മിറ്റി ഇസ്്‌ലാമിക് ബാങ്കിംഗ് ചെയർമാൻ ഡോ. അബ്ദു റഖീബും പ്രബന്ധം അവതരിപ്പിച്ചു. മർകസ് യു എ ഇ അക്കാദമിക് കോർഡിനേറ്റർ ഡോ. നാസർ വാണിയമ്പലം സമാപന പ്രഭാഷണം നടത്തി. മഅ്ദിൻ അക്കാദമിക് ഡയറക്ടർ അബ്ബാസ് പനക്കൽ  സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജുനൈദ് അലി കെ നന്ദിയും പറഞ്ഞു.