ഹറമിലെ കാണാ കാഴ്ചകളുമായി വൺ ഡേ ഇൻ ഹറം പ്രദർശനം

Posted on: December 29, 2018 10:34 am | Last updated: December 29, 2018 at 10:34 am
വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൺഡേ ഇൻ ഹറം ഡോക്യുമെന്ററി പ്രദർശനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ ദൃശ്യങ്ങളുമായി വൺ ഡേ ഇൻ ഹറം ഡോക്യുമെന്ററി സ്വലാത്ത് നഗറിൽ പ്രദർശിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി പ്രദർശനം നടത്തുന്ന ഡോക്യുമെന്ററി വൈസനിയം സമ്മേളനത്തിന്റെ ഭാഗമായാണ് സ്വലാത്ത് നഗറിൽ പ്രദർശിപ്പിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കൊമ്പം മുഹമ്മദ് മുസ്ലിയാർ അധ്യക്ഷതവഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി പ്രാർത്ഥന നിർവഹിച്ചു. ഡോക്യുമെന്ററി ഡയറക്ടർ അബ്റാർ ഹുസൈൻ യു കെ മുഖ്യാതിഥിയായി.

ഹറം പള്ളിയുടെ മാനേജ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെ നിർമിച്ച 82 മിനുട്ട് ദൈർഘ്യമുള്ള ഫിലിം നിർമിച്ചത് പ്രശസ്ത ബ്രിട്ടീഷ് സംവിധായകനായ അബ്‌റാർ ഹുസൈൻ ആണ്. രണ്ട് കോടിയോളം രൂപയാണ് ചിലവ്. യു.എസ്, യു.കെ, ഗൾഫ് രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിലെല്ലാം നിറഞ്ഞ സദസ്സിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.
മക്ക-മദീന പള്ളികളുടെ ചുമതല കൂടി വഹിക്കുന്ന മക്ക ഇമാം ശൈഖ് സുദൈസാണ് ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നത്. സാധാരണക്കാർക്ക് അപ്രാപ്യമായതും മനുഷ്യ ദൃഷ്ടികൾക്ക് ഒപ്പിയെടുക്കാനാവാത്തതുമായ ഫ്രൈമുകളാണ് ഇതിന്റെ പ്രത്യേകത. ഹെലികോപ്ടർ, ഹെലി ക്യാം എന്നിവയും അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുമുപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ പലതും വിശ്വാസി മനസ്സുകളെ പുണ്യ ഹറമിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സംസം കിണറിന്റെ ഉൾ ഭാഗത്തേക്ക് ഹെലി ക്യാം പറത്തിയെടുത്ത ദൃശ്യങ്ങളും നഗ്ന നേതൃങ്ങൾക്ക് പകർത്താനാവാത്ത ഹജറുൽ അസ്‌വദിന്റെ കാഴ്ചയും ആരെയും പിടിച്ചിരുത്തുന്നതാണ്.
ഹറമിലെ ജോലിക്കാരിലൂടെ പുണ്യ ഗേഹത്തിന്റെ കഥ പറയുന്നുവെന്നതാണ് ഡോക്യുമെന്ററിക്ക് സംവിധായകൻ അബ്‌റാർ ഹുസൈൻ നൽകുന്ന വിശദീകരണം. സുബ്ഹി നിസ്‌കാരത്തിനു മുന്നേ തുടങ്ങുന്ന ഫിലിം അവസാനിക്കുന്നത് ഇശാ നിസ്‌കാരത്തോടെയാണ്. വെയിലിന്റെ ചലനങ്ങൾക്കൊപ്പം ഹറമിലെ വിവിധ വകുപ്പുകൾ വിശ്വാസികൾക്ക് ഒരുക്കുന്ന സംവിധാനങ്ങളും വെള്ളിയാഴ്ച ഖുതുബയുമെല്ലാം ചേർത്ത് ഹറമിലെത്തിയവർക്കും പോകാത്തവർക്കും ഒരു പോലെ വിസ്മയമാകുന്നു ഹറമിലെ ഒരു ദിനം.
ശൈഖ് നാസർ റാഷിദ് അൽ അബ്രി ഒമാൻ, ഹാജി ഷാഹുൽഹമീദ് ബാവൽ മലേഷ്യ, ശാഫി സഅദി ബാംഗ്ലൂർ, ടി അബ്ദുറഹ്മാൻ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ, മുസ്ലിയാർ സജീർ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ, കരീം ഹാജിക്രീയേറ്റീവ് ഗ്രൂപ്പ്, നാസർ ഹാജി അക്ബർ ട്രാവൽസ്, എം എം ഇബ്രാഹിം, ഹാരിസ് ഹാജി അൽഹിന്ദ്, സത്താർ ഹാജി റവാബി, മുഹമ്മദ് ഹാജി സഫിയ ട്രാവല്‌സ്, ഇഖ്ബാൽ ഹാജി തൈ്വബ, ഹാജി അബ്ദുൽ ഖാദർ മുംബൈ, അൻസാർ തങ്ങൾ ഉസാമ, മർക്കസ് നോളജ് സിറ്റി ഡയറക്ടർ അമീർ ഹസ്സൻ സ്വാഗതവും അശ്‌റഫ് സഖാഫി പൂപ്പലം നന്ദിയും പറഞ്ഞു.