സാമൂഹിക അബോധത്തില്‍ ജാതി ഭീകരത പതുങ്ങിയിരിപ്പുണ്ട്

സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ബഹുജന പ്രവര്‍ത്തനത്തിന്റെയുമൊക്കെ ഇടപെടലിന്റെ ഭാഗമായി, ജാതിയുടെ പ്രത്യക്ഷത്തിലുള്ള ദംഷ്ട്രകളും തേറ്റകളും പൊതുവില്‍ പ്രകടമാകാത്ത ഒരവസ്ഥയാണ് കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം, പുറത്തെ ദംഷ്ട്രകളും തേറ്റകളും കൊഴിഞ്ഞു എന്നത് കൊണ്ട് അകത്ത് ജാതി സംബന്ധമായി മുന്‍വിധികളും അതില്‍ നിന്ന് രൂപപ്പെടുന്ന വെറുപ്പും പകയും അപ്രത്യക്ഷമായി എന്ന് കരുതാന്‍ പറ്റില്ല. കേരളത്തിന്റെ സാമൂഹിക അബോധത്തില്‍ തക്കംപാര്‍ത്ത് പതുങ്ങിക്കഴിയുന്ന ജാതി ഭീകരത തരം കിട്ടുമ്പോള്‍ അതിന്റെ അസ്സല്‍ സ്വഭാവം പ്രകടിപ്പിക്കും. ഒരു ഭാഗത്ത് ജാതി ഭീകരതയും മറുഭാഗത്ത് മതനിരപേക്ഷതയും വേര്‍തിരിയുന്ന ഒരു മതില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ പരിഭ്രാന്തരായ ജാതിമേല്‍ക്കോയ്മയുടെ അബോധമാണ് ഒരു കാര്‍ട്ടൂണ്‍ വഴി, യാദൃച്ഛികമെന്ന് തോന്നുമാറ്, എന്നാല്‍ ഒട്ടും യാദൃച്ഛികമല്ലാതെ പുറത്തുവന്നത്.
Posted on: December 29, 2018 10:09 am | Last updated: December 29, 2018 at 10:09 am

ജാതി എന്നത് പൊതുവില്‍ പലരും കരുതുന്നത് പോലെ ഒരു സാമൂഹിക സംവിധാനമല്ല. മറിച്ച്, തുല്യതകളില്ലാത്ത ഒരു സാമൂഹിക മര്‍ദന സംവിധാനമാണ്. ജാതിക്ക് സമം ജാതി മാത്രമാണ് ലോകത്തുള്ളത്. വിവിധ തരം മേല്‍ക്കോയ്മകളിലൂടെ മനുഷ്യസമൂഹം കടന്നുപോയിട്ടുണ്ട്. ആ മേല്‍ക്കോയ്മകളെയൊക്കെ പൂര്‍ണമായോ ഭാഗികമായോ മനുഷ്യ സമൂഹം മറികടന്നിട്ടുമുണ്ട്. എന്നാല്‍, മനുഷ്യസമൂഹത്തിന് മറികടക്കാനാകാത്ത വിധം ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളെയും വഴി തടയുന്ന ഒരു ഭീകര സാന്നിധ്യമാണ് സത്യത്തില്‍ ജാതി. സാമൂഹിക പരിഷ്‌കാരത്തിന്റെ സ്വര്‍ഗത്തിലേക്കുള്ള പാത അത്യന്തം ദുഷ്‌കരമായിരിക്കുമെന്നും നമ്മുടെ ജനാധിപത്യത്തിന്റെ വഴി തടയുന്ന ഭീകര രാക്ഷസനാണ് ജാതിയെന്നും അംബേദ്കര്‍ കൃത്യമായി പറയുന്നുണ്ട്. അദ്ദേഹം ഇത്ര കൂടി ഓര്‍മിപ്പിക്കുന്നു: റോമിലെ അടിമക്ക് നിയമം നീതി നിഷേധിച്ചപ്പോള്‍ അവിടുത്തെ മതം ആ നീതി നിഷേധിക്കുകയുണ്ടായില്ല. എന്നാല്‍, ഇന്ത്യയില്‍ അധഃസ്ഥിതമാക്കപ്പെട്ട വലിയൊരു സമൂഹത്തിന് നിയമം മാത്രമല്ല, ഇവിടുത്തെ ബ്രാഹ്മണ മതവും നീതി നിഷേധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് സമാനതകളില്ലാത്ത മര്‍ദന സംവിധാനം എന്ന നിലയില്‍ ജാതിയെ മനസ്സിലാക്കണം. ഇതിന് പകരം, ഒരു സാമൂഹിക സംവിധാനം എന്ന നിലയില്‍ പലരും ജാതിയെ സ്വാംശീകരിക്കുന്നത് അസംബന്ധമാണ്.

ഹോ, ജാതിയിലെന്തിരിക്കുന്നു എന്ന നിസ്സാര ഭാവമാണ് ജനാധിപത്യ വാദികള്‍ പോലും സ്വീകരിച്ചിരിക്കുന്നത്. നവോത്ഥാന പ്രവര്‍ത്തനത്തിന്റെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും ബഹുജന പ്രവര്‍ത്തനത്തിന്റെയുമൊക്കെ ഇടപെടലിന്റെ ഭാഗമായി, ജാതിയുടെ പ്രത്യക്ഷത്തിലുള്ള ദംഷ്ട്രകളും തേറ്റകളും പൊതുവില്‍ പ്രകടമാകാത്ത ഒരവസ്ഥയാണ് കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അത് കേരളം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ പ്രതിഫലനമാണ്. അതേസമയം, പുറത്തെ ദംഷ്ട്രകളും തേറ്റകളും കൊഴിഞ്ഞു എന്നത് കൊണ്ട് അകത്ത് ജാതി സംബന്ധമായി മുന്‍വിധികളും അതില്‍ നിന്ന് രൂപപ്പെടുന്ന വെറുപ്പും പകയും അപ്രത്യക്ഷമായി എന്ന് കരുതാന്‍ പറ്റില്ല. കേരളത്തിന്റെ സാമൂഹിക അബോധത്തില്‍ തക്കംപാര്‍ത്ത് പതുങ്ങിക്കഴിയുന്ന ജാതി ഭീകരത തരം കിട്ടുമ്പോള്‍ അതിന്റെ അസ്സല്‍ സ്വഭാവം പ്രകടിപ്പിക്കും. കേരളത്തില്‍ ഒരു ഭാഗത്ത് ജാതി ഭീകരതയും മറുഭാഗത്ത് മതനിരപേക്ഷതയും വേര്‍തിരിയുന്ന ഒരു മതില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ പരിഭ്രാന്തരായിട്ടുള്ള ജാതിമേല്‍ക്കോയ്മയുടെ അബോധമാണ് ഒരു കാര്‍ട്ടൂണ്‍ വഴി, യാദൃച്ഛികമെന്ന് തോന്നുമാറ്, എന്നാല്‍ ഒട്ടും യാദൃച്ഛികമല്ലാതെ പുറത്തുവന്നത്. ഇത് ഒറ്റപ്പെട്ട ഒന്നല്ല എന്ന് കാണാം. പല സമയങ്ങളിലായി പല ഭാഗത്തും ഫാസിസം നടത്തിയിട്ടുള്ള പ്രകോപനപരമായ പ്രസ്താവനകള്‍, ആക്രോഷങ്ങള്‍, എന്തിന് നാമജപത്തെ പോലും ഒരു നാമഅലര്‍ച്ചയായി രൂപാന്തരപ്പെടുത്തിയ പ്രവര്‍ത്തനം ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ഈ കാര്‍ട്ടൂണിനെ കാണേണ്ടത്. ഇവിടുത്തെ ജാതി മേല്‍ക്കോയ്മ അതിന്റെ മനസ്സില്‍ സൂക്ഷിക്കുന്ന പകയും വെറുപ്പുമൊക്കെ എത്രമാത്രം ആഴത്തിലുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്ന ഒന്നായും അതിനെ തിരിച്ചറിയേണ്ടതുണ്ട്.

മലയാളത്തിലെ തെറിപ്പദങ്ങള്‍ ഒരോന്നായി നാം പരിശോധിച്ചാല്‍, അതില്‍ കീഴാള ജാതികളോടുള്ള കടുത്ത അസഹിഷ്ണുതയും വെറുപ്പും വ്യക്തമാകും. ഇത്രയൊക്കെ നമ്മള്‍ ജനാധിപത്യത്തിന്റെ പ്രകാശ ലോകത്തേക്ക് എത്തിയെങ്കിലും നമ്മുടെ മലയാളത്തിലെ തെറി പുലയാടി, കൊശവന്‍, ചെറുമന്‍, പറയന്‍ ഒക്കെയാണ്. നമ്മുടെ ജീവിതത്തെ എളുപ്പമാക്കുന്ന, ക്ലേശകരമായ കായികാധ്വാനം ഏറ്റെടുക്കുന്ന തൊഴില്‍ വിഭാഗങ്ങളാണ് പുലയര്‍ മുതല്‍ പറയര്‍ വരെയുള്ള താഴ്ത്തപ്പെട്ട ജാതി വിഭാഗങ്ങള്‍. സത്യത്തില്‍ അവരോടാണ് നമ്മുടെ ജീവിതം കടപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് അയ്യങ്കാളി പറഞ്ഞത് ഞങ്ങളുടെ മക്കളെ നിങ്ങള്‍ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് ഞങ്ങള്‍ മുട്ടിപ്പുല്ല് മുളപ്പിക്കും എന്നും ഒരു മണി അരി ഈ നാട്ടില്‍ ഒരാള്‍ക്കും കഴിക്കാന്‍ കഴിയില്ല എന്നും. ഇവിടുത്തെ അധഃസ്ഥിത ജനത അധ്വാന ജനതയാണ്. അധ്വാനത്തെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അവഹേളിക്കുക എന്നാണ് സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ ആകെത്തുക. മലയാളത്തിലെ ഏറ്റവും രൂക്ഷമായ തെറി രോമവുമായി ബന്ധപ്പെട്ടതാണ്. ഈ തെറിയുടെ ഒരു ചരിത്രമുണ്ട്. മുമ്പ് ഇവിടെ ജാതി മേല്‍ക്കോയ്മക്ക് ജീവിതത്തില്‍ സമ്പൂര്‍ണ ആധിപത്യം ഉണ്ടായിരുന്ന ജാതിജന്മനാടുവാഴിത്ത കാലത്ത് ഒരു അവര്‍ണന്‍ സവര്‍ണനോട് ചെറിയ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അയാള്‍ക്ക് വലിയ ശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. മറിച്ച്, സവര്‍ണന്‍ ഒരവര്‍ണനെ കൊന്നാല്‍ പോലും അയാള്‍ക്ക് ലഭിച്ചിരുന്ന ശിക്ഷ പരമാവധി തല മുണ്ഠനം ചെയ്യുക എന്നതാണ്. അതായത്, അവര്‍ണനെ സവര്‍ണന്‍ കൊന്നാല്‍ ഒരു സൗജന്യ ക്ഷൗരം ഒത്തുകിട്ടും. അതിലപ്പുറം ഒരു ശിക്ഷയുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിന്നെ കൊന്നാല്‍ വരെ എനിക്ക് പരമാവധി നഷ്ടപ്പെടാനുള്ളത് ഒരു രോമമാണ് എന്ന് പറയുന്നത്.

അതുപോലെ തന്നെ ‘കൊത്തി’ ,’ചിലന്തി’ തുടങ്ങിയ തെറികളാണ് ഈഴവ സമൂഹത്തെ ആക്ഷേപിക്കാന്‍ വിളിച്ചിരുന്നത്. നെയ്ത്ത് ഉദ്ദേശിച്ചാണ് ചിലന്തി എന്ന് വിളിക്കുന്നത്. ലോകത്ത് ഒരിടത്തും ഇത്തരമൊരു പ്രവണത നമുക്ക് കാണാന്‍ കഴിയില്ല. ഷേക്‌സ്പിയറുടെ ജൂലിയര്‍ സീസറില്‍ നഗരമേധാവി തെരുവിലൂടെ നടന്ന് തൊഴിലാളികളോട് ‘ഒഴിവ് ദിവസങ്ങളില്‍ തൊഴില്‍ ഡ്രസ്സ് ധരിക്കാത്തത് എന്തുകൊണ്ട്’ എന്ന് ചോദിക്കുന്ന രംഗമുണ്ട്. ചെരിപ്പ് കുത്തിയോട് നീ ആരാണ് എന്ന് ചോദിക്കുമ്പോള്‍ അയാള്‍ പറയുന്നത് ഞാന്‍ ഷൂവിന്റെ സര്‍ജനാണ് എന്നാണ്. ഷൂവിനെ ചികിത്സിക്കുന്ന ഡോക്ടറാണ് ഞാന്‍ എന്ന്. അപ്പോള്‍ നഗരമേധാവി പറയുന്നു, നീ സാഹിത്യമൊന്നും പറയേണ്ട, നേര്‍ക്ക് നേരെ പറയൂ. അപ്പോള്‍ അയാള്‍ പറയുന്നു ആള്‍ക്കാരുടെ നടത്തം നേരെയാക്കുന്ന ആളാണ് ഞാന്‍ എന്ന്. ഈ കൃതിയില്‍ നാം കാണുന്നത് തൊഴിലാളിയുടെ അഭിമാനമാണ്.

തൊള്ളായിരത്തി മുപ്പതുകളില്‍ കേരളത്തില്‍ ഒരു ഈഴവ യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. പാലക്കാട് കണ്ണിയംകുളം എന്ന സ്ഥലത്ത് ശിവരാമന്‍ എന്ന ഈഴവ യുവാവ് ‘ഉപ്പ് തരിന്‍’ എന്ന് പറഞ്ഞതിന്റെ പേരിലാണ് കൊല്ലപ്പെട്ടത്. അധഃസ്ഥിതര്‍ക്ക് അന്ന് ഉപ്പ് എന്ന് പറയാന്‍ അവകാശമുണ്ടായിരുന്നില്ല. ‘പുളിക്കുന്നത്’ എന്നായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്.

രോഹിത് വെമുലയുടെ ആത്മഹത്യയെ കുറിച്ച് നാം പറയാറുണ്ട്. എന്നാല്‍, കേരളത്തിലെ സാമൂഹിക ചരിത്രത്തില്‍ നടുക്കമുണ്ടാക്കുന്ന ഒരു മരണത്തിന്റെ കഥയുണ്ട്. രോഹിത് വെമുല സംഭവം നടക്കുന്നത് രണ്ടായിരത്തി പതിനേഴിലാണെങ്കില്‍ 1916ല്‍ കേരളത്തില്‍ ഒരു ഈഴവ മജിസ്‌ട്രേറ്റ് ജാതി അവഹേളനം കേട്ട് സങ്കടപ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്. വാരാണപ്പുഴ മജിസ്‌ട്രേറ്റ് പത്മനാഭപ്പണിക്കര്‍. അഴിമതി നടത്തിയ കേസില്‍ തിരുവല്ലയിലെ പോലീസ് ഉദ്യോഗസ്ഥനായ രാമസ്വാമിക്കെതിരെ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചു. ഈഴവ ജഡ്ജിക്കെതിരെ രാമസ്വാമി അപവാദം പറയുകയും ജഡ്ജിയുടെ വീടിന്റെ ഉത്തരത്തിന്റെ മുകളില്‍ കള്ളുപാനി കെട്ടിത്തൂക്കുകയും ചെയ്തു. മജിസ്‌ട്രേറ്റ് രാവിലെ തന്നെ കാണുന്നത് ഇതാണ്. ജാതീയമായ അവഹേളനമായിരുന്നു അത്. ജാതിജന്മിനാടുവാഴി കാലത്ത് പ്രകടമായിത്തന്നെ അവരത് പ്രയോഗിച്ചു. എന്നാല്‍, ജനാധിപത്യ സമരങ്ങളുടെ തുടര്‍ച്ചയില്‍ ഇന്ന് അതുപോലെ പ്രയോഗിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി. എന്നാല്‍, അവരുടെ മനസ്സില്‍ നിന്ന് പൂര്‍ണമായി കുടിയിറക്കാന്‍ കഴിയാതെ പോയ ജാതിമേല്‍ക്കോയ്മാ പ്രവണതയാണ് ഈ കാര്‍ട്ടൂണിലൂടെ തല പൊക്കിയത്. എന്നാല്‍, കേരളം പോലൊരു സ്ഥലത്ത് ഇത്തരം കാര്‍ട്ടൂണിന് ആ വിധം തലയുയര്‍ത്തിനില്‍ക്കാന്‍ മതനിരപേക്ഷ സംസ്‌കാരം അനുവദിക്കില്ല എന്നതിന്റെ തെളിവാണ് വൈകിവന്ന മാപ്പപേക്ഷ. ആ മാപ്പപേക്ഷ സ്വാഗതം ചെയ്യേണ്ടതാണ്. പക്ഷേ, ജാതിമേല്‍ക്കോയ്മാ സംബന്ധമായ ഒരു പരാമര്‍ശം ഒരു മാപ്പപേക്ഷ കൊണ്ട് മറികടക്കാന്‍ പറ്റില്ല.

രോഗാണുക്കള്‍ ഇവിടെ എപ്പോഴുമുണ്ട്. എന്നാല്‍, രോഗം എല്ലായ്‌പ്പോഴും ഇല്ല. ഒരു ജനതയുടെ ആരോഗ്യം ക്ഷയിക്കുമ്പോഴാണ് രോഗാണുക്കളുടെ ആക്രമണം പ്രതിഫലിക്കുക. മതനിരപേക്ഷതയുടെ ഒഴുക്കുള്ള വെള്ളത്തില്‍ ജാതിയുടെ കീടങ്ങള്‍ക്കും രോഗാണുക്കള്‍ക്കും പെറ്റുപെരുകാന്‍ പറ്റില്ല. അതേസമയം, അഴുക്കുചാലില്‍ ഈ കീടങ്ങള്‍ക്കും രോഗാണുക്കള്‍ക്കുമൊക്കെ പെറ്റുപെരുകാന്‍ കഴിയും. ജനാധിപത്യ മതനിരപേക്ഷ ജീവിതത്തിന്റെ ഒഴുക്ക് നടക്കുമ്പോഴും അതില്‍ ഈ ജാതി മേല്‍ക്കോയ്മയുടെ വൈറസുണ്ട്. അതേസമയം, അത് സമൂഹത്തില്‍ പ്രതിസന്ധി രൂപപ്പെടുന്ന ഘട്ടത്തിലാണ് പുറത്ത് ഭീകരമായി അവതരിക്കുക. അതുപോലെ തന്നെ ജാതിമേല്‍ക്കോയ്മ സഭ്രാന്തമാകുമ്പോഴും അതിന്റെ ഭ്രാന്തന്‍ സ്വഭാവം പ്രകടിപ്പിക്കും. കേരളത്തില്‍ ഇപ്പോള്‍ രണ്ടും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഏഴ് അത്ഭുതങ്ങളെ പറ്റി പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്. എന്നാല്‍, അതിനെയൊക്കെ നിഷ്പ്രഭമാക്കുന്ന എട്ടാമത്തെ മഹാത്ഭുതമാണ് സൂക്ഷ്മാര്‍ഥത്തില്‍ വനിതാ മതില്‍ എന്നാണ് എന്റെ നിരീക്ഷണം. സപ്താത്ഭുതങ്ങള്‍ രാജാക്കന്മാരും അധികാരികളും അവരുടെ പ്രതാപവും മറ്റും പ്രകടിപ്പിക്കാന്‍ ഉണ്ടാക്കിയതാണ്. എന്നാല്‍, സൗഹൃദവും സ്‌നേഹവും പ്രകടിപ്പിക്കാനാണ് ഇവിടെ മതില്‍ നിര്‍മിക്കുന്നത്.

കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ജാതിമേല്‍ക്കോയ്മക്കെതിരെയുള്ള നേതൃത്വമായിക്കഴിഞ്ഞു. നവോത്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഒരു സര്‍ക്കാര്‍ കേരളത്തില്‍ ആദ്യമായിട്ടാണ് കടന്നുവരുന്നത്. നവോത്ഥാന ശ്രമങ്ങള്‍ സംഘടനകളൊക്കെ നടത്തിവരുന്നതാണ് പതിവ്. ജനാധിപത്യ സര്‍ക്കാര്‍ അതിന് പിന്തുണ കൊടുക്കും. സഹായമൊക്കെ കൊടുക്കും. പക്ഷേ, ഇപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്വയം തന്നെ ഒരു നവോത്ഥാന പ്രവര്‍ത്തനത്തിന്റെ നേതൃത്വമായി മാറുന്നതാണ് നമ്മള്‍ കാണുന്നത്. അത് ജാതി മേല്‍ക്കോയ്മാ വാദികളെ സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധികളെ വല്ലാതെ സഭ്രാന്തമാക്കിയിട്ടുണ്ട്. സ്വയം സഭ്രാന്തമായ ജാതി മേല്‍ക്കോയ്മയുടെ മാനസികനില തെറ്റിത്തുടങ്ങി എന്നതിന്റെ തെളിവാണ് ഇത്തരം കാര്‍ട്ടൂണുകള്‍. ജനാധിപത്യ മതനിരപേക്ഷ കേരളത്തില്‍ ഒരു കാരണവശാലും പുറത്ത് പ്രത്യക്ഷമാകാന്‍ പാടില്ലാത്ത ഒരു കാര്‍ട്ടൂണാണ് ഒരു പത്രത്തിന്റെ മുന്‍ പേജില്‍ വര്‍ധിച്ച പ്രാധാന്യത്തോടെ അച്ചടിച്ചുവന്നത്.

ഈയിടെ വന്ന ഒരു വാര്‍ത്തയുണ്ട്. ഗുജറാത്തിലെ സുരേന്ദ്ര നഗറിലെ കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഒരു പുലി കയറി. അപ്പോള്‍ ജഡ്ജിയും വക്കീലും വാദിയും പ്രതിയും കോടതി ജീവനക്കാരും ഒന്നിച്ചോടി രക്ഷപെട്ടു. ഓടുന്നതിനിടയില്‍ ജഡ്ജി പ്രതിയോട് നിനക്ക് മൂന്ന് മാസത്തെ ശിക്ഷ വിധിച്ചു എന്നോ വക്കീല്‍ വാദിയോട് അടുത്ത ഗഡു ഫീസ് ഉടന്‍ നല്‍കണമെന്നോ പറഞ്ഞതായിട്ട് പത്രത്തില്‍ വാര്‍ത്തയില്ല. അതുപോലെ കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സദസ്സിലേക്ക് ഫാസിസ്റ്റ് പുലി കടന്നുവരുന്ന സന്ദര്‍ഭമാണിത്. ഈ സമയത്ത് പുലിയെ പ്രതിരോധിക്കാനുള്ള മതിലല്ലാതെ മറ്റു തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല.
തയ്യാറാക്കിയത്: പി കെ എം അബ്ദുര്‍റഹ്മാന്‍