ഹാജിമാര്‍ക്ക് മികച്ച പരിശീലനത്തിന് ആലോചന: സി ഫൈസി

Posted on: December 29, 2018 9:20 am | Last updated: December 29, 2018 at 9:20 am
വണ്‍ഡെ ഇന്‍ ഹറം ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിക്കുന്നു

മലപ്പുറം: കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മെച്ചപ്പെട്ട പരിശീലനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആലോചിക്കുകയാണെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. മഅ്ദിന്‍ വൈസനിയത്തില്‍ വണ്‍ഡെ ഇന്‍ ഹറം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ വ്യക്തമായി നിര്‍വഹിക്കുമ്പോള്‍ കേരളീയര്‍ ഏറെ പിന്നിലാണ്. വ്യക്തമായ പരിശീലനത്തിന്റെ അഭാവമാണ് ഇതിന് കാരണം. മനസ്സുകളെ വിമലീകരിക്കുന്ന കര്‍മമാണ് ഹജ്ജ്. അത് ക്രമപ്രകാരം നിര്‍വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലാണ് പരിവര്‍ത്തനങ്ങളുണ്ടാക്കുന്നത്. അതിന്റെ ധിഷണാശൈലിയാണ് പലരേയും ഇതിലേക്കാകര്‍ഷിച്ചത്. പാരായണം, ശൈലി, സംഗീതാത്മകത എല്ലാം ഹൃദയങ്ങളെ കീഴടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യമനസ്സുകളില്‍ നന്മകളുണ്ടാക്കുന്ന സാഹിത്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഖുര്‍ആന്‍ ഈ കര്‍മമാണ് നിര്‍വഹിക്കുന്നതെന്നും സി ഫൈസി ഉണര്‍ത്തി. കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ഥന നടത്തി.