പോക്‌സോ നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; വധശിക്ഷക്കും നിര്‍ദേശം

Posted on: December 28, 2018 6:21 pm | Last updated: December 29, 2018 at 9:52 am

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനമുള്‍പ്പടെയുള്ള അതിക്രമങ്ങള്‍ക്കു ചുമത്തുന്ന പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള വ്യവസ്ഥയടക്കം ഉള്‍പ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്യുന്നത്.

കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് പീഡിപ്പിക്കല്‍, കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈവശം വെക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ തടയുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍ ഭേദഗതിയുടെ ഭാഗമായി വരും. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും കുറ്റകരമാകും.
നിയമത്തിലെ 4,5,6 വകുപ്പുകളാണ് ഭേദഗതിക്കു വിധേയമാവുകയെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു.