ബൗളര്‍മാര്‍ക്ക് ചാകരയേകി മെല്‍ബണ്‍; ഇന്ത്യ പിടിമുറുക്കുന്നു

Posted on: December 28, 2018 5:50 pm | Last updated: December 28, 2018 at 7:41 pm

മെല്‍ബണ്‍: ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ബൗളര്‍മാര്‍ക്ക് ചാകരയാകുന്നു. പന്തെറിഞ്ഞാല്‍ വിക്കറ്റ് എന്ന നിലയിലേക്ക് മെല്‍ബണിലെ പിച്ച് മാറിയിരിക്കുന്നു. ഇന്ന് മാത്രം ഇരു ടീമിന്റെതുമായി വീണ വിക്കറ്റുകള്‍ 15 ആണ്. ഓസീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങാനുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം അല്‍പം പാളിയോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ മുന്‍നിര ബാറ്റസ്മാന്മാരുടെ പ്രകടനം.

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും 82 റണ്‍സെടുത്ത കോലിയും വീണ്ടും ബാറ്റേന്തിയപ്പോള്‍ പൂജ്യത്തിനു പുറത്തായി. ഹനുമ വിഹാരി (13), അജിങ്ക്യ രഹാനെ (1), രോഹിത് ശര്‍മ (5) എന്നിവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി 53 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒരറ്റത്ത് വിക്കറ്റുകള്‍ തുരുതുരാ വീഴുമ്പോഴും കൂസാതെ സ്വതസിദ്ധമായി ബാറ്റു വീശിയ മായങ്ക് അഗര്‍വാളും ആറു റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തു വിട്ടത്. എങ്കിലും 345 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ ഏറെ മുന്നിലെത്തിക്കഴിഞ്ഞു.

നേരത്തെ ആദ്യ ഇന്നിംഗ്‌സ് 443 റണ്‍സിനു ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഓസീസ് 151 റണ്‍സിനു കൂടാരം കയറി. ചായക്കു മുമ്പു തന്നെ ആതിഥേയരുടെ ഏഴു വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ ശേഷിച്ച മൂന്നെണ്ണം ആറു റണ്‍സ് പിറക്കുന്നതിനിടെ പിഴുതെടുത്തു. ആറു വിക്കറ്റ് സ്വന്തം പേരിലാക്കിയ ജസ്പ്രീത് ബുംറയാണ് ഓസീസിനെ നിലംപരിശാക്കിയത്. മാര്‍ക്കസ് ഹാരിസ് (22), ഷോണ്‍ മാര്‍ഷ് (19), ട്രാവിസ് ഹെഡ് (20), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (22), നഥാന്‍ ലയോണ്‍ (0), ഹേസല്‍വുഡ് (0) എന്നിവരുടെ വിക്കറ്റുകളാണ് ബുംറ സ്വന്തം പേരിലാക്കിയത്. ജഡേജ രണ്ടും ഇഷാന്ത് ശര്‍മ, ഷമി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്നലെ, നാല് റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 63 റണ്‍സുമായി രോഹിത് ശര്‍മ പുറത്താകാതെ നിന്നു. 114 പന്തില്‍ അഞ്ചു ബൗണ്ടറികളോടയാണ് രോഹിത് 63 റണ്‍സെടുത്തത്. ചേതേശ്വര്‍ പുജാരയുടെ പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ബലമേകിയത്. പുജാര 106 റണ്‍സ് നേടി പുറത്തായി.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി (82), അജിങ്ക്യ രഹാനെ (34), റിഷഭ് പന്ത് (39), രവീന്ദ്ര ജഡേജ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 294 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പുജാരയുടെ ഇന്നിംഗ്സ്. കരിയറിലെ 17ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. നേരത്തേ അഡ്ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പുജാര സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന് രണ്ടു വിക്കറ്റ് ലഭിച്ചു.