ഖനിയില്‍ നിന്ന് നല്ല വാര്‍ത്തയില്ല

Posted on: December 28, 2018 9:14 am | Last updated: December 28, 2018 at 1:42 pm

ഗുവാഹട്ടി: രണ്ടാഴ്ച പിന്നിടുന്നു. പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ ഡി ആര്‍ എഫ്). തായ്‌ലാന്‍ഡിലെ താം ലുവാംഗ് ഗുഹയില്‍ നിന്ന് 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും 18 ദിവസങ്ങള്‍ക്ക് ശേഷം സുരക്ഷിതരായി പുറത്തുവന്നതു പോലുള്ള നല്ല വാര്‍ത്തക്കായി കാത്തിരുന്നവര്‍ നിരാശരാകേണ്ടിവരുന്നു.

ഈ മാസം 13ന് സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞതിനാലാണ് കിഴക്കന്‍ ജയന്തിയ ഹില്‍സിലെ അനധികൃത കല്‍ക്കരി ഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്നാണ് അധികൃതര്‍ വിശദീകരിച്ചു കൊണ്ടിരിക്കുന്നത്.

അതിനിടെ, ഇന്നലെയാണ് ഖനിക്കകത്ത് നിന്ന് ഇനി പ്രതീക്ഷക്ക് വകയില്ലെന്ന തരത്തില്‍ എന്‍ ഡി ആര്‍ എഫിന്റെ പ്രതികരണം പുറത്തുവന്നത്. തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്നും മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയതിനാലാകാം ദുര്‍ഗന്ധം വരുന്നതെന്നും ഖനിക്കുള്ളില്‍ ഇറങ്ങിയ ഡൈവര്‍മാരെ ഉദ്ധരിച്ച് എന്‍ ഡി ആര്‍ എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിംഗ് പറഞ്ഞു. തായ്‌ലാന്‍ഡിലെ ഗുഹയില്‍ ജൂനിയര്‍ ഫുട്‌ബോള്‍ താരങ്ങളും കോച്ചും കുടുങ്ങിയ സാഹചര്യമല്ല ജയന്തിയ ഹില്‍സിലെ ഖനിയിലേതെന്നും സന്തോഷ് സിംഗ് കൂട്ടിച്ചേര്‍ത്തു.

നേരത്തേ തന്നെ എന്‍ ഡി ആര്‍ എഫ് തങ്ങളുടെ നിസ്സഹായാവസ്ഥ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു. 100 കുതിരശക്തിയുള്ള മോട്ടോറുകള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഖനിയിലെ വെള്ളം വറ്റിക്കാന്‍ കഴിയൂവെന്ന് അവര്‍ അറിയിച്ചിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാറിന് ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. തായ്‌ലാന്‍ഡിലെ ഗുഹയില്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ ശേഷിയുള്ള മോട്ടോറുകള്‍ എത്തിച്ച പമ്പ് നിര്‍മാതാക്കളായ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ പോലും സംഭവത്തില്‍ ഇടപെടീക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. തായ്‌ലാന്‍ഡില്‍ കണ്ട രക്ഷാപ്രവര്‍ത്തനത്തിലെ കൃത്യത ഇവിടെയില്ലെന്ന് മാത്രമല്ല, വകുപ്പുകളുടെ ഏകോപനമില്ലായ്മയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

അകത്തെത്താന്‍ ഇതുവരെ കഴിയാത്തതിനാല്‍ ഖനിയെ കുറിച്ചുള്ള യഥാര്‍ഥ ചിത്രം പോലും രക്ഷാപ്രവര്‍ത്തകരുടെ കൈയിലില്ല. ബേസ് ഏരിയയുടെ വ്യാപ്തി, ഖനിയില്‍ എത്ര ടണലുകളുണ്ട്, അവയുടെ ആഴമെത്ര എന്നിങ്ങനെ ഉത്തരമില്ലാത്ത ചോദ്യത്തിന് മുന്നിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഹരിത ട്രൈ ബ്യൂണല്‍ 2004ല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടം നടന്നിരിക്കുന്നത്. 350 അടി ആഴം ഗുഹക്കുണ്ടെന്ന ഏകദേശ ധാരണ മാത്രമാണ് രക്ഷാ പ്രവര്‍ത്തകര്‍ക്കുള്ളത്.