Connect with us

Ongoing News

സെഞ്ച്വറിയുമായി പുജാര മിന്നി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Published

|

Last Updated

മെല്‍ബണ്‍: ചേതേശ്വര്‍ പൂജാര ഒരിക്കല്‍ കൂടി മനോഹരമായ സെഞ്ച്വറിമായി കോട്ട കെട്ടിയപ്പോള്‍ ബോക്‌സിംസ് ഡേ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാം ദിവസമായ ഇന്ന് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 335 റണ്‍സെടുത്തിട്ടുണ്ട്. 25 റണ്‍സുമായി അജിങ്ക്യ രഹാനെയും 12 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. ടെസ്റ്റില്‍ തന്റെ 17ാം സെഞ്ച്വറി കണ്ടെത്തിയ ചേതേശ്വര്‍ പൂജാരയുടെ ചിറകിലേറിയാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്.

280 പന്തുകളില്‍ നിന്നാണ് താരം സെഞ്ച്വറി കണ്ടെത്തിയത്. പിന്നീട് ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത പുജാരയെ പാറ്റ് കുമ്മിന്‍സ് ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 299ല്‍ നില്‍ക്കെയായിരുന്നു പുജാരയുടെ പുറത്താകല്‍. 204 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെടെ 82 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ന് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. കോഹ്‌ലിയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഫിഞ്ച് പിടിച്ചു. പിന്നീട് ഒത്തുചേര്‍ന്ന രോഹിതും രഹാനെയും ചേര്‍ന്ന് 34 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രണ്ട് വിക്കറ്റിന് 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്നലെ
പുതിയ ഓപ്പണിങ് സഖ്യമായ മയാങ്ക്-വിഹാരി എന്നിവര്‍ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ടീമിനു നല്‍കിയത്.
വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കെയാണ് എട്ടു റണ്‍സെടുത്ത വിഹാരിയെ കമ്മിന്‍സിന്റെ ബൗളിംഗില്‍ ഫിഞ്ച് ക്യാച്ചിലൂടെ പുറത്താക്കിയത്. എട്ടു റണ്‍സെടുക്കാന്‍ വിഹാരിക്കു 66 പന്ത് വേണ്ടിവരികയും ചെയ്തു.
വിഹാരി മടങ്ങിയതോടെ ഇന്ത്യ പതിവ് പോലെ തകര്‍ച്ചയിലാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

എന്ന് മാത്രമല്ല, അരങ്ങേറ്റ ഇന്നിംഗ്‌സാണെന്ന സൂചന പോലും നല്‍കാതെ മയാങ്ക് ടീമിനെ മുന്നോട്ടു നയിച്ചു.
ചേതേശ്വര്‍ പുജാര -മയാങ്ക് സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സാണ് നേടിയത്. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ മയാങ്ക് സെഞ്ച്വറി നേടുമെന്ന പ്രതീതിയുണ്ടായെങ്കിലും ചായക്കു തൊട്ടുമുമ്പ് ഓസീസ് തിരിച്ചടിച്ചു. കമ്മിന്‍സിന്റെ ബൗളിംഗില്‍ മയാങ്കിനെ ഡൈവിംഗ് ക്യാച്ചിലൂടെ ടിം പെയ്ന്‍ പുറത്താക്കുകയായിരുന്നു.