Connect with us

National

ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട പത്ത് തീവ്രവാദികള്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട പത്ത് തീവ്രവാദികളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇവരെ പിടികൂടിയത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഒരു സിവില്‍ എന്‍ജിനീയറും ഓട്ടോ ഡ്രൈവറും വിദ്യാര്‍ഥിയും സംഘത്തിലുണ്ട്. ഭീകര സംഘടനയായ ഐഎസുമായി ഇവര്‍ക്ക് ബന്ധമുള്ളതായും സംശയിക്കുന്നു.

വടക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിഐപി കേന്ദ്രങ്ങളും ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളുമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എന്‍ഐഎ പറയുന്നു. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. പിടിയിലായവരില്‍ അഞ്ച് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. വാട്‌സ് ആപ്പ് വഴിയാണ് സംഘം കമ്മ്യൂണിക്കേഷന്‍ നടത്തിയിരുന്നത്.

ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലേയും നിരവധി കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ മുതലാണ് എന്‍ഐഎ പരിശോധന തുടങ്ങിയത്. ഡല്‍ഹിയിലെ 16 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഐഎസ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. പരിശോധനയില്‍ തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റ് ലോഞ്ചര്‍, 12 പിസ്റ്റളുകള്‍, 112 അലാറം ക്ലോക്കുള്‍, 150 സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്.