Connect with us

Gulf

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം: ഐ സി എഫ്

Published

|

Last Updated

മക്ക: ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിന് ഭാരം തൂക്കി വിമാനക്കൂലി നിശ്ചയിക്കുന്നതു കടുത്ത നീതികേടും പൈശാചികവുമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന പ്രവാസികളെ അപമാനിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി മരണപ്പെടുന്ന മുഴുവന്‍ പ്രവാസികളുടെയും മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സ്വദേശത്തേക്ക് എത്തിക്കണം.

എമിഗ്രേഷന്‍ ഡെപ്പോസിറ്റ് വകയിലും, ഇന്ത്യന്‍ നയതന്ത്രാലയങ്ങളില്‍ പ്രവാസികളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ സര്‍വീസുകള്‍ക്ക് വെല്‍ഫയര്‍ ഫണ്ട് എന്ന പേരില്‍ ഈടാക്കി വരുന്ന പണവും സര്‍ക്കാര്‍ ഖജാനാവില്‍ കെട്ടിക്കിടക്കുകയാണ്. ഇത്തരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി പ്രവാസികളുടെ മൃതദേഹം നാട്ടില്‍ സൗജന്യമായി എത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ സി എഫ് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, സിവില്‍ ഏവിയേഷന്‍ മന്ത്രി എന്നിവര്‍ക്കു ഇ-മെയില്‍ സന്ദേശമയക്കും.

യോഗത്തില്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ കരീം ഹാജി വടകര, നിസാര്‍ സഖാഫി വയനാട്, അലവി സഖാഫി തെഞ്ചേരി, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, മുജീബുര്‍റഹ്മാന്‍ എ ആര്‍ നഗര്‍ സംബന്ധിച്ചു.