തിരുവനന്തപുരത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

Posted on: December 26, 2018 9:02 am | Last updated: December 26, 2018 at 11:58 am

തിരുവനന്തപുരം: മുക്കോലിക്കലില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 12 കാരിയായ മകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ബന്ധു വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.