ജവഹര്‍ നവോദയ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആത്മഹത്യ പെരുകുന്നു

Posted on: December 25, 2018 4:33 pm | Last updated: December 25, 2018 at 4:36 pm

ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 49 പേര്‍. 2013 മുതല്‍ 2017 വരെയുള്ള കണക്കനുസരിച്ചാണ് 49 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇവരില്‍ പകുതിയും ദളിത്, ആദിവാസി വിദ്യാര്‍ഥികളാണ്. ഏഴ് പേര്‍ ഒഴികെ ബാക്കി എല്ലാവരും കയറില്‍ തുങ്ങിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കൂട്ടികളുടെ മൃതശരീരം സഹ വിദ്യാര്‍ഥികളോ സ്‌കൂള്‍ അധികൃതരോ ആണ് ആദ്യം കാണുന്നതെന്നും വ്യക്തമാക്കുന്നു.
സി ബി എസ് സി സിലബസിന് കീഴിയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മികച്ച കലാലയങ്ങളാണ് ജവഹര്‍ നവോദയ സ്‌കൂളുകള്‍. ഗ്രാമീണ മേഖലയില്‍ നിന്ന് കഴിവുള്ള കുട്ടികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പോടു കൂടിയും താമസ സൗകര്യം നല്‍കിയും പഠിപ്പിക്കുകയെന്നതാണ് ഈ സ്‌കൂളുകളുടെ ലക്ഷ്യം. 75 സീറ്റുകള്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണമുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തെ മികച്ച കലാലയങ്ങളുടെ പട്ടികയിലാണ് മിക്ക നവോദയ സ്‌കൂളുകളും ഇടം പിടിച്ചിട്ടുള്ളത്. നിലവില്‍ രാജ്യത്ത് 635 നവോദയ വിദ്യാലയങ്ങളും 2.8 ലക്ഷം വിദ്യാര്‍ഥികളുമാണ് ഉള്ളത്. അതേസമയം, അഞ്ച്‌വര്‍ഷത്തിനിടെ 49 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തുവെന്നത് ഏറെ ഗൗരവതരമാണ്. ലക്‌നൗ, ഭോപ്പാല്‍ മേഖലകകളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. അഞ്ച് വര്‍ഷത്തിനിടെ പത്ത് വീതം ആത്മഹത്യകളാണ് ഇവിടെ നടന്നത്. ഹൈദരാബാദില്‍ ഏഴും, പൂനെ, ഷില്ലോംഗ് എന്നിവിടങ്ങില്‍ അഞ്ച് വീതവും ആത്മഹത്യകള്‍ നടന്നു. പാട്‌ന ആറ്, ജെയ്പൂര്‍ 4, ചണ്ഡീഗഢ് രണ്ട്. എന്നിങ്ങെനെയാണ് ആത്മഹത്യ നടന്നത്.