Connect with us

International

രാക്ഷസത്തിരമാലകള്‍ കവര്‍ന്നത് 373 ജീവനുകള്‍

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ 373 ആയി. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്തോനേഷ്യന്‍ ദ്വീപുകളായ സുമാത്രക്കും ജാവക്കും ഇടയിലുള്ള സുന്ദ്ര കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ക്രകതൗ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാണ് സുനാമി രൂപപ്പെട്ടത്. സുനാമി ദുരന്തം വിതച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും നിരവധി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനായിട്ടില്ല. രക്ഷപ്പെട്ടവരെ ശുശ്രൂഷിക്കാന്‍ വേണ്ടി നിരവധി ഡോക്ടര്‍മാര്‍ സേവനത്തിലേര്‍പ്പെട്ടിട്ടുണ്ട്. സുമാത്രക്കും ജാവക്കും ഇടയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലെയും തിരച്ചില്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ എത്ര പേരെ കാണാതായെന്ന കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ സംഘടനകളും സര്‍ക്കാറിതര സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സുമാത്രയിലെ ലാംപുംഗില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബീച്ചുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും അഭ്യര്‍ഥിച്ചു. വലിയ തിരമാലകള്‍ക്ക് ഇന്നും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒരു മുന്നറിയിപ്പും നല്‍കാന്‍ സാധിക്കാത്ത അത്രപെട്ടെന്നായിരുന്നു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ദുരന്തനിവാരണ സംഘത്തോട് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ് ജോകോ വിദോദോ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വീടുകള്‍ സുനാമി തിരകളടിച്ചുവീശിയതിനെ തുടര്‍ന്ന് നിലം പൊത്തി. എന്നാല്‍ ഇത്തരം വീടുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മതിയായ സൗകര്യങ്ങളൊന്നും രക്ഷാപ്രവര്‍ത്തകരുടെ കൈവശമില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിന് വേഗത കുറവാണ്. നിരവധി പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കുടുംബാംഗങ്ങള്‍ക്ക് ഇവരെ തിരിച്ചറിയുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്.

ക്രകതൗ അഗ്നിപര്‍വതം പുകയുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ക്രകതൗ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അഗ്നിപര്‍വതം ഇപ്പോഴും സജീവമാണന്നും പൊട്ടിത്തെറിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നുമാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത് സജീവമായിരുന്നു. എന്നാല്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് ഇതുസംബന്ധിച്ച ഒരു അടയാളവും അഗ്നിപര്‍വതത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷകരുടെ വാദം.

അതേസമയം, മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതിനെ സംബന്ധിച്ച് വിവാദവും തുടങ്ങിയിട്ടുണ്ട്്. എന്നാല്‍ ഭൂകമ്പം ഉണ്ടാകുന്നതിന്റെ മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം മാത്രമേ ഇന്തോനേഷ്യയില്‍ ഉള്ളൂവെന്നും അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകത്തെ മൊത്തം അഗ്നിപര്‍വതങ്ങളുടെ 13 ശതമാനവും സ്ഥിതി ചെയ്യുന്നത് ഇന്തോനേഷ്യയിലായതിനാല്‍ അത്തരമൊരു സംവിധാനം വളരെ അനിവാര്യമാണെന്ന് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സുനാമി ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും നിലവില്‍ ഇന്തോനേഷ്യക്കില്ല.

Latest