Connect with us

Kerala

കോഴിക്കോട്ട് എം കെ രാഘവന് ഗ്രീന്‍ സിഗ്നല്‍; കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ച സജീവം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കോഴിക്കോട്ട് സിറ്റിംഗ് എം പി. എം കെ രാഘവന് ഗ്രീന്‍ സിഗ്നല്‍. യു ഡി എഫിലെ പൊതു സ്വീകാര്യന്‍ എന്ന നിലക്കാണ് രാഘവനെ മൂന്നാമൂഴത്തിന് പരിഗണിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടിന് മാത്രം വിജയിച്ച രാഘവന്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തിനാണ് പാര്‍ലിമെന്റിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തില്‍ എല്‍ ഡി എഫിനാണ് മേല്‍ക്കൈ എന്നിരിക്കെ രക്ഷപ്പെടണമെങ്കില്‍ രാഘവന്‍ തന്നെ അങ്കത്തിനിറങ്ങണമെന്നാണ് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെ താത്പര്യം. മലബാറിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഏതാണ്ടുറപ്പിച്ചു പറയാവുന്ന പേര് രാഘവന്റെത് മാത്രമാണ്.

വയനാട്, വടകര, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലൊന്നും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് സൂചനകള്‍ പോലുമായിട്ടില്ല.എം ഐ ഷാനവാസിന്റെ ഒഴിഞ്ഞു കിടക്കുന്ന വയനാടിന് വേണ്ടി ഒട്ടേറെ നേതാക്കളാണ് രംഗത്തുള്ളത്. മുന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ തന്നെയാണിതില്‍ മുന്നില്‍. ഷാനിമോള്‍ ഉസ്മാന്‍, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി എന്നിവരാണ് വയനാട് സീറ്റിലേക്ക് പരിഗണിക്കപ്പെടാനിടയുള്ള മറ്റുള്ളവര്‍.
ടി സിദ്ദീഖിന് വയനാട് കൂടാതെ വടകര, കാസര്‍കോട് മണ്ഡലങ്ങളിലേക്കും സാധ്യതയുണ്ട്. കാസര്‍കോട്ട് തന്നെ ഒരങ്കം കൂടി കുറിക്കാനായിരിക്കും സിദ്ദീഖ് നിയോഗിക്കപ്പെടുകയെന്നറിയുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഈ വിശ്വസ്തന്‍ വയനാട്ടില്‍ കുറഞ്ഞൊരു ധാരണക്ക് തയ്യാറാകില്ലെന്ന സൂചനയുമുണ്ട്. കാസര്‍കോട്ട് സിദ്ദീഖ് അല്ലെങ്കില്‍ കന്നഡ മേഖലയില്‍ സ്വാധീനമുള്ള കെ പി സി സി അംഗം ഐ സുബ്ബയ്യ റാവുവിനെ മത്സരിപ്പിച്ചേക്കും.

വടകര കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകമാണ്. അദ്ദേഹം പ്രസിഡന്റായതുകൊണ്ട് സ്ഥാനാര്‍ഥി ആരെയാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ആശയക്കുഴപ്പത്തിലാണ്. മുല്ലപ്പള്ളി വന്നാലേ വടകര ലഭിക്കൂവെന്നാണെങ്കില്‍ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. മുല്ലപ്പള്ളിയല്ലെങ്കില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബുവിന് നറുക്ക് വീണേക്കും. യു ഡി എഫിനൊപ്പമുണ്ടായിരുന്ന ദള്‍ ഇത്തവണ എല്‍ ഡി എഫിനൊപ്പമാണെന്നിരിക്കെ നന്നായി ശ്രദ്ധിക്കേണ്ട മണ്ഡലമാണ് വടകരയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

കണ്ണൂരില്‍ കെ സുധാകരനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കെ പി സി സിയില്‍ പ്രധാന ചുമതലയുള്ള സുധാകരന്‍ അതൊഴിവാക്കി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. സുധാകരന്‍ വഴങ്ങുന്നില്ലെങ്കില്‍ എ പി അബ്ദുല്ലക്കുട്ടി, ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ പേരും പരിഗണനയിലാണ്.

പാലക്കാട് മണ്ഡലത്തില്‍ ആരെയിറക്കുമെന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകളാണ് നടക്കുന്നത്. തൃത്താല എം എല്‍ എ കൂടിയായ വി ടി ബല്‍റാമിനാണ് സാധ്യത. ഷാഫി പറമ്പിലിന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും മേല്‍ക്കൈ ബല്‍റാമിന് തന്നെ. പാലക്കാട് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠനേയും പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട്. സംവരണ സീറ്റായ ആലത്തൂരിന്റെ കാര്യത്തില്‍ ഒരു പേരും ഉയര്‍ന്നു വന്നിട്ടില്ല.

Latest