പോലീസിന് തലവേദനയായി പരിധിവിട്ട വിവാഹ ആഘോഷങ്ങള്‍

Posted on: December 24, 2018 1:51 pm | Last updated: December 24, 2018 at 1:51 pm

തിരുന്നാവായ: കല്ല്യാണത്തിലെ പേക്കൂത്തുകള്‍ പരിധിവിടുന്നത് പോലീസിനും പൊല്ലാപ്പാകുന്നു. ക്രമസമാധാന പരിപാലനത്തിനും മന്ത്രിമാരുടെ സുരക്ഷക്കും ആവശ്യത്തിന് പോലീസുകാരില്ലാത്തപ്പോഴാണ് പുതിയ പണി കൂടി കിട്ടുന്നത്.
പരിധി വിട്ട് ആഘോഷങ്ങള്‍ ഈയിടെ ചില കല്ല്യാണങ്ങളില്‍ പോലീസ് എത്തേണ്ട അവസ്ഥയുണ്ടാക്കിയിരുന്നു. ഇന്നലെ കാരത്തൂരിലെ ഓഡിറ്റോറിയത്തില്‍ ഉണ്ടായ സംഘര്‍ഷവും തീര്‍ക്കാന്‍ പോലീസ് തന്നെ രംഗത്തെത്തി. വരന്റെ കൂടെയെത്തിയവര്‍ പരിധി വിട്ടതോടെ ഓഡിറ്റോറിയത്തിലുണ്ടായിരുന്ന കാരണവന്‍മാര്‍ ചോദ്യം ചെയ്യുകയും ഇത് കശപിശയിലും അടിപിടിയിലും കലാശിക്കുകയുമായിരുന്നു. പ്രശ്‌നം പരിധി വിട്ടതോടെ തിരൂരില്‍ നിന്ന് പോലീസെത്തി രംഗം ശാന്തമാക്കി.
മാസങ്ങള്‍ക്ക് മുമ്പ് അജിതപ്പടിയില്‍ വിവാഹ സംഘത്തിന്റെ വാഹനം ഗതാഗതം തടഞ്ഞത് ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ പ്രശ്‌നം പിന്നീട് വീടുകയറി ആക്രമിക്കുന്ന സ്ഥിതിയിലേക്കും എത്തി. ഈ കേസില്‍പ്പെട്ടവര്‍ ഇപ്പോഴും വിദേശത്ത് ഒളിവിലാണെന്നാണ് സൂചന. നിരവധി ചെറുപ്പക്കാര്‍ കേസില്‍ കുടുങ്ങിക്കിടക്കുകയാണ്.
യുവാക്കളില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളാണ് പലപ്പോഴും പ്രശ്‌നത്തിനിടയാക്കുന്നത്. ചില സ്ഥലത്ത് മഹല്ല് കമ്മിറ്റികള്‍ ഇടപെട്ട് വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ഞായറാഴ്ചകളില്‍ ഇപ്പോള്‍ കല്ല്യാണ പ്രശ്‌നം പരിഹരിക്കാന്‍ പോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് പോലീസുകാര്‍.