Connect with us

Malappuram

കെടുതികളില്‍ നിന്ന് ടൂറിസം മേഖല കര കയറുന്നു

Published

|

Last Updated

നിപ്പാ വൈറസ്, പ്രളയം എന്നിവയെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ നിന്ന് ടൂറിസം മേഖല കരകയറുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ 12 ശതമാനം നെഗറ്റീവ് വളര്‍ച്ചാ നിരക്കാണ് ടൂറിസം മേഖലക്കുണ്ടായിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ വിദേശ, തദ്ദേശ സഞ്ചാരികളുടെ ഒഴുക്കുണ്ടായതോടെ ഇതില്‍ നിന്ന് കരകയറി വരികയാണ്.
റോഡുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം പുനരുദ്ധാരണം നടത്തിയതും സഞ്ചാരികളുടെ ഒഴുക്കിനിടയാക്കിയിട്ടുണ്ട്. മുസ്‌രിസ് പൈതൃക പദ്ധതി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിന് കിഫ്ബിയില്‍ നിന്ന് 122 കോടിയും സര്‍ക്കാറില്‍ നിന്ന് 22 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ പൈതൃക മ്യൂസിയവും എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദ സഞ്ചാര രംഗം കെടുതികള്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കുന്നതിന് ബൃഹത്തായ കര്‍മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ സിറാജിനോട് പറഞ്ഞു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വയനാട് എന്നിവയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. നെഹ്‌റു ട്രോഫി വെള്ളംകളി മാറ്റി വെച്ചതും കുറിഞ്ഞികള്‍ പൂക്കാത്തതും സന്ദര്‍ശകരുടെ വരവ് കുറച്ചിരുന്നു. പ്രളയത്തില്‍ ഇടുക്കി ഒറ്റപ്പെട്ടതും കുട്ടനാട് മുങ്ങിയതും തിരിച്ചടിയായി.
തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ മാറ്റുന്നതിന് വേണ്ടി കോവളം, ശണ്‍മുഖം, വര്‍ക്കല, മടവൂര്‍ പാറ എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ 90 കോടി അനുവദിച്ചിട്ടുണ്ട്. പുഴകളെ ബന്ധിപ്പിക്കുന്ന പാതയിലൂടെ തീരങ്ങളിലെ കാണാക്കാഴ്ചകളിലേക്ക് സഞ്ചാരികളെ നയിക്കുന്ന മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയടക്കം വേഗം നടപ്പിലാക്കി സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മെഗാ പദ്ധതിക്ക് 325 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുപ്പം മുതല്‍ മലപ്പട്ടം വരെയുള്ള 100 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പുഴയോരങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മാണ പ്രവൃത്തിയാണ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തോളം വിദേശ സഞ്ചാരികളും ഒന്നര കോടിയിലേറെ ആഭ്യന്തര ടൂറിസ്റ്റുകളുമാണ് കേരളം സന്ദര്‍ശിച്ചത്. ഇതിലൂടെ ടൂറിസം മേഖലക്ക് 34,000 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഈ വര്‍ഷം പ്രളയത്താല്‍ 1,000 കോടിയുടെ നഷ്ടമാണ് ടൂറിസം മേഖലക്കുണ്ടായത്.

Latest