സഹകരണ വകുപ്പിലെ നിയമനം പി എസ് സിക്ക് വിടാത്തതില്‍ പ്രതിഷേധം ശക്തം

Posted on: December 24, 2018 12:41 pm | Last updated: December 24, 2018 at 12:41 pm

പാലക്കാട്: സഹകരണ വകുപ്പിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇനിയും യഥാര്‍ഥ്യമായില്ല. സഹകരണ വകുപ്പിലെ അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിന് വേണ്ടിയാണ് 23 വര്‍ഷം മുമ്പ് സര്‍ക്കാര്‍ പി എസ് സി മുഖാന്തരം നിയമം നടപ്പാക്കിയത്. എന്നാല്‍, സഹകരണ വകുപ്പിലെ പലവകുപ്പുകളും സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തുകയാണ്.
1995ലാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പക്‌സ് സഹകരണ സംഘങ്ങളിലെ നിയമനങ്ങളും ജില്ലാ സഹകരണ ബേങ്ക് നിയമനങ്ങളും പി എസ് സിക്ക് വിട്ടത്. എന്നാല്‍ വനിത ഫെഡ്, ടൂര്‍ ഫെഡ്, ഹോസ്പിറ്റല്‍ ഫെഡ്, ടെക്‌സ്‌ഫെഡ് എന്നിവിടങ്ങളില്‍ നിയമനങ്ങള്‍ പി എസ് സി വഴിയല്ല നടക്കുന്നത്.
സര്‍ക്കാര്‍, സഹകരണ സംഘങ്ങളിലും താത്കാലികമായി ജോലിക്ക് കയറിയവരെ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമനങ്ങള്‍ സഹകരണ പരീക്ഷ ബോര്‍ഡ് വഴിയാണ് നടക്കുന്നത്. ജില്ലാ സഹകരണ ബേങ്കിലേക്കുള്ള ക്ലാര്‍ക്ക്, ക്യാഷര്‍ തസ്തികയില്‍ പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും കേരളാ ബേങ്ക് നിലവില്‍ വരുമെന്നതിനാല്‍ ആറ് മാസമായി നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സഹകരണ വകുപ്പിലെ എല്ലാം നിയമനങ്ങളും പി എസ് സി മുഖാന്തരമാക്കി സുതാര്യമാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.