Connect with us

Prathivaram

ചെന്തമിഴ് ഗ്രാമങ്ങളുടെ ചന്തം

Published

|

Last Updated

ഓരോ യാത്രയും നമ്മെ ത്രസിപ്പിക്കുന്നത് ഓരോ രീതിയിലാണ്. കാട് കടന്ന് കുന്നിന്‍താഴ്‌വരകള്‍ കണ്ട് തമിഴ് ഗ്രാമചന്തങ്ങളിലേക്ക് രണ്ട് ദിവസം സുഹൃത്തുക്കളോടൊപ്പമുള്ള ബുള്ളറ്റ് റൈഡ്. അതും തണുത്ത മനോഹരമായ മലയോര ഗ്രാമങ്ങളിലൂടെ നാട്ടുവിശേഷങ്ങള്‍ തൊട്ടറിഞ്ഞുള്ള രണ്ട് ദിവസത്തെ കറക്കം. മലമുകളില്‍ നിന്നും സന്ധ്യയില്‍ വെളിച്ചം വിടരുന്ന നഗരത്തിന്റെ ആകാശക്കാഴ്ച, മഞ്ഞ് പടര്‍ന്നൊഴുകുന്ന കുന്നിന്‍മുകളില്‍ പകലിളം വെയില്‍ ചായുമ്പോള്‍ പകരുന്ന സുവര്‍ണ ഭംഗി. ഏത് യാത്രയേയും സാര്‍ഥകമാക്കുന്നത് അത്തരം നിമിഷങ്ങളാണ്. പുറപ്പെടും മുമ്പുള്ള ഹൃദയത്തിന്റെ തുടികൊട്ടല്‍ കാഴ്ചകള്‍, ഗന്ധങ്ങള്‍, രുചി വൈഭവങ്ങള്‍, മടുപ്പുകള്‍, പ്രതിബന്ധങ്ങള്‍, എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴുള്ള സങ്കടങ്ങള്‍ ഇതെല്ലാം ചേര്‍ന്നതായിരുന്നു കൊടൈക്കനാലിലേക്കും പ്രാന്തപ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്കുമുള്ള ഈ യാത്ര.

കോടമഞ്ഞിന്‍ സാഗരത്തിലേക്ക്
മുന്‍ യാത്രകളില്‍ കൂടെയുള്ളവര്‍ തന്നെയാണ് ഇതിലും ബുള്ളറ്റുമായി വന്നത്. പാലക്കാട് നിന്ന് പ്രാതലും കഴിച്ച് പൊള്ളാച്ചി വഴിയാണ് യാത്ര. വഴിയരികില്‍ തണല്‍ മരങ്ങള്‍ കുട നിവര്‍ത്തി നില്‍പ്പുണ്ട്. പിറകില്‍ കാറ്റാടികള്‍ ഇടവേളകളില്ലാതെ വീശി യാത്രയാക്കുകയാണ്. പൊള്ളാച്ചിയില്‍ നിന്ന് പളനി വഴിയാണ് കൊടൈക്കനാല്‍ കുന്നിലേക്കുള്ള വഴി. കളഭവും കുതിരച്ചാണകവും പഞ്ചാമൃതവും മണക്കുന്ന പാട്ടുകള്‍ നിറഞ്ഞ കാവടികള്‍ മിന്നുന്ന പഴനിയുടെ വഴികളില്‍ നിന്നും 65 കിലോമീറ്റര്‍ ദൂരമുണ്ട് ഇന്ത്യയിലെ തന്നെ മനോഹരവും അവസ്മരണീയവുമായ കൊടൈക്കനാല്‍ നെറുകയിലേക്ക്. പഴനി പിന്നിട്ടതും റോഡരികില്‍ തമിഴകത്തെ നാടന്‍ കുടിലുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. വഴിനീളെ പുളിമരങ്ങളും മാവിന്‍ തോട്ടങ്ങളും നീണ്ടുനീണ്ട് പോവുന്നു. ഇനിയങ്ങോട്ട് 45 കിലോമീറ്ററോളം ചുരമാണ്. അരികുകള്‍ കൂര്‍ത്ത് പുറത്തേക്ക് തള്ളി നില്‍ക്കുന്ന പരുപരുത്ത പാറകളും പച്ചനിറഞ്ഞ പുല്‍മേടുകളും. മെല്ലെ മെല്ലെ കാട്ടിലേക്കും പച്ചപ്പുകളിലേക്കും പ്രവേശിച്ചു തുടങ്ങി. തണുപ്പ് സാവധാനം സ്വാഗതം പറയുന്നു. ദൂരെ പാലാര്‍ ഡാമും പഴനിമലയും തെളിഞ്ഞു കാണാം. ചുരം കയറ്റം ആരംഭിച്ചു. 45 കിലോമീറ്ററില്‍ അനേകം ഹെയര്‍ പിന്‍ വളവുകള്‍ ഒടിഞ്ഞും തിരിഞ്ഞും കയറുകയാണ്. ഇരുഭാഗത്തും ഇടതൂര്‍ന്ന് വളരുന്ന കാപ്പിച്ചെടികളും യൂക്കാലിപ്‌സ് മരങ്ങളും. ഇവക്കിടയിലൂടെ സ്ഫടിക ജലം ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍. താഴെ മടക്കു മലകളുടെ വിള്ളലുകളിലൂടെ കാണുന്ന ഹരിതാഭമായ നെല്‍പ്പാടങ്ങള്‍. പാടങ്ങള്‍ക്കിടയില്‍ പാവങ്ങള്‍ പാര്‍ക്കുന്ന കൂരകള്‍. മലകളുടെ മടിത്തട്ടിലൂടെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് വളഞ്ഞുപുളഞ്ഞ് മേല്‍പ്പോട്ട് കയറിപ്പോകുന്ന മലമ്പാത. മലമ്പാതകള്‍ക്ക് തൊട്ടുതാഴെ ചെങ്കുത്തായ താഴ്‌വാരങ്ങള്‍ അകലെയാകുകയാണ്. വെളുപ്പിനെ പുറപ്പെട്ടിട്ടും ഉച്ചവെയില്‍ തലക്കു മീതെ കത്തി നില്‍ക്കുന്ന നേരമായി കൊടൈ മുകളിലെത്താന്‍.

ഗ്രാമങ്ങളുടെ ആത്മാവ് തേടി
യാത്രയില്‍ സഞ്ചാരി തേടുന്നത് വൈവിധ്യങ്ങളാണ്. പോയ വഴികളിലൂടെ പോകാനും കണ്ട കാഴ്ചകള്‍ കാണാനും ആരും ഇഷ്ടപ്പെടുന്നില്ല. കൊടൈക്കനാലിലെ പരമ്പരാഗത വിനോദസഞ്ചാരങ്ങള്‍ മാത്രമായിരുന്നില്ല ഈ യാത്രയുടെ ലക്ഷ്യം. സഞ്ചാരികളുടെ തിരക്കില്‍ നിന്നകന്ന് കൊടൈക്കനാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്കാണ് റൈഡേഴ്‌സിന്റെ യാത്ര. പൂമ്പാറെ, മന്നവനൂര്‍, പോളൂര്‍, കിലാവരൈ തുടങ്ങിയ കാര്‍ഷിക ജീവിതം തുടിച്ചു നില്‍ക്കുന്ന കാഴ്ചകളിലേക്ക്. അതിരാവിലെയുള്ള ഈ റൈഡ് നിരവധി വളവുകള്‍ പിന്നിട്ട് കാടകം കീഴടക്കി മുന്നോട്ട് കുതിക്കുമ്പോള്‍ തണുപ്പിന്റെ മാസ്മരികത പൊതിഞ്ഞു. കുട്ടിക്കാലത്തെ സ്‌കൂള്‍ പഠനയാത്ര മുറ്റിനിന്നിരുന്നു കൊടൈക്കനാലിലെത്തുമ്പോള്‍. സില്‍വര്‍ കാസ്‌കേഡും കോക്കേഴ്‌സ് വാക്കും നക്ഷത്ര തടാകവും കണ്ടാസ്വദിച്ച് ഒരു രാത്രി അവിടെ തങ്ങിയാണ് ഞങ്ങള്‍ രണ്ടാം ദിവസം അതിരാവിലെ ഗ്രാമങ്ങളിലേക്ക് പുറപ്പെട്ടത്. നഗരപരിസരങ്ങളില്‍ നിന്ന് കാടകം കടന്ന് ഏകാന്തമായ ഗ്രാമ പാതകളിലേക്ക് മെല്ലെ മെല്ലെ അടുത്ത് തുടങ്ങി. പൂമ്പാറ തിരിച്ചുവരുമ്പോള്‍ കയറാം എന്ന് തീരുമാനിച്ച് നേരെ മന്നവനൂരിലേക്ക്. തമിഴ്‌നാടിന്റെ ഫലഭൂയിഷ്ഠ ചരിത്രത്തിലേക്ക് നടന്നുനീങ്ങുന്ന പോലെ തോന്നി. അത്രമേല്‍ മനോഹരമാണ് തമിഴ് ഗ്രാമഭംഗി. എല്ലാത്തരം കൃഷികളും. മലയാളികള്‍ അധികം കടന്നു ചെന്നിട്ടില്ലാത്ത പാതകളാണിത്. ചിരപരിചിത വഴികളിലെ അനുഭൂതി പകരുന്നതായിരുന്നു മന്നവനൂരിലേക്കുള്ള റൈഡ്. ഗ്രാമങ്ങളും കാടുകളും കുന്നുകളും കടന്ന് മന്നവനൂര്‍ തടാകക്കരയിലെത്തുമ്പോള്‍ ഇളംവെയിലില്‍ തണുത്ത കാറ്റുവീശി വരുന്നുണ്ടായിരുന്നു. തടാകക്കരയിലും കുന്നിന്‍ ചെരുവിലും കൂട്ടംകൂട്ടമായി ചെമ്മരിയാടുകള്‍ മേയുന്നുണ്ടായിരുന്നു. ഇവയോടൊപ്പം ഫോട്ടോക്കായി കുറെ നേരം കുന്നിന്‍ മുകളില്‍ കുട്ടികളെ പോലെ ഇരുന്നു. പല മലയാള സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട് ഈ തടാകവും മൊട്ടക്കുന്നും കെട്ടിയുണ്ടാക്കിയ മരപ്പാലവുമെല്ലാം. ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് മന്നവനൂര്‍. ക്യാമ്പ് ചെയ്യാനും രാപ്പാര്‍ക്കാനും ഹോം സ്‌റ്റേ സൗകര്യങ്ങളുമുണ്ട്.

അവസാന ചെന്തമിഴ് ഗ്രാമത്തിലേക്ക്
തട്ടുതട്ടുകളായ കൃഷിത്തോട്ടങ്ങള്‍, കണ്ണെത്തും ദൂരമല്ലാം മലനിരകള്‍, ചുരുളുകളായി വന്നുപതിക്കുന്ന കോടമഞ്ഞ്, തിളങ്ങി നില്‍ക്കുന്ന നീലാകാശം. നിറപ്പകിട്ടാര്‍ന്ന തമിഴ് അതിര്‍ത്തി ഗ്രാമമാണ് കിലാവരൈ. മന്നവനൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് അവസാന ചെന്തമിഴ് കാര്‍ഷിക ഗ്രാമമായ കിലാവരൈ. മലമുകളില്‍ ചിതറിത്തെറിച്ച് കിടക്കുന്ന ഗ്രാമത്തിലേക്ക് നടന്നു നീങ്ങിയാല്‍ കാബേജും കാരറ്റും വെളുത്തുള്ളിയും വിളവെടുക്കുന്നത് കാണാം. ഇവിടെ നിന്നാണ് തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലേക്കും പച്ചക്കറികള്‍ എത്തിച്ചേരുന്നത്. ഉച്ചവെയില്‍ മുഖത്തൂടെ കാലിയായ വയറില്‍ വന്ന് പതിക്കുന്നുണ്ട്. വിശപ്പും ദാഹവും ഒരു പോലെ അനുഭവപ്പെട്ട് തുടങ്ങി. തിരിച്ച് പൂമ്പാറെ വഴി കോടൈക്കനാലിലേക്ക് തന്നെ വെച്ചുപിടിച്ചു.

കിലാവരൈയില്‍ നിന്ന് 45 കിലോമീറ്ററാണ് കൊടൈക്കനാലിലേക്ക്. പൂമ്പാറെയില്‍ കാര്യമായ കാഴ്ചകളില്ലെങ്കിലും ആ കൊച്ചു ടൗണിന് ചുറ്റും തട്ടുതട്ടായ കൃഷിയിടങ്ങള്‍ റോഡരികില്‍ നിന്ന് നോക്കുമ്പോള്‍ നയനമനോഹരമാണ്. തമിഴ്‌നാട് സദ്യയും കഴിച്ച് പൈന്‍മര തണലിലൂടെ ഗോള്‍ഫ് കളിക്കാനായി നീക്കിവെച്ച നീളമേറിയ കുന്നിന്‍ ചെരുവിലെ വളഞ്ഞ റോഡ് പിന്നിട്ട് ഗോഷന്‍ റോഡ് വ്യൂ പോയിന്റ്, ഗ്രീന്‍വാലി (ആത്മഹത്യാ മുനമ്പ്), ഗുണകേവ് തുടങ്ങിയ കാഴ്ചകളിലേക്ക് നീങ്ങി.
ആകാശത്തിനു താഴെ കുട ചൂടിയ കോടമഞ്ഞിന്റെ തണുപ്പ് ഗോഷന്‍ റോഡിലുള്ള വാച്ച് ടവറിലേക്ക് സന്ദര്‍ശകരുടെ തിരക്ക് ഇരട്ടിയാക്കി. വൈഗാ ഡാമും കൊടൈക്കനാലിലെ കുന്നിന്‍ ചരിവുകളില്‍ കോടമഞ്ഞ് കട്ടപിടിച്ച് നില്‍ക്കുന്നതും കാണാനാണ് വാച്ച് ടവറിലെ ഈ തിക്കും തിരക്കും. അങ്ങോട്ട് എത്തി നോക്കാതെ ഗ്രീന്‍വാലിയിലേക്കും തൊട്ടടുത്തുള്ള ഗുണ ഗുഹയിലേക്കും പോകാന്‍ തീരുമാനിച്ചു. സൂയിസൈഡ് പോയിന്റിലെത്തിയപ്പോഴാണ് ഒരു കാര്യം ഉറപ്പായത്. ആത്മഹത്യ ചെയ്യാന്‍ പറ്റാത്ത വിധം ഒരാള്‍ ഉയരത്തില്‍ വലിയൊരു ഭിത്തി. ഭിത്തിക്ക് മുകളില്‍ കൂറ്റന്‍ കമ്പിവേലി. ആത്മഹത്യ ചെയ്യണമെങ്കില്‍ നല്ലപോലെ കഷ്ടപ്പെടണം. ആത്മഹത്യകള്‍ ഏറിയപ്പോള്‍ പേരു മാറ്റി ഗ്രീന്‍വാലി എന്നാക്കിയെങ്കിലും ചാട്ടത്തിനും മരണത്തിനും ഒരു കുറവും വന്നില്ല. അങ്ങനെയാണ് ഒടുവില്‍ ചാട്ടം നിര്‍ത്താന്‍ ഭരണാധികാരികള്‍ വേലി കെട്ടിയത്. ഇതിന് തൊട്ടടുത്താണ് കമലഹാസന്റെ സിനിമയിലൂടെ പ്രസിദ്ധമായ ഗുണകേവ്. ഈ ഗുഹ കമ്പിവേലി കെട്ടി ഭദ്രമാക്കിയിട്ടുണ്ട്. ഒട്ടേറെ സഞ്ചാരികള്‍ ദിവസേന വന്നു പോകുന്നിടമാണിവിടം.

പുറത്ത് മഞ്ഞും വിളക്കു കാലുകള്‍ വിതറുന്ന വെളിച്ചവും ചേര്‍ന്ന മങ്ങലില്‍ മിഴി ചിമ്മാനൊരുങ്ങുകയാണ് കൊടൈ ടൗണ്‍. കടകള്‍ പാതിയും അടഞ്ഞു. യാത്രക്കാര്‍ പലരും അപ്പോഴും കോടൈ കുന്ന് കയറി വരുന്നുണ്ട്. ചില വാഹനങ്ങള്‍ കുതിച്ചു പായുന്നു. കമ്പിളി കുപ്പായവും പല പല ആകൃതിയിലുള്ള രോമത്തൊപ്പിയും ധരിച്ച അപരിചതരായ മനുഷ്യര്‍ നേര്‍ത്ത നിഴലുകള്‍ പോലെ നടന്നു പോകുന്നു. ഹോ! അസഹ്യമായ തണുപ്പ് വന്ന് മൂടാന്‍ തുടങ്ങി. ഒട്ടിപ്പിടിച്ച വലിയ അട്ടകളെ പോലെ കോടൈ ശൈത്യം ശരീരമാകെ തുളച്ചുകയറുന്നു. പകല്‍ രാത്രിക്ക് വേണ്ടി അരങ്ങൊഴിഞ്ഞ് കൊടുക്കാനുള്ള പുറപ്പാടിലാണ്. മലമടക്കുകളില്‍ വീണ പകലിനെ തോളിലേറ്റി സന്ധ്യ സങ്കേതവും തേടി കുതിച്ച് തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ യാത്ര പറയാനൊരുങ്ങി ഞങ്ങള്‍. അല്‍പ്പനേരം ചെലവഴിച്ച് ഫോട്ടോയും പകര്‍ത്തി സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തിലുള്ള പല പല ദേശങ്ങളില്‍ നിന്നുമെത്തി പല പല ഭാഷകള്‍ പറയുന്ന കൊടൈ നാടിനോട് വിട പറയാനൊരുങ്ങി.
ഓരോ യാത്രയുടെയും അവസാനം വിട പറച്ചിലാണ്. അതുവരെ കണ്ട, അറിഞ്ഞ, അനുഭവിച്ച, സ്‌നേഹിച്ച നാടും ആളുകളേയും ഉപേക്ഷിച്ചുള്ള മടക്കം. ഉള്ളില്‍ കൊതി തോന്നുണ്ടായിരുന്നു ആ കാര്‍ഷിക ഗ്രാമങ്ങളിലെ കുടിലുകളില്‍ കുറച്ച് നാള്‍ അന്തിയുറങ്ങാന്‍. പിന്നെ കൊടൈകുന്നിലെ ഓരോ ഹെയര്‍ പിന്‍ വളവും പിന്നിട്ട് പഴനി വഴി പൊള്ളാച്ചിയിലേക്ക്. പൊള്ളാച്ചിയില്‍ ഞങ്ങളെത്തുമ്പോള്‍ സമയം രാത്രി 8.30 കഴിഞ്ഞിരുന്നു. എത്രയോ കണ്ടിട്ടുള്ളതാണ് പൊള്ളാച്ചിയുടെ മുഖം. ഞങ്ങളവിടെ എത്തുമ്പോള്‍ കിലോമീറ്ററുകളോളം വഴിയരികില്‍ പൊള്ളാച്ചി ചന്ത പൊടിപൊടിക്കുകയാണ്. കന്നുകാലികള്‍, പച്ചക്കറികള്‍, ശര്‍ക്കര എന്നിവക്ക് പേരു കേട്ടതാണ് ചന്ത. ഇവിടുത്തെ ശര്‍ക്കര മാര്‍ക്കറ്റ് ഏഷ്യയിലെ തന്നെ വലുതാണ്.

രാത്രി ഭക്ഷണം ഇവിടെ നിന്നാവാം എന്ന് ഇതുവഴി പോകുമ്പോള്‍ മനസ്സില്‍ കരുതിയതാണ്. ഇവിടെ നാടന്‍ കോഴി കൊണ്ടുണ്ടാക്കിയ നല്ല ഒന്നാന്തരം വേണൂസ് ഗിണ്ടിഗല്‍ ബിരിയാണി കിട്ടും (കടയുടെ പേരും വേണൂസ് ഗിണ്ടിഗല്‍ ബിരിയാണി എന്നാണ്). കട കണ്ടുപിടിക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടെങ്കിലും ബിരിയാണി അകത്താക്കിയപ്പോള്‍ വേറിട്ടൊരു രുചി പരിചയപ്പെട്ടതിന്റെ ആത്മസംതൃപ്തി തോന്നി.
.

---- facebook comment plugin here -----

Latest