Connect with us

Editorial

അപ്രതീക്ഷിതമല്ല ഈ വിധിപ്രസ്താവം

Published

|

Last Updated

സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്ത്യം ഇങ്ങനെയാകുമെന്ന് നേരത്തെ തന്നെ പലരും കണക്കുകൂട്ടിയതാണ്. വേണ്ടത്ര തെളിവില്ലാത്തത് കൊണ്ടാണത്രേ കേസില്‍ അവശേഷിച്ച 22 പ്രതികളെയും വെറുതെ വിട്ടു കൊണ്ട് മുംബൈയിലെ പ്രത്യേക സി ബി ഐ കോടതി ഉത്തരവായിരിക്കുന്നു. കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയിരുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മുമ്പേ തന്നെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2014ല്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത് വരെ ഈ കേസ് ഏറെക്കുറെ ശരിയായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കേസില്‍ ആദ്യാവസാനം ഒറ്റ ജഡ്ജി വാദം കേള്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ ലംഘനം, വിചാരണ നേരിടാന്‍ അമിത് ഷാ കോടിതിയില്‍ നേരിട്ടു ഹാജരാകണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് ജെ ടി ഉത്പത്തിന്റെ സ്ഥലം മാറ്റം, പിന്നീട് വന്ന ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണം, കേസില്‍ അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിന് ബി എച്ച് ലോയക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന ലോയയുടെ സഹോദരി ഡോ. അനുരാധ ബിയാനിയുടെ വെളിപ്പെടുത്തല്‍, പകുതിയോളം സാക്ഷികളുടെ കൂറുമാറ്റം തുടങ്ങി കേസിന്റെ ദിശാമാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവങ്ങളാണ് പിന്നീട് തുടരെത്തുടരെ അരങ്ങേറിയത്. കേസില്‍ 210 സാക്ഷികളാണുണ്ടായിരുന്നത്. ഇവരില്‍ സുഹ്‌റാബുദ്ദീനെയും ഭാര്യയെയും പ്രജാപതിയെയും ബസില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്നത് കണ്ടവരടക്കം 92പേര്‍ പിന്നീട് കൂറുമാറുകയുണ്ടായി.

സുഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, സുഹൃത്ത് തുളസി റാം എന്നിവര്‍ കൊല്ലപ്പെട്ട സംഭവമാണ് കേസിനാസ്പദം. ഹൈദരാബാദിലെ ഒരു സുഹൃത്തിനെ കാണാനായി പുറപ്പെട്ട മൂന്നു പേരും വഴിമധ്യേ ദുരൂഹ സാഹചര്യത്തില്‍ വധിക്കപ്പെടുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അഹ്മദാബാദില്‍ വെച്ച് കൊല്ലാന്‍ വേണ്ടിയാണ് ഇവര്‍ പുറപ്പെട്ടതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡും രാജസ്ഥാന്‍ പോലീസിലെ ഒരു സംഘവും ചേര്‍ന്ന് നടത്തിയ രഹസ്യ ഓപറേഷനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാദം. പോലീസുകാര്‍ ഇവരുടെ വാഹനം തടഞ്ഞപ്പോള്‍ സുഹ്‌റാബുദ്ദീന്‍ വെടിവെച്ചത്രെ. പോലീസുകാര്‍ തിരിച്ചു വെടിവെച്ചപ്പോഴാണത്രെ അദ്ദേഹവും ഭാര്യയും കൊല്ലപ്പട്ടത്. ഒരു വര്‍ഷത്തിനു ശേഷം തുളസിറാമും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു ഗുജറാത്ത് പോലീസ് 2004 ജൂണ്‍ 15ന് ഇശ്‌റത് ജഹാന്‍, മലയാളിയായ ജാവേദ് ശൈഖ് (പ്രാണേഷ് കുമാര്‍ പിള്ള) എന്നിവരടക്കം നാല് പേരെ വധിച്ചതും.

എന്നാല്‍ സുഹ്‌റാബുദ്ദീനെയും കൂടെയുള്ളവരെയും ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും സി ബി ഐയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം ശരിവെക്കുന്നതായിരുന്നു. ചില രാഷ്ട്രീയ പ്രമുഖരും രാജസ്ഥാന്‍, ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥരും ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് മൂവരുടെയും കൊലപാതകമെന്നാണ് സി ബി ഐ കണ്ടെത്തല്‍. ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും 2005 നവംബര്‍ 22ന് സുഹ്‌റാബുദ്ദീനെയും കൗസര്‍ബിയെയും പ്രജാപതിയെയും ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ യാത്രാ മധ്യേ ബസില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു എന്നുമാണ് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നത്. തുടര്‍ന്ന് ഫാം ഹൗസില്‍ വെച്ച് നവംബര്‍ 25ന് സുഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ടു. അടുത്ത ദിവസം കൗസര്‍ബിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു. 2006 ഡിസംബറിലാണ് സമാനമായ രീതിയില്‍ പ്രജാപതി കൊല്ലപ്പെട്ടത്. സുഹ്‌റാബുദ്ദീനും ഭാര്യയും ബസിലാണ് യാത്ര നടത്തിയതെന്ന സഹയാത്രികന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

ഏറെ വിവാദം സൃഷ്ടിച്ച ഈ കേസില്‍ അമിത് ഷാ ഉള്‍പ്പെടെ ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ചും ക്രിമിനല്‍ മാഫിയകളുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ചും സി ബി ഐ ഉദ്യോഗസ്ഥന്‍ സന്ദീപ് തംഗഡ്‌ഗെ, കേസന്വേഷണ സംഘത്തിലെ ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ അമിതാഭ് ഠാക്കൂര്‍ എന്നിവര്‍ ടെലിഫോണ്‍ രേഖകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നിട്ടും കേസ് കോടതിക്ക് ബോധ്യപ്പെടാതെ പോയതെന്തു കൊണ്ടാണ്? ഹിന്ദുത്വര്‍ പ്രതികളായ മിക്ക കേസുകളുടെയും അവസ്ഥ ഇതു തന്നെയാണെന്നത് യാദൃച്ഛികമായിരിക്കുമോ? സുപ്രീം കോടതി പ്രവര്‍ത്തനം കുത്തഴിഞ്ഞെന്നും വിശ്വാസ്യത നഷ്ടപ്പെട്ടെന്നും മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ജെ ചേലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ എന്നിവരുടെ തുറന്നു പറച്ചില്‍ ഇവിടെ ശ്രദ്ധേയമാകുകയാണ്. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് കേട്ടിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ പത്രസമ്മേളനമെന്നതും എടുത്തു പറയേണ്ടതുണ്ട്.

Latest