ദുബൈ സന്ദര്‍ശിക്കുന്നവരില്‍ ഏറെയും ഇന്ത്യക്കാര്‍

Posted on: December 22, 2018 4:43 pm | Last updated: December 22, 2018 at 4:43 pm

ദുബൈ: നടപ്പുവര്‍ഷം ആദ്യ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ 1.15 കോടി സന്ദര്‍ശകര്‍ ദുബൈയില്‍ എത്തി. ഇക്കുറിയും ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് സഊദി അറേബ്യയും മൂന്നാം സ്ഥാനത്ത് യു കെ യുമാണ്.

റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബൈ സന്ദര്‍ശിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയായി. റഷ്യയില്‍ നിന്ന് മാത്രം ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ 4,60,000 പേരാണ് ദുബൈയില്‍ എത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള സന്ദര്‍ശകരിലും 12 ശതമാനം വര്‍ധനയുണ്ടായി.

ഈ വര്‍ഷം ഇതുവരെ ചൈനയില്‍ നിന്നെത്തിയത് 6,41,000 പേരാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യു എ ഇ നടപ്പാക്കിയ വിസ ഓണ്‍ അറൈവല്‍ സംവിധാനം അടക്കമുള്ള പരിഷ്‌കരണങ്ങളാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ സഹായമായത്.

സന്ദര്‍ശക വിസ നടപടികള്‍ എളുപ്പമാക്കിയതും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പാക്കിയതും ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നെല്ലാം വിമാന സര്‍വീസുകള്‍ ലഭ്യമാണെന്നതും ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേരെത്തുന്നതിന് കാരണമാകുന്നുണ്ട്.