Connect with us

Editors Pick

കൈനീട്ടാന്‍ മനസ്സില്ല, ശരീരം തളര്‍ന്നിട്ടും മനസ്സ് പതറാതെ ഉനൈര്‍

Published

|

Last Updated

മലപ്പുറം: “പടച്ചോന്‍ നമുക്ക് കൈയ്യും കാലൊക്കെ തന്നിട്ടില്ലെ പിന്നെങ്ങനെയാ നമ്മള് മനുഷ്യന്‍മാരോട് ചോദിക്കുക. അതൊരു രണ്ടാം നമ്പറല്ലേ… ഞാന്‍ പടച്ചോന്‍ തന്ന കൈയ്യും കാലും കൊണ്ട് നയിച്ച് ജീവിക്കുകയാണ്”. ദൈവം നല്‍കിയ അനുഗ്രഹങ്ങളില്‍ പരാതികള്‍ മാത്രം പരതുന്നവര്‍ കേള്‍ക്കണം ഈ വാക്കുകള്‍. നിസാരമായ അസുഖങ്ങള്‍ വന്നാല്‍ പോലും ജോലിക്ക് പോവാന്‍ മടിക്കുന്ന നമ്മളില്‍ പലരും ഈ വീഡിയോ കാണണം. ശരീരം തളര്‍ന്നിട്ടും മനസ്സ് പതറാതെ ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ പപ്പടവുമായി ദിവസവും സഞ്ചരിക്കുന്നത് കിലോമീറ്ററുകള്‍.

രണ്ടു ചെറുപ്പക്കാരാണ് നിലമ്പൂര്‍ സ്വദേശി ഉനൈറിന്റെ വീഡിയേ ദൃശ്യങ്ങള്‍ പകര്‍ത്തി പുറംലേകത്തിന് പരിചയപ്പെടുത്തിയത്. ദിവസവും ഒരു മുന്നൂറ് രൂപ വരെ കിട്ടുെമന്നും എന്നാല്‍ ചെലവ് കഴിഞ്ഞ് കുറച്ചേ ബാക്കിയുണ്ടാകൂ എന്നും ഉനൈര്‍ ദൃശ്യങ്ങളില്‍ പറയുന്നു. ഭാര്യയും മക്കളും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ മനുഷ്യന്‍. ഇദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച പകുതി മാത്രമേയുള്ളൂ കൈകാലുകള്‍ക്ക് വൈകല്യവും സംഭവിച്ചിരിക്കുന്നു എന്നുമാണ് ദൃശ്യങ്ങളിലുള്ളത്. എട്ടു വര്‍ഷമായി പപ്പട വില്‍പനയുമായി നടക്കുന്ന ഇദ്ധേഹത്തിന് കൈത്താങ്ങായി കൂടെയുണ്ടായിരുന്ന ഉമ്മ കാന്‍സര്‍ രോഗവുമായി തിരുവനന്തപുരത്ത് ചികിത്സയിലാണ്.

പരിമിതികളുടെ ഈ അവസ്ഥയിലും ഉനൈറിനൊരു പരാതിയുമില്ല. തനിക്കൊരു സഹായവും വേണ്ടന്നും ഞാന്‍ അധ്വാനിച്ച് ജീവിക്കുമെന്നും ചിരിച്ചു കൊണ്ട് ആത്മ വിശ്വാസത്തോടെ പറയാനുള്ള ഉനൈറിന്റെ മനസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ഇതിനകം തന്നെ സഹായ ഹസ്തവുമായി എത്തിയത്. ഫോണ്‍ നമ്പറും ബാങ്ക് അകൗണ്ട് നമ്പറും ചേര്‍ത്താണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.