പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ മഹല്ല് കമ്മിറ്റിക്കൊപ്പം കൈകോര്‍ത്ത് ക്രൈസ്തവ മിഷനും

Posted on: December 22, 2018 11:41 am | Last updated: December 22, 2018 at 11:41 am
കട്ടിപ്പാറ ചമല്‍ കാരപ്പറ്റ അബ്ദുസ്സലീമിനും കുടുംബത്തിനും ബദ്‌രിയ്യ മഹല്ല് കമ്മിറ്റിയും പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമവും ചേര്‍ന്ന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുന്നു

താമരശ്ശേരി: പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മിക്കാന്‍ തയ്യാറായ മഹല്ല് കമ്മിറ്റിക്ക് ക്രൈസ്തവ മിഷന്റെ പിന്തുണ. കട്ടിപ്പാറ ചമല്‍ കാരപ്പറ്റ അബ്ദുസ്സലീമിനും കുടുംബത്തിനും വീട് നിര്‍മിച്ചു നല്‍കാനുള്ള ചമല്‍ ബദ്‌രിയ്യ മഹല്ല് കമ്മിറ്റിക്കൊപ്പം പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമവും അധികൃതരാണ് കൈകോര്‍ത്തത്. സലീമിന്റെ വകലാംഗയായ മാതാവും ഓട്ടിസം ബാധിച്ച സഹോദനും ഉള്‍പ്പെടെ താമസിച്ചിരുന്ന വീട് തകര്‍ന്നതോടെ കുടുംബം വാടക വീട്ടിലേക്ക് മാറുകയായിരുന്നു.
മാതാവിനും സഹോദരനും ജില്ല കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സന്നദ്ധ സംഘടന വീടു വെച്ചുനല്‍കാമെന്ന് ഏറ്റിരുന്നുവെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. സലീമിന്റെ ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ വില്‍പ്പന നടത്തിയും മറ്റും വാങ്ങിയ വീട് തകര്‍ന്നെങ്കിലും സലീമിനും കുടുംബത്തിനും യാതൊരു സഹായവും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ചമല്‍ ബദരിയ്യ മഹല്ല് ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞ പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം അധികൃതര്‍ പിന്തുണയുമായി എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. ആശ്രമം അധികൃതരും മഹല്ല് കമ്മിറ്റിയും രണ്ടര ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്‌നേഹ വീട് നിര്‍മിക്കുന്നത്.
വീടിന്റെ തറക്കല്ലിടല്‍ ഫാ. കെ ഐ ഫിലിപ്പ് റമ്പാനും മഹല്ല് ഖത്തീബ് ബശീര്‍ സഖാഫിയും ചേര്‍ന്ന് നിര്‍വഹിച്ചു.