Connect with us

Editorial

ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

Published

|

Last Updated

ഹര്‍ത്താലിനെതിരെ വിവിധ തലങ്ങളില്‍ കൂട്ടായ്മകള്‍ രൂപപ്പെട്ടുവരികയാണ്. വ്യാഴാഴ്ച കോഴിക്കോട്ട് ചേര്‍ന്ന വ്യാപാരി വ്യവസായി യോഗം ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. അടുത്ത വര്‍ഷം മുതല്‍ എല്ലാ ഹര്‍ത്താലുകള്‍ക്കും കടകള്‍ തുറക്കും, ബസ്സുകള്‍ ഓടിക്കും. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനും തീരുമാനിച്ചു. ഇക്കാര്യത്തില്‍ സഹകരണം തേടി രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. വ്യാപാരി പ്രതിനിധികളും സ്വകാര്യ ബസ് ഉടമകളും അടക്കമുള്ള 36 സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെ ടി എം) നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള ടൂറിസം ടാസ്‌ക് ഫോഴ്‌സ് യോഗവും ഹര്‍ത്താലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറക്കാനും വാഹനങ്ങള്‍ ഓടിക്കാനുമാണ് തീരുമാനം. ഇതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെടും. ഹര്‍ത്താല്‍ ദിനത്തില്‍ ടൂറിസം മേഖല നേരിടുന്ന അക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുവര്‍ക്കെതിരെയായിരിക്കും കേസ് കൊടുക്കുക. ഹര്‍ത്താലിനെതിരായ സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാനും തീരുമാനമുണ്ട്.

കടുത്ത ജനദ്രോഹ സമരമായ ഹര്‍ത്താല്‍ സംസ്ഥാനത്ത് മുമ്പെത്തേക്കാളൂം വര്‍ധിച്ചുവരികയാണ്. വിവിധ തലങ്ങളിലായി നൂറോളം ഹര്‍ത്താലുകളാണ് ഈ വര്‍ഷം മാത്രം നടന്നത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്തതായിരുന്നു ഇവയില്‍ ബഹുഭൂരിഭാഗവും. 33 ഹര്‍ത്താലുകള്‍ നടത്തി ബി ജെ പിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം യു ഡി എഫിനാണ്. 2018ല്‍ അവര്‍ 27 ഹര്‍ത്താലുകള്‍ നടത്തി. 16 ഹര്‍ത്താലുകളുമായി എല്‍ ഡി എഫ് മൂന്നാം സ്ഥാനത്താണ്. വ്യാപാരി വ്യവസായികളും നടത്തി 11 ഹര്‍ത്താലുകള്‍. സ്ഥിരമായി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുള്ള മരുന്നു ഷോപ്പുകളും ഈ വര്‍ഷം ഹര്‍ത്താല്‍ നടത്തിയിരുന്നു. ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. ഹര്‍ത്താലിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന ശക്തമായ ജനവികാരത്തിനും കൂട്ടായ്മക്കും കേരളീയ ജനത ബി ജെ പിയോടാണ് കടപ്പെട്ടിരിക്കുന്നത്. ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തുടരെത്തുടരെ നടത്തിയ ഹര്‍ത്താലുകളാണ് ഈ സമരമുറയെ സംഘടിതമായി നേരിടാന്‍ വ്യപാരികളെയും വ്യവസായികളെയും നിര്‍ബന്ധിതരാക്കിയത്.

രാഷ്ട്രീയക്കാര്‍ ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും സൈ്വര ജീവിതവും തടയുമ്പോള്‍ നേതാക്കള്‍ക്ക് ഇതൊന്നും ബാധകമല്ലെന്നതാണ് അവസ്ഥ. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെ ചൊല്ലി ആഗസ്റ്റ് 14 ന് ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ അന്നേ ദിവസം നടന്ന ജ്യേഷ്ഠ പുത്രിയുടെ വിവാഹ ചടങ്ങിന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സ്വന്തം കാറില്‍ പോയതും തിരിച്ചു വന്നതും ചാനലുകള്‍ ദൃശ്യങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതാണ്. ചികിത്സക്കായി ആശുപത്രിയിലേക്ക് പോകുന്നവരെ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞുവെക്കുകയും കെ എസ് ആര്‍ ടി സിബസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്യുന്നതിനിടെയായിരുന്നു ബി ജെ പി നേതാവിന്റെ കാര്‍ യാത്ര.

ഹര്‍ത്താലുള്‍പ്പെടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പല സമരങ്ങളും ന്യായമായ ആവശ്യങ്ങളില്ലാത്ത സമരങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളാണ്. കാരണങ്ങള്‍ പലപ്പോഴും അവര്‍ ആസൂത്രിതമായി സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ ചാരംമൂട് എന്‍ എസ് എസ് കരയോഗ മന്ദിരത്തിലും സ്‌കൂള്‍ കൊടിമരത്തിലും കരിങ്കൊടി നാട്ടുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്ത സംഭവം ഉദാഹരണം. ശബരിമല പ്രശ്‌നത്തെ ചൊല്ലി എന്‍ എസ് എസും സി പി എമ്മുമായുള്ള ഭിന്നത മൂര്‍ച്ഛിച്ചിരിക്കെ ഉത്തരവാദിത്വം സി പി എമ്മിന്റെ മേല്‍ കെട്ടി വെച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എന്‍ എസ് എസ് പ്രവര്‍ത്തകരായ ആര്‍ എസ് എസുകാര്‍ തന്നെയായിരുന്നു ഈ അതിക്രമം കാണിച്ചത്. ചെങ്ങന്നൂര്‍ ഡി വൈ എസ് പി യഥാര്‍ഥ പ്രതികളെ പിടികൂടിയതോടെയാണ് ഈ കള്ളക്കളി വെളിച്ചത്തായത്. കുടുംബ പ്രശ്‌നത്തെ ചൊല്ലിയുള്ള ഒരു വ്യക്തിയുടെ ആത്മഹത്യയില്‍ പിടിച്ചു തൂങ്ങിയായിരുന്നല്ലോ ഡിസംബര്‍ 14ന് ബി ജെ പി ഹര്‍ത്താല്‍ നടത്തിയത്. ഈ ഹര്‍ത്താല്‍ വേണ്ടിയിരുന്നില്ലെന്നും പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ ഇത് പ്രതിക്കൂട്ടിലാക്കിയതായും പാര്‍ട്ടി നേതൃയോഗത്തില്‍ പോലും വിമര്‍ശനം ഉയരുകയും ചെയ്തു. ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതു മൂലം ഈ സമരത്തിന്റെ മൂര്‍ച്ച നഷ്ടപ്പെട്ടിരിക്കുകയുമാണ്. കഴിഞ്ഞയാഴ്ച നടന്ന ഹര്‍ത്താലില്‍ പല സ്ഥലങ്ങളിലും കടകള്‍ തുറക്കുകയും വാഹനങ്ങള്‍ വ്യാപകമായി ഓടുകയും ചെയ്തിരുന്നു. ചില പ്രദേശങ്ങളില്‍ നിര്‍ബന്ധിച്ചു കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ വ്യാപാരികളും നാട്ടുകാരും ആട്ടിയോടിച്ച സംഭവവുമുണ്ടായി.

വൈകിയാണെങ്കിലും ഹര്‍ത്താലിനെതിരെ കൂട്ടായ്മകള്‍ രൂപപ്പെട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്. ഈ നീക്കത്തിന് പൊതുസമൂഹത്തില്‍ മികച്ച പിന്തുണ ലഭിക്കാതിരിക്കില്ല. അതേസമയം ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ തീരുമാനമെടുത്ത വ്യാപാരികള്‍, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കടകള്‍ അടച്ചുള്ള സമരങ്ങള്‍ തുടരുമെന്ന നിലപാട് സ്വീകരിച്ചത് ശരിയല്ല. വ്യാപാര രംഗത്തുണ്ടാക്കുന്ന നഷ്ടമാണ് വ്യാപാരികളെ ഹര്‍ത്താല്‍ വിരുദ്ധ ചിന്തയിലേക്ക് നയിച്ചതെങ്കില്‍ തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ കടകള്‍ അടച്ചിടുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും അവര്‍ കാണാതെ പോകരുത്. സ്വന്തം കാര്യം മാത്രം കാണാതെ സമൂഹത്തിന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ടറിയാനുള്ള മാനസിക വിശാലത എല്ലാവര്‍ക്കും വേണ്ടതാണ്.