സ്വകാര്യ ഹജ്ജ് നയം നിലവില്‍ വന്നു; ഗ്രൂപ്പുകളെ കാറ്റഗറിയായി തിരിച്ച് ക്വാട്ട വിഭജനം

  • കരട് ഹജ്ജ് നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല
  • ഗ്രൂപ്പുകളുടെ സുരക്ഷാ ഡെപ്പോസിറ്റിൽ മാറ്റം വരുത്തി
Posted on: December 21, 2018 9:24 pm | Last updated: December 22, 2018 at 10:32 am

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ 2019-23 വര്‍ഷത്തേക്കുള്ള സ്വകാര്യ ഹജ്ജ് നയം നിലവില്‍ വന്നു. കരട് ഹജ്ജ് നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് അന്തിമനയം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് ക്വാട്ട വീതംവെപ്പ്. 45000 സീറ്റുകള്‍ കണക്കാക്കിയാണ് വിവിധ കാറ്റഗറികള്‍ക്കുള്ള ക്വാട്ടകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പുകളുടെ സുരക്ഷാ ഡെപ്പോസിറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്.

12 ഹജ്ജ് സര്‍വീസുകള്‍ നടത്തിയ ഗ്രൂപ്പുകള്‍ കാറ്റഗറി വണ്‍ സ്റ്റാര്‍, ഏഴ് ഹജ്ജ് സര്‍വീസുള്ള ഗ്രൂപ്പ് കാറ്റഗറി വണ്‍, ഹജ്ജ്/ഉംറ ഓപ്പറേഷനില്‍ നിന്ന് ഒരു കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ള ഗ്രൂപ്പ് കാറ്റഗറി രണ്ട് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. വണ്‍ സ്റ്റാര്‍ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഹജ്ജ്/ഉംറ സര്‍വീസില്‍ ഏതെങ്കിലും ഒന്നില്‍ ചുരുങ്ങിയത് അഞ്ച് കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായാല്‍ മതി. നേരത്തെ ശരാശരി അഞ്ച് കോടി വേണമെന്നായിരുന്നു വ്യവസ്ഥ. ഈ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് ക്വാട്ടയുടെ 30 ശതമാനം അനുവദിക്കും. തുടക്കത്തില്‍ 70 സീറ്റുകളാണ് ഒരു ഗ്രൂപ്പിന് നല്‍കുക. സ്വകാര്യ ക്വാട്ട 45000ല്‍ കൂടുകയാണെങ്കില്‍ ഒരു ഗ്രൂപ്പിന് പരമാവധി 120 സീറ്റുകള്‍ വരെ നല്‍കും. ഈ കാറ്റഗറിയില്‍ വരുന്നവര്‍ 35 ലക്ഷം രൂപ സുരക്ഷാ ഡെപ്പോസിറ്റായി കെട്ടിവെക്കണം.

കാറ്റഗറി ഒന്നില്‍ വരുന്നവര്‍ക്ക് ഏഴ് ഹജ്ജ് സര്‍വീസുകള്‍ നടത്തിയ പരിചയം വേണം. ഇവര്‍ക്ക് രണ്ട് മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് കോടി രൂപയുടെ വിറ്റുവരാണ് വേണ്ടത്. ആകെ ക്വാട്ടയുടെ 40 ശതമാനം സീറ്റുകള്‍ ഈ വിഭാഗക്കാര്‍ക്ക് നല്‍കും. ഒരു ഗ്രൂപ്പിന് 60 സീറ്റുകളാണ് അനുവദിക്കുക. ക്വാട്ട കൂടിയാല്‍ ഇത് പരമാവധി 100 സീറ്റ് വരെയാകും. 30 ലക്ഷം രൂപയാണ് സുരക്ഷാ ഡെപ്പോസിറ്റ്.

രണ്ടാം കാറ്റഗറിയില്‍ വരുന്നവര്‍ക്ക് ഒരു കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുണ്ടായാല്‍ മതി. ഇവര്‍ക്ക് 30 ശതമാനം സീറ്റുകള്‍ മാറ്റിവെക്കും. ഇതില്‍ ഓരോ ഗ്രൂപ്പിനും ചുരുങ്ങിയത് 50 സീറ്റുകള്‍ വീതം നല്‍കും. 25 ലക്ഷം രൂപയാണ് സുരക്ഷാ ഡെപ്പോസിറ്റ്.

ഹജ്ജ് തീര്‍ഥാടനം നടത്താന്‍ താത്പര്യമുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഓണ്‍ലൈവഴിയാണ് അപേക്ഷ നല്‍കേണ്ടത്. അക്‌നോളഡ്ജ്‌മെന്റിന്റെ പ്രിന്റ് ഔട്ട് 24ാം തീയതിക്ക് മുമ്പ് സമര്‍പ്പിക്കണം.

2013 മുതല്‍ 2017 വരെയായിരുന്നു സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള നയം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 2018ലും ഇത് തന്നെ തുടര്‍ന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ നയം പുറത്തിറക്കിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് നയ പുനരവലോകന സമിതിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പഠനത്തെ ആസ്പദമാക്കി കേന്ദ്ര ഹജ്ജ് മന്ത്രാലയമാണ് പുതിയ സ്വകാര്യ ഹജ്ജ് നയം തയ്യാറാക്കിയത്. മുന്‍വര്‍ഷത്തെ ഹജ്ജ് നയം വിശകലനം ചെയ്തും സഊദി സര്‍ക്കാറില്‍ നിന്നുള്ള രേഖകളുടെയും അടിസ്ഥാനത്തിലാണ് പുതിയ ഹജ്ജ് നയം രൂപപ്പെടുത്തിയത്.