സംഘ് ബന്ധം; രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍എസ്എസിനെ കൈയൊഴിയുന്നു

Posted on: December 21, 2018 8:55 pm | Last updated: December 22, 2018 at 10:32 am

കോട്ടയം: സമദൂര സിദ്ധാന്തം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന എന്‍ എസ് എസിന് ചുവട് പിഴക്കുന്നു. സംഘ് രാഷ്ട്രീയവുമായി അടുക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ രാഷട്രീയ നേതാക്കള്‍ ശ്രമം തുടങ്ങി.

വനിതാ മതിലിനോട് സഹകരിക്കുന്നവര്‍ക്ക് എന്‍ എസ് എസില്‍ സ്ഥാനമുണ്ടാവില്ലെന്ന സംഘടനാ ജനറല്‍ സെക്രട്ടറി നാരായണ പണിക്കരുടെ നിലപാടിനെ അവജ്ഞയോടെ തള്ളിയിരിക്കയാണ് കേരള കോണ്‍ഗ്രസ് നേതാക്കളായ ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും. ഇതില്‍ ഗണേഷ് കുമാര്‍ പരസ്യമായി തന്നെ എന്‍ എസ് എസ് നിലപാടിനെതിരെ രംഗത്ത് വന്നു.

വനിതാ മതിലിന്റെ പത്തനാപുരം മണ്ഡലം സംഘാടക സമിതി നേതൃസ്ഥാനമേറ്റെടുത്ത ഗണേഷ് കുമാര്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെ തിരുത്തിയിരിക്കയാണ്. വനിതാ മതിലില്‍ ജാതിയും മതവുമില്ല. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാഢിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതില്‍ ആര്‍ക്കും എതിരല്ലെന്ന് പത്തനാപുരത്ത് സംഘാടക സമിതി യോഗത്തില്‍ സംസാരിക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ വനിതാ മതിലിനോട് സഹകരിക്കുന്നത് ഇടതു ജനാധിപത്യമുന്നണിയുടെ ജനപ്രതിനിധിയായാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അതേ സമയം, എന്‍ എസ് എസിനോട് ആഭിമുഖ്യം പുലര്‍ത്തിപ്പോരുന്ന പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും എന്‍ എസ് എസ് നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി. ശബരി മല സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി പരിപാടി വിജയിപ്പിക്കണമെന്നും എന്‍ എസ് എസുകാര്‍ പങ്കെടുക്കണമെന്നുമുള്ള സുകുമാരന്‍ നായരുടെ ആഹ്വാനം തള്ളിയാണ് ചെന്നിത്തല ഇന്നലെ രംഗത്തു വന്നത്. കോണ്‍ഗ്രസുകാരോട് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കരുതെന്ന് ചെന്നിത്തല നിര്‍ദേശം നല്‍കിയിട്ടുണ്ട്.