ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയേ ഗോകുലവും ! ഇന്ത്യന്‍ ആരോസിനോട് തോറ്റു.

Posted on: December 21, 2018 7:35 pm | Last updated: December 21, 2018 at 9:25 pm

കട്ടക്ക്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സിക്ക് മൂന്നാം തോല്‍വി. മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യന്‍ ആരോസാണ് ഗോകുലത്തെ വീഴ്ത്തിയത്. തോല്‍വിയോടെ, ഗോകുലത്തിന്റെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. 66ാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അമര്‍ജിത്ത് സിംഗാണ് ആരോസിന് ജയം സമ്മാനിച്ചത്. വിക്രം സിംഗിനെ ഡാനിയല്‍ എഡോയും കാസ്‌ട്രോയും ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ രണ്ടാമത്തെ ജയമാണിത്. സീസണില്‍ അത്ര ഫോമില്‍ അല്ലാത്ത ഇന്ത്യന്‍ ആരോസിനോടേറ്റ തോല്‍വി ഗോകുലത്തിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ ഗോകുലം റിയല്‍ കശ്മീരിനോട് സമനില വഴങ്ങിയിരുന്നു.

ഒമ്പത് മത്സരങ്ങളില്‍ രണ്ട് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി 10 പോയിന്റുള്ള ഗോകുലം എട്ടാം സ്ഥാനത്തും എട്ട് മത്സരങ്ങളില്‍ ഏഴ് പോയിന്റുള്ള ഇന്ത്യന്‍ ആരോസ് ഒമ്പതാം സ്ഥാനത്തുമാണ്. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും മൂന്ന് സമനിലകളുമക്കം 18 പോയിന്റുമായി ചെന്നൈ സിറ്റിയാണ് ഒന്നാമത്.