തന്തൂരി കൊലക്കേസ്: സുശീല്‍ ശര്‍മയെ മോചിപ്പിക്കണമെന്ന് കോടതി

Posted on: December 21, 2018 7:08 pm | Last updated: December 21, 2018 at 8:59 pm

ന്യൂഡല്‍ഹി: തന്തൂരി കൊലക്കേസില്‍ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട് 23 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍. മുന്‍ നേതാവ് സുശീല്‍ ശര്‍മയെ മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. 1995ല്‍ ഭാര്യ നൈന സാഹ്‌നിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം തന്തൂരി അടുപ്പിലിട്ടു ചുട്ട കേസിലാണ് സുശീല്‍ ശര്‍മയെ ജീവപര്യന്തത്തിനു ശിക്ഷിച്ചത്.

ജീവപര്യന്തവും പിഴയുമടക്കം പരമാവധി ശിക്ഷ പ്രതി അനുഭവിച്ചു കഴിഞ്ഞതായി നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. നിയമപ്രകാരം അനുഭവിക്കേണ്ട ശിക്ഷയുടെ കാലാവധി പിന്നിട്ടിട്ടും ഒരു വ്യക്തിയെ ജയിലില്‍ തന്നെ നിര്‍ത്തുന്നതിന്റെ കാര്യമെന്താണെന്ന് കോടതി ഈയടുത്ത ദിവസം ചോദിച്ചിരുന്നു. അതിക്രൂരമായ കൊലയാണ് നടത്തിയതെങ്കിലും ഇനിയും തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.

ഡി എന്‍ എയെ ആശ്രയിച്ചും രണ്ടു തവണ പോസ്റ്റുമോര്‍ട്ടം നടത്തിയും മറ്റുമാണ് പ്രതിക്കെതിരായ തെളിവുകളെടുത്തത്.