Connect with us

National

ഡല്‍ഹിയിലെ കെട്ടിടം രണ്ടാഴ്ചക്കുള്ളില്‍ ഒഴിയണം; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍. ദേശീയ പത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഡല്‍ഹിയിലെ കെട്ടിടം രണ്ടാഴ്ചക്കുള്ളില്‍ ഒഴിയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
56 വര്‍ഷത്തെ പാട്ടക്കരാര്‍ അവസാനിപ്പിച്ച് കെട്ടിടം ഒഴിയണമെന്ന് കേന്ദ്ര നഗര വികസന മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. പത്തു വര്‍ഷമായി ഇവിടെ ഒരു പത്രവും പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഉത്തരവ്. ഇതിനെതിരെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എ ജെ എല്‍) സമര്‍പ്പിച്ച ഹരജി നേരത്തെ കോടതി തള്ളിയിരുന്നു.

കേസില്‍ നികുതി റിട്ടേണ്‍ പുനപ്പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിന് അനുമതി നല്‍കി സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സോണിയയും രാഹുലും പത്രമേറ്റെടുത്ത 2011-12 സാമ്പത്തിക വര്‍ഷത്തെ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് നല്‍കിയത്. 90 കോടിയുടെ കടമുണ്ടായിരുന്ന അസോസിയേറ്റ് ജേര്‍ണല്‍ ഏറ്റെടുക്കാന്‍ സോണിയയും രാഹുലും യംഗ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയെന്നും ഈ ഇടപാടില്‍ അഴിമതിയുണ്ടെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

അസോസിയേറ്റ് ജേര്‍ണലാണ് നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചിരുന്നത്. കടത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന അസോസിയേറ്റ് ജേര്‍ണലിനെ കരകയറ്റാന്‍ സോണിയയും രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്ന് വായ്പ നല്‍കിയെന്നും ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

Latest