മേഘാലയയിലെ ഖനിയപകടം; പ്രതീക്ഷയില്ലാതെ രക്ഷാസേന

Posted on: December 21, 2018 3:50 pm | Last updated: December 21, 2018 at 3:50 pm

ന്യൂഡല്‍ഹി: മേഘാലയയില്‍ കല്‍ക്കരി ഖനിക്കകത്ത് കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുമ്പോഴും പ്രതീക്ഷയില്ലാതെ ദേശീയ ദുരന്ത പ്രതികരണ സേന. വെള്ളം നിറഞ്ഞതിനാല്‍ ഖനിയില്‍ നിന്ന് ആരെയെങ്കിലും രക്ഷപ്പെടുത്തുക വളരെ പ്രയാസകരമാണെന്ന് സേനയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.

വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ഒരു ദിവസം മുഴുവന്‍ ശ്രമിച്ചെങ്കിലും ഒരു സെന്റിമീറ്റര്‍ പോലും ജലനിരപ്പ് താഴ്ന്നിട്ടില്ല. ഖനിയില്‍ 70 അടിയിലധികം വെള്ളമുണ്ടെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനത്തിന് എട്ട് മുങ്ങല്‍ വിദഗ്ധരുണ്ടെങ്കിലും വെള്ളവും കല്‍ക്കരിയും കൂടിക്കലര്‍ന്നതു മൂലം കാഴ്ച ലഭിക്കാത്ത സ്ഥിതിയുണ്ട്. കൂടുതല്‍ താഴ്ചയിലേക്കു പോകാനും സാധിക്കുന്നില്ല. 300 അടിയോളം താഴ്ചയുള്ള ഖനിയില്‍ നിരവധി ഇടുങ്ങിയ അറകളുണ്ടെന്നതും പ്രശ്‌നമാകുന്നു. സമീപത്തെ നദിയില്‍ വെള്ളം കയറിയതോടെയാണ് ഖനിയിലും വെള്ളം നിറഞ്ഞത്.