2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും; കടകള്‍ അടക്കില്ല

Posted on: December 20, 2018 6:26 pm | Last updated: December 21, 2018 at 10:53 am

കോഴിക്കോട്: 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന വ്യാപാരികളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. ഹര്‍ത്താലുകളുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടും. വ്യാപാരികളുടെയും സ്വകാര്യ ബസ്, ലോറി ഉടമകളുടെയും 36 സംഘടനകളുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

അതേസമയം, വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കടകള്‍ അടച്ചുള്ള സമരം തുടരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനുവരി ആദ്യത്തില്‍ തൃശൂരില്‍ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹര്‍ത്താല്‍ ദിനത്തില്‍ ബസുകളും ലോറികളും സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ യോഗ ശേഷം വ്യക്തമാക്കി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, പെട്രോളിയം ഡിലേഴ്സ് അസോസിയേഷന്‍, ബേക്കറി അസോസിയേഷന്‍ തുടങ്ങി സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.