Connect with us

Sports

ഏഷ്യാ കപ്പിലേക്ക് 16 നാളുകള്‍; ഊര്‍ജമായി ഛേത്രി

Published

|

Last Updated

ന്യൂഡല്‍ഹി: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഏഷ്യാ കപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ തയ്യാറെടുക്കുന്നു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലിപ്പിക്കുന്ന ടീമില്‍ ഒരു താരം മാത്രമാണ് എട്ട് വര്‍ഷം മുമ്പ് ഏഷ്യാ കപ്പ് കളിച്ച സംഘത്തിലുണ്ടായിരുന്നത്. മറ്റാരുമല്ല, ടീം നായകന്‍ സുനില്‍ ഛേത്രി. മുപ്പത്തിനാല് വയസുള്ള ഛേത്രിക്ക് അന്ന് പ്രായം 26 വയസ്.

2011 ഖത്തര്‍ ഏഷ്യാ കപ്പ് പക്ഷേ അത്ര സുഖമുള്ള ഓര്‍മയല്ല ഈ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക്. കളിച്ച മൂന്ന് ഗ്രൂപ്പ് മത്സരത്തിലും തോറ്റാണ് ഇന്ത്യ പുറത്തായത്. എന്നാല്‍, ഇത്തവണ പഴയതു പോലെ ആകില്ലെന്ന ആത്മവിശ്വാസം ഛേത്രിക്കുണ്ട്. കാരണം, കാലം മാറിയിരിക്കുന്നു, ഇന്ത്യന്‍ ഫുട്‌ബോളും ഏറെ മുന്നോട്ട് പോയിരിക്കുന്നു. അന്ന് ടീമില്‍ സീനിയര്‍ താരങ്ങള്‍ തനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്ന് ടീമിലെ യുവതാരങ്ങള്‍ക്ക് ആ പ്രചോദനം തിരിച്ചു നല്‍കുവാന്‍ ശ്രമിക്കും – ഛേത്രി പറഞ്ഞു.

വാചക കസര്‍ത്തില്‍ അല്ല ഗ്രൗണ്ടിലെ പ്രകടനം കൊണ്ടാകണം ഒരു ക്യാപ്റ്റന്‍ സഹതാരങ്ങളെ പ്രചോദിപ്പിക്കേണ്ടത്. ഏഷ്യാ കപ്പില്‍ ഞാനത് ചെയ്യും. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്നവരാണ്, പ്രതിഭാധനന്‍മാരാണ് – ഛേത്രി പറഞ്ഞു.
2005 ല്‍ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ഛേത്രി സ്‌കോറിംഗ് മികവില്‍ പിറകോട്ട് പോയിട്ടില്ല. 103 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 65 ഗോളുകളാണ് ഛേത്രി നേടിയത്. ഇതാകട്ടെ, ഇന്ത്യന്‍ റെക്കോര്‍ഡാണ്.
ഇന്ത്യന്‍ നിരയിലെ ഏക സൂപ്പര്‍ താരം എന്ന വിശേഷണം മാധ്യമങ്ങള്‍ ഛേത്രിക്ക് നല്‍കാറുണ്ട്. എന്നാല്‍, ഇത്തരം വിശേഷണങ്ങളോട് ഛേത്രിക്ക് എതിര്‍പ്പാണ്.

ടീമില്‍ എല്ലാവരും മികച്ചവരാണ്. ഡിഫന്‍ഡര്‍ സന്ദേശ് ജിംഗന്‍, ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ്, സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുല എന്നിവര്‍ക്കൊപ്പം കളിക്കുമ്പോള്‍ വലിയ ഉത്തരവാദിത്വങ്ങള്‍ തനിക്കില്ല.
ടീമില്‍ തന്റെ ജോലി എളുപ്പമാവുകയാണ്, കഠിനാധ്വാനം ചെയ്യുന്ന സഹതാരങ്ങളുണ്ടാകുമ്പോള്‍ – ഛേത്രി സഹതാരങ്ങളെ പ്രകീര്‍ത്തിക്കുന്നു.

ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടാന്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ആറേഴ് കളിക്കാരാണ്. അവരില്‍ അങ്ങേയറ്റം പ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.
ജനുവരി അഞ്ചിന് ബഹ്‌റൈനിലെ യു എ ഇയില്‍ ഏഷ്യന്‍ കപ്പ് ആരംഭിക്കും. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ജനുവരി ആറിന് തായ്‌ലന്‍ഡിനെ നേരിടും.

ആദ്യ മത്സരത്തില്‍ നിന്ന് പരമാവധി പോയിന്റ് നേടുകയാണ് ലക്ഷ്യം. ഗ്രൂപ്പില്‍ തുടക്കത്തില്‍ തന്നെ മേധാവിത്വം നേടുക വലിയ ടൂര്‍ണമെന്റുകളില്‍ പ്രധാനമാണ്.
ഞങ്ങള്‍ കളിക്കാരെല്ലാം അതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ടൂര്‍ണമെന്റിനിടെ കളിക്കാര്‍ക്ക് പരുക്കേല്‍ക്കരുതെയെന്ന പ്രാര്‍ഥനയാണുള്ളത്. രാജ്യത്തിന് അഭിമാന നേട്ടം കൊണ്ടുവരികയാണ് ലക്ഷ്യം – ഛേത്രി പറഞ്ഞു.

ഗ്രൂപ്പ് എ
ബഹ്‌റൈന്‍
ഇന്ത്യ
തായ്‌ലന്‍ഡ്
യു എ ഇ

ഗ്രൂപ്പ് ബി
ആസ്‌ത്രേലിയ
ജോര്‍ദാന്‍
ഫലസ്തീന്‍
സിറിയ

ഗ്രൂപ്പ് സി
ചൈന
ദക്ഷിണ കൊറിയ
കിര്‍ഗിസ്ഥാന്‍
ഫിലിപ്പൈന്‍സ്

ഗ്രൂപ്പ് ഡി
ഇറാന്‍
ഇറാഖ്
വിയറ്റ്‌നാം
യെമന്‍

ഗ്രൂപ്പ് ഇ
ഉത്തര കൊറിയ
ലെബനന്‍
ഖത്തര്‍
സഊദി അറേബ്യ

ഗ്രൂപ്പ് എഫ്
ജപ്പാന്‍
ഒമാന്‍
തുര്‍ക്‌മെനിസ്ഥാന്‍
ഉസ്‌ബെക്കിസ്ഥാന്‍