ആരാണ് ഈ പുതിയ ചക്രവര്‍ത്തി

Posted on: December 20, 2018 9:51 am | Last updated: December 20, 2018 at 9:51 am

മുംബൈ: ഐ പി എല്‍ ലേലത്തില്‍ വരുണ്‍ ചക്രവര്‍ത്തി 8.4 കോടി മൂല്യമുള്ള താരമായപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. ഇത്രയും നാള്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു പേര്. ആരാണിയാള്‍ എന്നന്വേഷിക്കാന്‍ തുടങ്ങി ക്രിക്കറ്റ് ലോകം. രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് അധികം പേരുകേള്‍ക്കാത്ത താരമാണ് വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്ത് നടത്തിയ ശ്രദ്ധേയമായ പ്രകടനം താരത്തെ 8.4 കോടി രൂപക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തിച്ചു.

തമിഴ് നാട്ടുകാരനായ വരുണ്‍ ഇടങ്കൈയ്യന്‍ സ്പിന്നറാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ക്രിക്കറ്റ് കളി ആരംഭിച്ച താരം പിന്നീട് ബൗളിങ്ങിലേക്ക് മാറുകയായിരുന്നു. സ്‌കൂള്‍ കാലത്തിന് ശേഷം ക്രിക്കറ്റ് ഉപേക്ഷിച്ച വരുണ്‍ കോളേജ് പഠനത്തിനുശേഷം രണ്ടുവര്‍ഷത്തിനുശേഷമാണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.

സിഎസ്‌കെ കെകെആര്‍ ടീമുകള്‍ക്കുവേണ്ടി നെറ്റ്‌സില്‍ പന്തെറിയാന്‍ അവസരം ലഭിച്ചത് കരിയറിലെ വഴിത്തിരിവായി. തമിഴ് നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചശേഷം വിജയ് ഹസാരെ ട്രോഫിയില്‍ 22 വിക്കറ്റുമായി നേട്ടം കൊയ്തു. ക്രിക്കറ്റ് വിനോദമായി മാത്രം കണ്ടിരുന്ന താരം ഒടുവില്‍ ഐപിഎല്ലിലൂടെ ഏതൊരു കളിക്കാരനും കൊതിക്കുന്ന പ്രൊഫഷണല്‍ താരമായി മാറുകയാണ്.

പുതിയ സീസണിലേക്കുള്ള ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വാരിയത് കോടികള്‍. ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, ജാദവ് ഉനദ്കട്ട് എന്നിവര്‍ക്കെല്ലാം പൊന്നുംവിലയാണ് ലഭിച്ചത്.