Connect with us

Editorial

വെളിച്ചെണ്ണയിലും സര്‍വത്ര മായം

Published

|

Last Updated

കേരം തിങ്ങിനിറഞ്ഞ കേരളത്തില്‍ ശുദ്ധമായ വെളിച്ചെണ്ണ കിട്ടാനില്ലാത്ത അവസ്ഥയാണിന്ന്. പാക്കറ്റുകളിലും അളന്നും തൂക്കിയും കാനുകളില്‍ വാങ്ങുന്ന വെളിച്ചെണ്ണയിലുമെല്ലാം മായം. പരിശോധനയില്‍ വ്യാജനാണെന്ന് കണ്ടെത്തിയ 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചൊവ്വാഴ്ച നിരോധിച്ചു. മെയ് 31ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണ്‍ 30ന് 51 ബ്രാന്‍ഡും നിരോധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം നിരോധിച്ച ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെ എണ്ണം 170 ആയി.

വെളിച്ചെണ്ണ വില ഉയരുമ്പോഴാണ് വ്യാജന്മാര്‍ കൂടുതലായി രംഗത്തെത്തുന്നത്. ചില്ലറ വില ലിറ്ററിന് 250 രൂപ വരെ എത്തിയിരുന്നു ആഴ്ചകള്‍ക്ക് മുമ്പ്. വില കുറഞ്ഞ വിവിധ ഭക്ഷ്യഎണ്ണകള്‍ വിപണിയിലുണ്ടെങ്കിലും സംസ്ഥാനത്ത് പൊതുവെ വെളിച്ചെണ്ണക്ക് ആവശ്യക്കാര്‍ ധാരാളമാണ്. കേരളത്തിലെ പ്രതിദിന വെളിച്ചെണ്ണ ഉപയോഗം ശരാശരി മൂന്ന് ലക്ഷം ലിറ്റര്‍ വരും. വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്നും മറ്റും ഇതര എണ്ണക്കമ്പനിക്കാര്‍ പ്രചാരണം നടത്തിയിരുന്നെങ്കിലും സംസ്ഥാനത്ത് അത് വലിയ പ്രതിഫലനമൊന്നും സൃഷ്ടിച്ചില്ല. കേരളീയരുടെ വെളിച്ചെണ്ണയോടുള്ള ഈ ആഭിമുഖ്യം ചൂഷണം ചെയ്താണ് വ്യാജന്മാര്‍ വിപണി കൈയടക്കുന്നത്. കേരളത്തില്‍ 600ന് മുകളില്‍ വെളിച്ചെണ്ണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗുണനിലവാരം കുറഞ്ഞതും പാമോയിലിന്റെ അനുബന്ധ ഉത്പന്നവുമായ പാം കെര്‍ണല്‍ എണ്ണയും കെമിക്കല്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച പാരഫിന്‍ ദ്രാവകവുമാണ് മുഖ്യമായും വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നത്. പെട്രോള്‍ ഉത്പന്നമാണ് പാരഫിന്‍. നിറവും മണവുമില്ലാത്തതിനാല്‍ ഇത് കലര്‍ത്തിയാല്‍ തിരിച്ചറിയാനാകില്ല. കേരളത്തിലെ വ്യാവസായിക ആവശ്യത്തിനു വേണ്ടതിനേക്കാള്‍ ഇരട്ടിയോളം പാരഫിന്‍ കൊച്ചിയില്‍ എത്തുന്നുണ്ട്. കൂടുതല്‍ വരുന്നത് വെളിച്ചെണ്ണയില്‍ ചേര്‍ക്കുകയാണെന്നാണ് വിവരം. പാം കെര്‍ണല്‍ എണ്ണ ഭക്ഷ്യ എണ്ണയായി കണക്കാക്കുന്നുണ്ടെങ്കിലും വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. മില്ലുകളില്‍ കൊപ്ര ആട്ടുമ്പോള്‍ തന്നെ ചക്കിലേക്ക് ഓയില്‍ ഒഴിക്കുകയോ പാം കെര്‍ണല്‍ എണ്ണയിലേക്ക് കൊപ്രയുടെ ചെറിയ ചീളുകള്‍ ചേര്‍ത്തു ഇളക്കിയോ 20 ശതമാനം നല്ല വെളിച്ചെണ്ണയുമായി കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ചക്കില്‍ പലവട്ടം കറങ്ങി വെളിച്ചെണ്ണയുമായി ചേരുമ്പോള്‍ വെളിച്ചെണ്ണയുടെ അതേനിറവും മണവും കൈവരും. ഒറ്റനോട്ടത്തിലോ മണത്തുനോക്കിയാലോ മായം തോന്നുകയില്ല. നല്ല വെളിച്ചെണ്ണക്ക് കിലോക്ക് 200 രൂപയാണ് വിലയെങ്കില്‍ പാംഓയിലിന് 84 രൂപയേ വരൂ.

തമിഴ്‌നാട്ടിലെ മങ്കയത്ത് നിന്നാണ് പാംഓയില്‍ കൂടുതലും കേരളത്തിലെത്തുന്നത്. സംസ്ഥാനത്തെ എണ്ണ ഉത്പാദക കേന്ദ്രങ്ങളില്‍ നിന്നാണ് അവ വെളിച്ചെണ്ണയുമായി കൂട്ടിക്കലര്‍ത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് പാക് ചെയ്തും എത്തിക്കുന്നുണ്ട്. ഓയിലുകള്‍ക്കൊപ്പം വെളിച്ചെണ്ണയുടെ മണം ലഭിക്കുന്ന രാസവസ്തുക്കളും ചേര്‍ക്കും. എന്നാല്‍, പാചകം ചെയ്യുമ്പോള്‍ ഈ ഗന്ധം നിലനില്‍ക്കില്ല. ചില ചില്ലറ കച്ചവടക്കാര്‍ വെളിച്ചെണ്ണയില്‍ സൂര്യകാന്തി എണ്ണ ചേര്‍ത്ത് കച്ചവടം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സോപ്പ് നിര്‍മാണത്തിനായാണ് പാം കെര്‍ണല്‍ എണ്ണ വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്. ഇത് കൂടുതല്‍ അളവില്‍ ഉള്ളിലെത്തിയാല്‍ ദഹനേന്ദ്രിയ വ്യൂഹത്തിന് തകരാറ് വരുത്തും. പാരഫിന്‍ ദ്രാവകം അകത്തുചെന്നാല്‍ സന്ധിവേദനയും ആമാശയ അള്‍സറും ഉണ്ടാകാമെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലില്‍ 1985ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പാക്കറ്റില്‍ തീര്‍ത്തും ശുദ്ധം എന്നു പ്രിന്റ് ചെയ്തും എസ് എ ഐ, അഗ്മാര്‍ക്ക് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ മുദ്ര പതിപ്പിച്ചുമൊക്കെയാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കേര നന്മ, കേരരുചി, കേരളീയനാട് തുടങ്ങി കേര ഫെഡിന്റെ കേര വെളിച്ചെണ്ണക്ക് സമാനമായ പേരിലും ധാരാളം വ്യാജന്മാര്‍ ഇറങ്ങുന്നുണ്ട്. ചൊവ്വാഴ്ച നിരോധിച്ച 74 ഇനങ്ങളില്‍ മുപ്പതോളവും ജൂലൈയില്‍ നിരോധിച്ച 51 ഇനങ്ങളില്‍ 22 എണ്ണത്തിനൊപ്പവും ജൂണ്‍ ഒന്നിന് നിരോധിച്ച 45 ബ്രാന്‍ഡില്‍ 19 എണ്ണത്തിലും “കേര” എന്ന പേരുണ്ട്.

സംസ്ഥാനത്ത് മായം ചേര്‍ന്ന വെളിച്ചെണ്ണയുടെ വിപണനം അവസാനിപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കാനായിട്ടില്ല. ഹൈക്കോടതി ഇടപെട്ട് ചില വെളിച്ചെണ്ണ സാമ്പിളുകള്‍ പൂനെയിലെ സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ലാബിലേക്ക് അയച്ചു പരിശോധന നടത്തിച്ചപ്പോള്‍ അവയില്‍ ഒരു സാമ്പിള്‍ പോലും നിശ്ചിത മാനദണ്ഡങ്ങള്‍ പുലര്‍ത്തിയിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ചില സാമ്പിളുകളില്‍ അയഡിന്‍ തോത് അപകടകരമായ രീതിയിലായിരുന്നു. മായം തടയാന്‍ നിയമമുണ്ടെങ്കിലും സംസ്ഥാനത്ത് വില്‍ക്കുന്ന എണ്ണകളുടെ ഗുണനിലവാരം പരിശോധിച്ച് മായം കലര്‍ന്നവക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥ കാണിക്കുന്നുവെന്നാണ് പരാതി. ഉത്സവ, ആഘോഷ വേളകളിലാണ് കൂടുതലായും പരിശോധന നടക്കാറ്. അത് കഴിയുന്നതോടെ പരിശോധനയും നിലക്കും. വ്യാജലോബികളില്‍ നിന്ന് മാസപ്പടി വാങ്ങി അവര്‍ക്ക് എല്ലാ ഒത്താശയും നല്‍കുന്നവരുമുണ്ടത്രെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരില്‍. പിടിക്കപ്പെട്ടാല്‍ ആയിരമോ രണ്ടായിരമോ പിഴ ഈടാക്കി പരിഹരിക്കുകയും ചെയ്യും. ഒരു ലിറ്ററിന്റെ പാക്കറ്റിന്മേല്‍ നൂറ് രൂപയോളം ലാഭം ലഭിക്കുന്ന വ്യാജലോബികള്‍ക്ക് ഈ പിഴത്തുക നിസ്സാരം.

Latest