കണ്ണുരുട്ടലും ഭീഷണിയും ഇങ്ങോട്ട് വേണ്ട; എന്‍എസ്എസിന് മുഖ്യമന്ത്രിയുടെ മറുപടി

Posted on: December 19, 2018 7:04 pm | Last updated: December 20, 2018 at 9:40 am

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഭീഷണി ഉണ്ടാകുമെന്നും കണ്ണുരുട്ടലും ഭീഷണിയും വേണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാറല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കോണ്‍ഗ്രസിനെയും ആര്‍.എസ്.എസിനെയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.

കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് സമരസപ്പെടുകയാണ് കോണ്‍ഗ്രസ്. ആര്‍.എസ്.എസിന്റെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. ഒടുവില്‍ കോണ്‍ഗ്രസിനെ ആര്‍.എസ്.എസ് വിഴുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങള്‍ മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ലെന്നും അതിന് ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇന്ന് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.