Connect with us

National

നിയമസഭയിലിരുന്ന് ഫോണില്‍ സ്ത്രീകളുടെ ചിത്രം കണ്ടു; കാമറയില്‍ കുരുങ്ങി കര്‍ണാടക എം എല്‍ എ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം നടക്കവെ എം എല്‍ എ മൊബൈല്‍ ഫോണില്‍ സ്ത്രീകളുടെ ചിത്രം നോക്കിക്കൊണ്ടിരിക്കുന്ന ദൃശ്യം സി സി ടി വി കാമറയില്‍ കുടുങ്ങി. സഭയില്‍ ബി എസ് പിയുടെ ഏക അംഗമായ എന്‍ മഹേഷാണ് സഭയിലിരുന്ന് നിരുത്തരവാദപരമായ രീതിയില്‍ പ്രവര്‍ത്തിച്ചത്. സംഭവം വാര്‍ത്തയായതോടെ സ്വയം ന്യായീകരിച്ചും മാധ്യമങ്ങളെ പഴിച്ചും എം എല്‍ എ രംഗത്തെത്തി.

സഭയില്‍ ഫോണില്‍ നോക്കിയിരുന്നു എന്നത് ശരിയാണ്. അത് എന്റെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ്. ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ല. എന്റെ മകന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് സുഹൃത്ത് അയച്ചുതന്ന പെണ്‍കുട്ടിയുടെ ഫോട്ടോയാണ് നോക്കിയത്. അതിനെ മോശം അര്‍ഥത്തില്‍ പ്രചരിപ്പിക്കരുത്. എല്ലാറ്റിനും പ്രത്യേക നിറം നല്‍കി അവതരിപ്പിക്കുന്നത് എന്തുതരം മാധ്യമ പ്രവര്‍ത്തനമാണ്. എനിക്കിങ്ങനെ പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്- എം എല്‍ എ പറഞ്ഞു. എം എല്‍ എ ഫോണില്‍ സ്ത്രീകളുടെ ചിത്രം നോക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

2014ല്‍ നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ട് അന്നത്തെ സ്്പീക്കര്‍ കഗൊഡു തിമ്മപ്പ ഉത്തരവിട്ടിരുന്നു. ബി ജെ പി എം എല്‍ എ. പ്രഭു ചവാന്‍ മൊബൈലില്‍ സ്ത്രീയുടെ ചിത്രം നോക്കുന്നത് കാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. 2012ല്‍ സഭയില്‍ പോണ്‍ വീഡിയോകള്‍ കണ്ടത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ബി ജെ പി മന്ത്രിമാരായ ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍, ജെ കൃഷ്ണ പലേമര്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

Latest